കഞ്ഞിവെള്ളം കൊണ്ട് ഇങ്ങനെയും ഉപകാരമോ? കൈകള്‍ മുക്കിവയ്ക്കുമ്പോഴുണ്ടാകുന്ന മാറ്റം ഇതാണ്
കഞ്ഞിവെള്ളം മുടിക്കും ചര്‍മസംരക്ഷണത്തിനും ഏറെ നല്ലതാണെന്ന് നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്. സില്‍ക്ക് പോലെയുള്ള മുടിക്കായി കഞ്ഞിവെള്ളം കൊണ്ട് മുടി കഴുകുന്നത് ഏറെ നല്ലതാണ്. അതുപോലെ ചര്‍മ്മ സംരക്ഷണത്തിനായി കഞ്ഞിവെള്ളം കൊണ്ട് പലതരം ഫേസ് മാസ്‌ക്കുകളും നിര്‍മ്മിക്കാം. എന്നാല്‍ കഞ്ഞിവെള്ളം കൊണ്ട് മറ്റൊരു ഉപയോഗവും ഉണ്ടെന്ന് പലര്‍ക്കും അറിയാത്ത കാര്യമാണ്.
നഖങ്ങളുടെ തിളക്കം വീണ്ടെടുക്കാനും നഖങ്ങള്‍ ദുര്‍ബലമായി പൊട്ടുന്നതു തടയാനും കഞ്ഞി വെള്ളത്തിന് കഴിവുള്ളത് പലര്‍ക്കും അറിയാത്ത ഒരു ബ്യൂട്ടി ടിപ്പാണ്. കഞ്ഞിവെള്ളം കൊണ്ട് നഖത്തിനുണ്ടാകുന്ന ഗുണങ്ങള്‍ ഇതാണ്:
ദുര്‍ബലമായ നഖങ്ങളെ ശക്തിപ്പെടുത്തുന്നു
നഖങ്ങളുടെ വളര്‍ച്ച വേഗത്തിലാക്കുന്നു
തിളക്കവും മിനുസവും നല്‍കുന്നു
നഖം പിളരുന്നത് തടയുന്നു
ചര്‍മ്മകോശങ്ങളെ പോഷിപ്പിക്കുന്നു
അണുബാധകളില്‍ നിന്ന് സംരക്ഷിക്കുന്നു

പാത്രം കഴുകുന്ന സോപ്പിന്റെ നിരന്തരമായ ഉപയോഗം കൊണ്ടും മറ്റും വിണ്ടുകീറുന്ന നഖങ്ങള്‍ക്ക് പുതുജീവന്‍ പകരാന്‍ കഞ്ഞിവെള്ളം ഉപയോഗിച്ചാല്‍ മതി. ദുര്‍ബലമായ നഖങ്ങളെ ശക്തിപ്പെടുത്താനും തിളക്കം വീണ്ടെടുക്കാനും ആരോഗ്യം നല്‍കാനുമൊക്കെ കഞ്ഞിവെള്ളത്തില്‍ കൈ മുക്കി വെക്കാം.
പ്രോട്ടീനുകളുടെ അടിസ്ഥാന നിര്‍മ്മാണ ഘടകമായ അമിനോ ആസിഡുകള്‍ കഞ്ഞിവെള്ളത്തില്‍ അടങ്ങിയിട്ടുണ്ട്. കെരാറ്റിന്‍ എന്നറിയപ്പെടുന്ന പ്രോട്ടീന്‍ കൊണ്ടാണ് നഖങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഈ അമിനോ ആസിഡുകള്‍ നഖങ്ങളെ അതിന്റെ വേരില്‍ നിന്ന് ശക്തിപ്പെടുത്തുകയും നന്നാക്കുകയും ചെയ്യുന്നു. കഞ്ഞിവെള്ളത്തില്‍ ദിവസേന കൈകള്‍ മുക്കി വയ്ക്കുന്നത് നഖങ്ങള്‍ പൊട്ടുന്നത് കുറയ്ക്കും.
മുടി വളര്‍ച്ചയെ കഞ്ഞിവെള്ളം എങ്ങനെ പ്രോത്സാഹിപ്പിക്കുന്നുവോ അതുപോലെ നഖത്തിന്റെ വളര്‍ച്ചയ്ക്കും കഞ്ഞിവെള്ളം നല്ലതാണ്. വിറ്റാമിനുകളായ ബി, ഇ മഗ്‌നീഷ്യം സെലിനിയം തുടങ്ങിയ പോഷകങ്ങള്‍ നഖത്തിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിച്ച് ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു.
കഞ്ഞിവെള്ളത്തില്‍ അന്നജവും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുള്ളത് കാരണം ഇത് നഖങ്ങള്‍ക്ക് സ്വാഭാവികമായ തിളക്കം നല്‍കുന്നു. അന്നജം നഖങ്ങളില്‍ സംരക്ഷണ പാളി തീര്‍ത്ത് ഈര്‍പ്പം നിലനിര്‍ത്തുന്നതിനാല്‍ നഖങ്ങള്‍ വിണ്ടുകീറി പാളികളായി അടര്‍ന്നുപോകുന്നത് തടയുന്നു. നഖത്തിന് ചുറ്റുമുള്ള ക്യൂട്ടിക്കിളുകളുടെ ആരോഗ്യത്തെയും കഞ്ഞിവെള്ളം മെച്ചപ്പെടുത്തുന്നു. അതുപോലെ കഞ്ഞിവെള്ളത്തിലെ ആന്റിഓക്സിഡന്റ്, ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ ഫംഗസ് അണുബാധകളില്‍ നിന്ന് നഖങ്ങളെ സംരക്ഷിക്കും.
കഞ്ഞിവെള്ളം നഖങ്ങളുടെ വളര്‍ച്ചയ്ക്ക് എങ്ങനെ ഉപയോഗപ്പെടുത്താം
ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ നഖങ്ങള്‍ 10-15 മിനിറ്റ് കഞ്ഞിവെള്ളത്തില്‍ മുക്കിവയ്ക്കുന്നത് നല്ലതാണ്. ഒരു കോട്ടണ്‍ ബോള്‍ കഞ്ഞിവെള്ളത്തില്‍ മുക്കി നഖത്തിലും ക്യൂട്ടിക്കിളുകളിലും മൃദുവായി മസാജ് ചെയ്യുക. കൈ കഴുകിയ ശേഷം കഞ്ഞിവെള്ളം ഉപയോഗിച്ച് നഖങ്ങള്‍ വേഗത്തില്‍ കഴുകുന്നത് മോയ്സ്ചറൈസിങ് എഫക്ട് നല്‍കും.












Click it and Unblock the Notifications