മഞ്ഞളും ഗ്രീൻ ടീയും തേനും ഉണ്ടോ? മുഖം തിളങ്ങാൻ വീട്ടിൽ തന്നെ ഉണ്ടാക്കാം ഈ ഫേസ് പാക്കുകൾ
ചർമ്മ സംരക്ഷണം അത്ര എളുപ്പമുള്ള പണി അല്ല. ചുളിവ്, കുരു, പാടുകൾ അങ്ങനെ എന്തൊക്കെ പ്രശ്നങ്ങളാണ് ചർമ്മത്തിൽ ഉണ്ടാവുന്നത്. മേക്കപ്പ് കൊണ്ട് ഇവയൊക്കെ മറയ്ക്കാമെങ്കിലും അത് സ്വാഭാവികമായ സൗന്ദര്യം നൽകില്ല. ചർമ്മം ആരോഗ്യത്തോടെ, ഭംഗിയായി സംരക്ഷിക്കാൻ വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ചില ഫേസ് പാക്കുകളാണ് പരിചയപ്പെടുത്തുന്നത്.
ആഴ്ചയിൽ ഒരിക്കലെങ്കിലും നിങ്ങളുടെ അടുക്കളയിൽ തന്നെ ലഭിക്കുന്ന ചേരുവകൾ ഉപയോഗിച്ച് നിങ്ങളുടെ ചർമ്മത്തെ പരിപാലിച്ചാലോ. ഈ പാക്കുകൾ തയ്യാറാക്കാൻ ഒരുപാട് ബുദ്ധിമുട്ടേണ്ട. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇത് തയ്യാറാക്കാം. തെളിഞ്ഞതും തിളങ്ങുന്നതുമായ മുഖം ലഭിക്കാൻ ഇത് സഹായകമാകും.

ഗ്രീൻ ടീയും തേനും ചേർത്ത ഫേസ് പാക്ക്; തണുത്ത ഗ്രീൻ ടീ ബാഗ്, തേൻ 2 ടേബിൾസ്പൂൺ എന്നിവയാണ് ഇതിന് ആവശ്യം. ഗ്രീൻ ടീ ബാഗ് തുറന്ന് ഇലകൾ തേനിