മുഖത്ത് എപ്പോഴും കുരുക്കളും പാടുകളുമാണോ? എങ്കിൽ പൈപ്പ് വെള്ളത്തെ സൂക്ഷിക്കണം
മുഖക്കുരുവിനും പാടുകൾക്കും പലപ്പോഴും ഭക്ഷണം, ജനിതകപരം, ഹോർമോൺ വ്യതിയാനങ്ങൾ എന്നിവയാണ് പ്രധാന കാരണങ്ങളായി നാം കാണുന്നത്. എന്നാൽ പൈപ്പിലെ കടുപ്പമേറിയ വെള്ളം യഥാർത്ഥ വില്ലനാകാമെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഇതിലെ മാലിന്യങ്ങൾ മുഖക്കുരുവിനും ചർമ്മത്തിലെ സുഷിരങ്ങൾ അടയുന്നതിനും അസ്വസ്ഥതകൾക്കും വരണ്ട ചർമ്മത്തിനും കാരണമാകും.
കടുപ്പമേറിയ വെള്ളത്തിൽ മഗ്നീഷ്യം, കാൽസ്യം തുടങ്ങിയ ധാതുക്കൾ ഉയർന്ന അളവിലുണ്ട്, ഇത് ചർമ്മത്തിന് വലിയ ദോഷകരമാണ്. ഈ ധാതുക്കൾ ചർമ്മത്തിന്റെ സംരക്ഷണ കവചത്തെ തകർക്കുകയും കൊളാജൻ നഷ്ടപ്പെടുത്തുകയും ചെയ്യുന്നതിനാൽ ചർമ്മം ദുർബലമാകുന്നു. ഷവർ ഹെഡുകൾ, ടാപ്പുകൾ, സിങ്കുകൾ എന്നിവിടങ്ങളിൽ വെള്ളനിറത്തിലുള്ള പാടുകൾ കാണുന്നുണ്ടെങ്കിൽ അത് കടുപ്പമേറിയ വെള്ളത്തിന്റെ സൂചനയാണ്.
കണ്ണുകൊണ്ട് കടുപ്പമേറിയ വെള്ളവും അല്ലാത്തതും തിരിച്ചറിയാനാകില്ല. ഒരു കുപ്പിയുടെ പകുതിയോളം പൈപ്പിലെ വെള്ളം നിറച്ച് അല്പം ഡിഷ് സോപ്പ് ചേർക്കുക. ശേഷം കുലുക്കി, രൂപപ്പെടുന്ന പതയും പാളികളും ശ്രദ്ധിക്കുക. പതയും കുമിളകളും ധാരാളമാണെങ്കിൽ സാധാരണ വെള്ളം. പാൽ നിറത്തിലുള്ള അവശിഷ്ടമാണെങ്കിൽ കടുപ്പമേറിയ വെള്ളമാണ് നിങ്ങൾ ഉപയോഗിക്കുന്നത്.

കടുപ്പമേറിയ വെള്ളത്തിലെ ധാതുക്കൾ ചർമ്മത്തിലെ സുഷിരങ്ങളെ അടയ്ക്കുന്നതിനാൽ, കവിളുകൾ, താടിയെല്ല്, മുടിയിഴകൾക്ക് സമീപം എന്നിവിടങ്ങളിലെ മുഖക്കുരു ഇതിന്റെ പ്രധാന അടയാളമാണ്.
മുഖം കഴുകിയ ഉടൻ ചർമ്മം വരണ്ടതും വലിഞ്ഞുമുറുകിയതുമായി തോന്നുകയാണെങ്കിൽ, വെള്ളം സ്വാഭാവിക എണ്ണമയം നീക്കം ചെയ്യുകയും ചർമ്മത്തിന്റെ സംരക്ഷണകവചം തകർക്കുകയും ചെയ്യുന്നു എന്നതിൻ്റെ സൂചനയാണിത്. അടഞ്ഞ കൊമേഡോണുകളോ ഫംഗസ് മുഖക്കുരുവോ ആണെന്ന് തെറ്റിദ്ധരിക്കാവുന്ന ചെറിയ കുരുക്കൾ കടുപ്പമേറിയ വെള്ളത്തിലെ ധാതുക്കളുടെ നിക്ഷേപമാകാം.
ചർമ്മത്തിന്റെ സംരക്ഷണകവചം ദുർബലമാകുമ്പോൾ, അമിതമായി എണ്ണ ഉത്പാദിപ്പിക്കുകയും അതേസമയം വരണ്ടുപോവുകയും ചെയ്യാം. ഈ വൈരുദ്ധ്യമുള്ള അവസ്ഥ കഠിനമായ മുഖക്കുരുവിന് കാരണമാകും, കാരണം നഷ്ടപ്പെട്ട ജലാംശം നികത്താൻ ചർമ്മം കൂടുതൽ എണ്ണ ഉത്പാദിപ്പിക്കാൻ ശ്രമിക്കാറുണ്ട്.
കടുപ്പമേറിയ വെള്ളത്തിന്റെ ദോഷഫലങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ, കാൽസ്യം, മഗ്നീഷ്യം അയോണുകൾക്ക് പകരം സോഡിയം അയോണുകൾ ചേർത്ത് ധാതുക്കളുടെ അളവ് കുറയ്ക്കുന്ന വാട്ടർ സോഫ്റ്റനർ സ്ഥാപിക്കുക. കൂടാതെ, ചർമ്മത്തിന് അനുയോജ്യവും മൃദലവുമായ ഉൽപ്പന്നങ്ങൾ മാത്രം ഉപയോഗിക്കുക. ഇത് ചർമ്മത്തിന്റെ സംരക്ഷണകവചം നിലനിർത്താനും പാർശ്വഫലങ്ങളെ കുറയ്ക്കാനും സഹായിക്കും.












Click it and Unblock the Notifications