ഒരേ ഇരിപ്പാണോ കസേരയില്‍; ഇടയ്ക്ക് എഴുന്നേറ്റില്ലെങ്കില്‍ പിന്നെ പാടുപെടും; പക്ഷാഘാതവും വില്ലനായെത്തും
സമീപകാലത്തായി പക്ഷാഘാതം മൂലമുള്ള മരണങ്ങള്‍ ലോകമെമ്പാടും വര്‍ധിച്ചത് ആശങ്കയ്ക്കിടയാക്കുന്നതാണ്. ഇപ്പോഴും പക്ഷാഘാതത്തെ ഗൗരവമായി ആളുകള്‍ കാണുന്നില്ല എന്നതാണ് ഏറ്റവും വലിയ ദുഖസത്യം. അടിയന്തരമായി വൈദ്യസഹായം ആവശ്യമുള്ള അത്യാഹിതമാണ് പക്ഷാഘാതം. തലച്ചോറിലേക്കുള്ള രക്ത വിതരണം തടസപ്പെടുമ്പോള്‍ തലച്ചോറിനുണ്ടാകുന്ന ആഘാതമാണ് പക്ഷാഘാതം. ആശുപത്രിയിലെത്തിക്കാന്‍ എത്ര വൈകുന്നോ രോഗിയെ പഴയ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരുന്നതിനുള്ള സാധ്യതയും കുറയും.
പക്ഷാഘാതം എല്ലാ വര്‍ഷവും ദശലക്ഷക്കണക്കിന് ആളുകളെയാണ് ബാധിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം പ്രതിവര്‍ഷം 12 ദശലക്ഷത്തിലധികം ആളുകള്‍ക്ക് പക്ഷാഘാതം സംഭവിക്കുന്നു. ലോകമെമ്പാടുമായി ഏകദേശം 6.5 ദശലക്ഷം മരണങ്ങളാണ് സംഭവിക്കുന്നത്.

യുകെയില്‍ ഓരോ അഞ്ച് മിനിറ്റിലും ഒരാള്‍ക്ക് പക്ഷാഘാതം സംഭവിക്കുന്നു. ജീവിതശൈലി പക്ഷാഘാതം പ്രതിരോധിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു. ദീര്‍ഘനേരം ഇരിക്കുന്നതും പക്ഷാഘാതത്തിന് കാരണമാകും.
ഉച്ചകഴിഞ്ഞ് ദീര്‍ഘനേരം ഇരിക്കുന്നത് ഇപ്പോഴുള്ള ചെറുപ്പക്കാരുടെ ശീലമാണ്. പ്രത്യേകിച്ച് ഐടി അടക്കമുള്ള മേഖലകളില്‍. പലരും ഇതിന്റെ പ്രത്യാഘാതങ്ങള്‍ അവഗണിക്കുന്നു. ദീര്‍ഘനേരം അനങ്ങാതിരിക്കുന്നത് ശരീരത്തിലെ രക്തചംക്രമണം കുറയ്ക്കുന്നു. ഇതുകൂടാതെ രക്തസമ്മര്‍ദവും ശരീരഭാരവും വര്‍ധിക്കുന്നു. ഇതെല്ലാം കാലക്രമേണ പക്ഷാഘാത സാധ്യത വര്‍ധിപ്പിക്കും.
ഒറ്റനോട്ടത്തില്‍, ഈ ഇരിപ്പ് നിരുപദ്രവകരമായി തോന്നിയേക്കാം, എന്നാല്‍ ഗുരുതരമായ പ്രശ്‌നങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്. ജാമ കാര്‍ഡിയോളജി എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍, പതിവായി ശരീരം ചലിക്കുന്നവരെ അപേക്ഷിച്ച്, പ്രതിദിനം 10 മണിക്കൂറില്‍ കൂടുതല്‍ ഇരിക്കുന്ന മുതിര്‍ന്നവര്‍ക്ക് പക്ഷാഘാതം ഉള്‍പ്പെടെയുള്ള ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
മണിക്കൂറുകളോളം ഇരിക്കുമ്പോള്‍ രക്തയോട്ടം മന്ദഗതിയിലാകുന്നു, പ്രത്യേകിച്ച് കാലുകളില്‍, ഇത് രക്തം കട്ടപിടിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ശരീരഭാരം കൂടുന്നതും അപകടമാണ്. ശരീരം അനങ്ങാതെ ഇരിക്കുമ്പോള്‍ കലോറി എരിച്ചുകളയാതെ അവശേഷിക്കുന്നു. ഇത് അമിതവണ്ണത്തിനും കൊളസ്‌ട്രോള്‍ വര്‍ധിക്കുന്നതിനും കാരണമാകും. ഇവ രണ്ടും പക്ഷാഘാത സാധ്യത വര്‍ധിപ്പിക്കുന്നു.
അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ജേണലായ സ്‌ട്രോക്കില്‍ പ്രസിദ്ധീകരിച്ച ഗവേഷണം ചൂണ്ടിക്കാണിക്കുന്നത് ചെറിയ വ്യായാമം പോലും രക്തസമ്മര്‍ദം കുറയ്ക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യും.
പക്ഷാഘാതത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍:
ഓരോ 30-60 മിനിറ്റിലും എഴുന്നേറ്റു നിന്ന് ശരീരം സ്‌ട്രെച്ച് ചെയ്യുക.
ഫോണ്‍ കോളുകള്‍ക്കിടയില്‍ നടക്കുക.
ലിഫ്റ്റിന് പകരം പടികള്‍ ഉപയോഗിക്കുക.
ഇരിക്കുന്നതിനും നില്‍ക്കുന്നതിനും ഇടയില്‍ മാറിമാറി വ്യായാമം ചെയ്യുക.
ഓഫീസിലേക്കുള്ള യാത്രയില്‍ നടത്തവും ഉള്‍പ്പെടുത്തുക
ഉച്ചഭക്ഷണത്തിന് ശേഷം ചെറിയ ദൂരം നടക്കുക. ഇത് ദഹനത്തിനും രക്തചംക്രമണത്തിനും സഹായിക്കും. കാലക്രമേണ, ഈ ചെറിയ ശീലങ്ങള്‍ നിങ്ങളുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.












Click it and Unblock the Notifications