മുഖം തിളങ്ങും..ചർമ്മത്തിന് മൃദുത്വം ഉറപ്പ്, കറ്റാർവാഴ ഇങ്ങനെ ഉപയോഗിക്കാം
തിളക്കമുള്ള ചർമ്മം വേണമെന്ന് ആഗ്രഹിക്കാത്തവർ കാണില്ല.
അതിനായി മാർക്കറ്റിൽ ലഭ്യമായ പല ഉല്പന്നങ്ങളും വാങ്ങി ചെറുതും വലുതുമായ പരീക്ഷണങ്ങളും നടത്തി പരാജയപ്പെട്ടിട്ടുമുണ്ടാകും. എന്നാൽ ചർമ്മത്തിന്‍റെയും സൗന്ദര്യത്തിന്‍റെയും കാര്യത്തിൽ ദോഷങ്ങളോ ആശങ്കകളോ ഇല്ലാതെ വിശ്വസിക്കുവാൻ പറ്റിയത് പ്രകൃതിദത്തമായ ഉത്പന്നങ്ങൾ മാത്രമാണെന്നതാണ് യാഥാർത്ഥ്യം. ചുറ്റും ഒന്നു കണ്ണോടിച്ച് നോക്കിയാൽ നമ്മുക്ക് എളുപ്പത്തിൽ ലഭ്യമായ, വേഗത്തിൽ തയ്യാറാക്കാവുന്ന, ചർമ്മത്തെ സുന്ദരമാക്കുന്ന കൂട്ടുകൾ കാണാം.
മുഖസൗന്ദര്യത്തിന് ഏറ്റവും പ്രകൃതിദത്തമായ മാർഗങ്ങളിലൊന്നാണ് കറ്റാർവാഴ. തിളക്കമുള്ള, ചുളിവ് കുറഞ്ഞ ചർമ്മം സ്വന്തമാക്കാൻ സഹായിക്കുന്ന ഇതിൽ വൈറ്റമിനുകൾ, ധാതുക്കൾ, എൻസൈമുകൾ, ആന്‍റി ഓക്സഡന്‍റുകൾ എന്നിങ്ങനെ ആവശ്യമായ ധാരാളം ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. വിവിധ പഠനങ്ങൾ അനുസരിച്ച് ചർമ്മത്തിന് മൃദുത്വം നല്കുന്ന, നിറം വർധിപ്പിക്കുന്ന,ചുളിവുകളും പാടുകളും കുറയ്ക്കുന്ന, അകാല വാർധക്യത്തെ ഇല്ലാതാക്കുന്ന സവിശേഷതകൾ കറ്റാർ വാഴ ജെല്ലിൽ അടങ്ങിയിട്ടുണ്ട്.

ഇത്തരത്തിൽ ഏറ്റവും എളുപ്പത്തിൽ നമ്മുടെ മുറ്റത്തുള്ള കറ്റാർവാഴ ഉപയോഗിച്ച് ചർമ്മത്തെ എങ്ങനെ തിളക്കവും സുന്ദരവും ആക്കാമെന്ന് നോക്കിയാലോ.. വളരെ ലളിതമായ ചില തയ്യാറെടുപ്പുകളിലൂടെ, അടുക്കളയിലും തൊടിയിലും ലഭ്യമായ ചില ചേരുവകളിലൂടെ കറ്റാർവാഴ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് വായിക്കാം.
കറ്റാർവാഴ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഫേസ് മാസ്കുകൾ
തേന്‍ - കറ്റാര്‍വാഴ ഫേസ് മാസ്ക്
രണ്ട് ടേബിൾ സ്പൂൺ കറ്റാർവാഴ ജെല്ലും ഒരു ടേബിൾ സ്പൂൺ ജെല്ലും ചേര്‍ത്ത ഈ മിശ്രിതം തയ്യാറാക്കാം. ഇത് മുഖത്ത് തേച്ച് 20 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയം.
വെള്ളരിക്ക - കറ്റാര്‍വാഴ ഫേസ് മാസ്ക്
അര കഷ്ണം വെള്ളരിക്കയും രണ്ട് ടേബിൾസ്പൂൺ കറ്റാർവാഴ ജെല്ലും ചേർത്ത് തയ്യാറാക്കിയ മിശ്രിതം മുഖത്ത് തേച്ചുപിടിപ്പിച്ച ശേഷം 15 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം.
