നെല്ലിക്ക പൊടി ഇങ്ങനെ ഉപയോഗിച്ച് നോക്കൂ; മുഖം വെട്ടിത്തിളങ്ങും,തയ്യാറാക്കാം ഈ ഫേസ് മാസ്കുകൾ
ആയുർവേദത്തിൽ വളരെ അധികം ഉപയോഗിക്കുന്ന ചേരുവകളിൽ ഒന്നാണ് നെല്ലിക്ക. ഇവയുടെ ആരോഗ്യ ഗുണങ്ങൾ തന്നെയാണ് ഇതിന് കാരണം. മുടിക്ക് പതിവായി നെല്ലിക്ക ഉപയോഗിക്കാറുണ്ട്. അതുപോലെ തന്നെ ചർമ്മത്തിന്റെ ആരോഗ്യത്തിനും നെല്ലിക്ക ഉത്തമമാണ്. ഇന്ന് നെല്ലിക്കയുടെ ആരോഗ്യ ഗുണങ്ങളും നെല്ലിക്ക ഉപയോഗിച്ച് തയ്യാറാക്കാവുന്ന ചില ഫേസ് മാസ്കുകളെ കുറിച്ചുമാണ് പറയുന്നത്. വിശദമായി നോക്കാം.
ആദ്യം നെല്ലിക്ക കൊണ്ടുള്ള ഗുണങ്ങൾ അറിയാം
ആന്റി ഓക്സിഡന്റ് സമ്പുഷ്ടം
നെല്ലിക്കയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ യുവത്വം നിലനിർത്താൻ സഹായിക്കും. മാത്രമല്ല ചർമ്മത്തിലെ ഫ്രീറാഡിക്കലുകളെ അകറ്റാനും ചർമ്മത്തിന് കേടുവരുത്തുകയും വാർധക്യ സാധ്യതകൾ വർധിപ്പിക്കുകയും ചെയ്യുന്ന അസ്ഥിരമായ തൻമാത്രകളെ നീക്കം ചെയ്യാനും നെല്ലിക്ക ഉത്തമമാണ്. ദോഷകരമായ തൻമാത്രകളെ നിർവീര്യമാക്കുക മാത്രമല്ല കൊളാജൻ ഉത്പാദനത്തിനും ഇത് സഹായിക്കും. സ്ഥിരമായി നെല്ലിക്ക ഉപയോഗിക്കുന്നത് ചർമ്മം പ്രായമാകുന്നത് തടയുകയും ആരോഗ്യകരമായ ചർമ്മത്തിന് സഹായിക്കുകയും ചെയ്യും.

കൊളാജൻ ഉത്പാദനത്തിന് സഹായിക്കും
ചർമ്മത്തിന് ഉറപ്പും ഇലാസ്തികയും നൽകാൻ കൊളാജൻ അത്യാവശ്യമാണ്. കൊളാജൻ ഉത്പാദനത്തിന് സഹായിക്കുന്നതാകട്ടെ വിറ്റാമിൻ സിയും. വിറ്റാമിൻ സി ധാരാളം അടങ്ങിയ നെല്ലിക്ക കൊളാജൻ ഉത്പാദനം വർധിപ്പിക്കുന്നു. ചർമ്മത്തിലെ ചുളിവുകളും മറ്റ് വരകളും ഇല്ലാതാക്കാനും ഇത് സഹായിക്കും. സ്ഥിരമായി ഉപയോഗിക്കുന്നത് ചർമ്മം എപ്പോഴും ചെറുപ്പമായി നിലനിർത്തും.
മുഖക്കുരു ഇല്ലാതാക്കാം
നെല്ലിക്കയ്ക്ക് ആന്റി ബാക്ടീരിയൽ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്. ഇത് ചർമ്മത്തിൽ മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകൾക്കെതിരെ പ്രവർത്തിക്കും. നിലവിൽ ഉള്ള മുഖക്കുരുവിനെ തുരത്തുക മാത്രമല്ല, മുഖക്കുരുവിനുള്ള സാധ്യതയും ഇല്ലാതാക്കുന്നു. സ്ഥിരമായി നെല്ലിക്ക ഉപയോഗിക്കുന്നത് ചർമ്മം മൃദുവാകാനും ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കും.
ചർമ്മം തിളങ്ങും
ചർമ്മത്തിലെ കറുത്ത പാടുകളെ ഇല്ലാതാക്കാൻ നെല്ലിക്ക ധാരാളമാണ്. നെല്ലിക്കയുടെ ആന്റി ഓക്സിഡന്റ് ഗുണങ്ങളാണ് ഇതിന് സഹായിക്കുന്നത്. മാത്രമല്ല ചർമ്മത്തിന് ഈർപ്പം നൽകാനും നെല്ലിക്കയുടെ ഉപയോഗം സഹായിക്കും.
ഇനി മാസ്കുകൾ അറിയാം
നെല്ലിക്കയും തേനും ചേർത്ത ഫേസ് മാസ്ക്- രണ്ട് ടേബിൾ സ്പൂൺ നെല്ലിക്ക പൊടി, ഒരു ടേബിൾ സ്പൂൺ തേൻ, ഇളം ചൂടുവെള്ളം എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കാം. അതിനുശേഷം മുഖത്ത് തേച്ച് കൊടുക്കാം. കണ്ണിന്റെ ഭാഗത്ത് ആകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഏകദേശം 15-20 വരെ മിനിറ്റ് വരെ തേച്ച് വെച്ചതിന് ശേഷം ഉളം ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയാം.
നെല്ലിക്കയും യോഗേർട്ടും ചേർത്ത ഫേസ് മാസ്ക്- രണ്ട് ടേബിൾ സ്പൂൺ നെല്ലിക്കപൊടി, ഒരു ടേബിൾ സ്പൂൺ യോഗേർട്ട് എന്നിവ നന്നായി യോജിപ്പിച്ച് തേച്ച് വെക്കാം. വൃത്തിയായി മുഖം കഴുകിയതിന് ശേഷം മുഖക്കുരു ഭാഗത്ത് തേച്ച് കൊടുക്കാം. 15-20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം.
നെല്ലിക്കയും കറ്റാർവാഴയും ചേർത്ത ജെൽ- രണ്ട് ടേബിൾ സ്പൺ നെല്ലിക്ക പൊടി, ഒരു ടേബിൾ സ്പൂൺ കറ്റാർവാഴ ജെൽ എന്നിവ എടുത്ത് യോജിപ്പിച്ചെടുക്കാം. സൂര്യതാപം ഏറ്റ ഭാഗത്ത് നന്നായി തേച്ച് കൊടുക്കാം. 20 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം.
നെല്ലിക്കയും മുൾട്ടാണി മിട്ടിയും- ചർമ്മത്തിന് ഏറ്റവും മികച്ച മറ്റൊരു ഫേസ് മാസ്ക് ആണിത്. രണ്ട് ടേബിൾ സ്പൂൺ നെല്ലിക്ക പൊടിയും ഒരു ടേബിൾ സ്പൂൺ മുൾട്ടാണി മിട്ടിയും യോജിപ്പിച്ച് മുഖത്ത് പുരട്ടാം.ഇതിലേക്ക് പനിനീരും ചേര്‌ത്ത് കൊടുക്കുന്നത് നല്ലതാണ്.
മുഖത്ത് എണ്ണമയം ഉള്ള സ്ഥലങ്ങളിലാണ് പുരട്ടേണ്ടത്. കണ്ണിന്റെ ഭാഗം ഒഴിവാക്കി തേക്കാം. അതിനുശേഷം കഴുകിക്കളയാം.












Click it and Unblock the Notifications