തണുപ്പത്ത് ചുണ്ടുകളും ചര്‍മവും വരണ്ടു പോകുന്നുണ്ടോ? ഡീപ് മോയ്‌സ്ചറൈസിങ്ങിന് ഈ എണ്ണ മതി
ഡിസംബര്‍ എത്തി. തണുപ്പ് പതിവിലും നേരത്തെ തുടങ്ങിക്കഴിഞ്ഞു. കേരളത്തിലും രാത്രി നല്ല തണുപ്പാണ് അനുഭവപ്പെടുന്നത്. ശൈത്യകാലത്തെ ഏറ്റവും വലിയ പ്രശ്‌നമാണ് ചര്‍മത്തിന്റെയും മുടിയുടെയും വരള്‍ച്ച. അത് ആണ്‍-പെണ്‍ ഭേദമില്ലാതെ മിക്കവരെയും ബാധിക്കുകയും ചെയ്യും. ഈ സമയത്ത് പല മോയ്‌സ്ചറൈസിങ് ക്രീമുകളും നാം വാങ്ങി ഉപയോഗിക്കാറുണ്ട്. എന്നാല്‍ അവയൊക്കെ താല്‍ക്കാലിക ഫലം മാത്രമാണ് നല്‍കുന്നത്. വരള്‍ച്ചയ്ക്ക് പ്രകൃതിദത്തമായ മികച്ച പരിഹാരങ്ങള്‍ നമ്മുടെ വീട്ടില്‍തന്നെയുണ്ട്. അതില്‍ വെളിച്ചെണ്ണയുടെ ഉപയോഗത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.
എന്നാല്‍ പലര്‍ക്കും അറിയാത്ത, എന്നാല്‍ ചര്‍മത്തിന്റെയും മുടിയുടെയും വരള്‍ച്ചയ്ക്ക് മികച്ച പരിഹാരം നല്‍കുന്ന എണ്ണയാണ് അവോക്കാഡോ ഓയില്‍. കഠിനമായ തണുപ്പ് മൂലമുണ്ടാകുന്ന വരള്‍ച്ചയെ പ്രതിരോധിക്കാന്‍ അവോക്കാഡോ ഓയിലിന് കഴിവുണ്ട്. അവോക്കാഡോയില്‍ സമ്പന്നമായി അടങ്ങിയിട്ടുള്ള പോഷക ഗുണങ്ങള്‍ കാരണം ഇത് ഡയറ്റില്‍ ഉള്‍പ്പെടുത്താനും സൗന്ദര്യ സംരക്ഷണത്തിനും ഒരുപോലെ ഉത്തമമാണ്.
മഞ്ഞുകാലത്ത് അവോക്കാഡോ ഓയില്‍ എങ്ങനെ പ്രവര്‍ത്തിക്കും:
ഒലീയിക് ആസിഡ് ഉള്‍പ്പെടെയുള്ള ഫാറ്റി ആസിഡുകള്‍, വിറ്റാമിന്‍ എ, ഡി, ഇ എന്നിവയാല്‍ സമ്പന്നമാണ് അവോക്കാഡോ ഓയില്‍. അതിനാല്‍ ഇത് ചര്‍മത്തിന് ആഴത്തിലുള്ള ജലാംശം ഉറപ്പാക്കുന്നു. അവോക്കാഡോ എണ്ണ പുരട്ടുമ്പോള്‍ അത് ചര്‍മ്മത്തിലും മുടിയിലും ആഴത്തില്‍ ഇറങ്ങിച്ചെന്ന് ഈര്‍പ്പം നിലനിര്‍ത്തുകയും ജലാംശം നഷ്ടപ്പെടുന്നത് തടയുകയും ചെയ്യുന്നു. തണുത്ത കാറ്റ് ഏല്‍ക്കുമ്പോള്‍ ചര്‍മത്തിനുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ നിന്ന് ഒരു സംരക്ഷണ കവചമായി അവോക്കാഡോ ഓയില്‍ പ്രവര്‍ത്തിക്കുന്നു.

ചര്‍മ്മത്തെ പോഷിപ്പിക്കാനും സംരക്ഷിക്കാനുമുള്ള കഴിവിന് പേരുകേട്ട വിറ്റാമിന്‍ ഇ അവോക്കാഡോ എണ്ണയില്‍ അടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ, ഇതില്‍ ഫാറ്റി ആസിഡുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താന്‍ ഉത്തമമാണ്. ഈ ഗുണങ്ങള്‍ ചര്‍മ്മത്തില്‍ വരള്‍ച്ച മൂലമുണ്ടാകുന്ന അസ്വസ്ഥതകള്‍ക്ക് ആശ്വാസം നല്‍കുന്നു. അവോക്കാഡോ എണ്ണ ഒട്ടും കട്ടിയില്ലാത്തതിനാല്‍ ദൈനംദിന ഉപയോഗത്തിന് അനുയോജ്യമാണ്.
ചുണ്ട് വിണ്ടുകീറുന്നത്, കൈകളിലെയും കാല്‍പ്പാദങ്ങളിലെയും വരള്‍ച്ച, കേടായ മുടി എന്നിവ പരിഹരിക്കാന്‍ ഇത് ഏതാനും തുള്ളിയെടുത്ത് മസാജ് ചെയ്താല്‍ മതി. സാന്ദ്രത കൂടിയ എണ്ണയാണെങ്കിലും ഇത് ചര്‍മത്തിലെ സുഷിരങ്ങള്‍ അടയ്ക്കില്ല, അതിനാല്‍ മുഖക്കുരുവുള്ള ചര്‍മ്മക്കാര്‍ക്കും ഇത് സുരക്ഷിതമായി ഉപയോഗിക്കാം.
അവോക്കാഡോ ഓയില്‍ പുരട്ടാനും എളുപ്പമാണ്. കുറച്ച് തുള്ളികള്‍ എടുത്ത് ചര്‍മ്മത്തില്‍ നേരിട്ട് മസാജ് ചെയ്യാം. അല്ലെങ്കില്‍ മറ്റ് ചര്‍മ്മസംരക്ഷണ ഉല്‍പ്പന്നങ്ങളുമായി കലര്‍ത്താം. ഇത് ഒരു മോയ്സ്ചറൈസറായി നന്നായി പ്രവര്‍ത്തിക്കുന്നു, പ്രത്യേകിച്ച് സെന്‍സിറ്റീവ് ചര്‍മത്തില്‍. കൂടുതല്‍ ജലാംശം നല്‍കുന്നതിനും മുഖക്കുരുവിന്റെ അസ്വസ്ഥതകളില്‍ നിന്ന് ആശ്വാസം നല്‍കുന്നതിനും അവോക്കാഡോ എണ്ണ പുരട്ടിയാല്‍ മതി.
കുളി കഴിഞ്ഞ ഉടന്‍ നനവുള്ള ചര്‍മ്മത്തില്‍ ഏതാനും തുള്ളി അവോക്കാഡോ ഓയില്‍ പുരട്ടുക. രാത്രിയില്‍ ഉപയോഗിക്കുന്ന ക്രീമില്‍ ഏതാനും തുള്ളി അവോക്കാഡോ ഓയില്‍ ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് ഇരട്ടി ഫലം നല്‍കും.












Click it and Unblock the Notifications