നാരങ്ങ - കറ്റാര്‍വാഴ ഫേസ് മാസ്ക്
ഒരു ടീ സ്പൂൺ നാരങ്ങാ നീരിൽ രണ്ട് ടേബിൾ സ്പൂൺ കറ്റാർവാഴ ജെല്‍ ചേർത്ത് തയ്യാറാക്കാവുന്ന ഫേസ് മാസ്ക് ആർക്കും പരീക്ഷിക്കാവുന്ന ഒന്നാണ്. മുഖത്ത് ഇട്ട് 15 മിനിറ്റിനു ശേഷം വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം.
ഗ്രീൻ ടീ - കറ്റാര്‍വാഴ ഫേസ് മാസ്ക്
ഒരു കപ്പ് ഗ്രീൻ ടീ തയ്യാറാക്കി അത് തണുപ്പിക്കുക. ണ്ട് ടേബിൾ സ്പൂൺ കറ്റാർവാഴ ജെല്ലിലേക്ക് ഒരു ടേബിൾ സ്പൂൺ ഗ്രീൻ ടീ കൂടി ചേർത്ത് മുഖത്തിടാം. ഒരു പതിനഞ്ച് മിനിറ്റിന് ശേഷം വെള്ളമുപയോഗിച്ച് മുഖം കഴുകാം.
നേന്ത്രപ്പഴം - കറ്റാര്‍വാഴ ഫേസ് മാസ്ക്
നന്നായി ഉടച്ച അരകഷ്ണം നേന്ത്രപ്പഴത്തിലേക്ക് രണ്ട് ടേബിൾ സ്പൂൺ കറ്റാർവാഴ ജെൽ ചേർത്ത് മുഖത്ത് തേക്കാം, 15 മിനിറ്റിനു ശേഷം വെള്ളം ഉപയോഗിച്ച് കഴുകിക്കളയണം.
റോസ് വാട്ടർ - കറ്റാര്‍വാഴ ഫേസ് മാസ്ക്
രണ്ട് ടേബിൾസ്പൂൺ കറ്റാർവാഴ ജെല്ലിൽ ഒരു ടേബിൾ സ്പൂൺ റോസ് വാട്ടര്‍ ചേർത്ത് തയ്യാറാക്കാവുന്ന ഫേസ് മാസ്ക് എളുപ്പമുള്ള ഒന്നാണ് .ഇത് മുഖത്തു തേച്ച് 15 മിനിറ്റിനു ശേഷം വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം.
കറ്റാർവാഴ ഫേസ് മാസ്ക് ഉപയോഗിക്കുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പൊതുവേ ദോഷമില്ലാത്തതാണ് കറ്റാർവാഴയെങ്കിലും ചില ആളുകളിൽ ഇത് അലര്‍ജിക്കും മറ്റുചില അസ്വസ്ഥതകള്‍ക്കും കാരണമാകാറുണ്ട്. ചൊറിച്ചിൽ, തടിപ്പ്, തിണർപ്പ്,പൊള്ളൽ എന്നിങ്ങനെ പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ ചിലപ്പോൾ ഉണ്ടായേക്കാം. ഇത് ഒഴിവാക്കുന്നതിനായി അലോവേര മാസ്ക് മുഖത്തിടുന്നതിന് മുൻപ് ശരീരത്തിലെവിടെയെങ്കിലും ഒരു ചെറിയ പാച്ച് ടെസ്റ്റ് നടത്തി സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തണം.
ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രം കറ്റാർവാഴ മാസ്കുകൾ ഉപയോഗിച്ചാൽ മതിയാകും. പകൽ കറ്റാർ വാഴ ഫേസ് മാസ്ക് ഉപയോഗിക്കുകയാണെങ്കിൽ, സൂര്യപ്രകാശത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സൺസ്ക്രീൻ ഉപയോഗിക്കുക. ഫേസ് മാസ്കുകൾ ഉപയോഗിക്കുമ്പോൾ ഏതെങ്കിലും തരത്തിലുള്ള പാർശ്വഫലങ്ങൾ അനുഭവപ്പെട്ടാൽ ഉപയോഗം നിർത്തി മുഖം നന്നായി കഴുകുക. ഇത് തുടരുകയാണെങ്കിൽ ചർമ്മരോഗ വിദഗ്ദനെ സമീപിക്കാനും മറക്കരുത്.












Click it and Unblock the Notifications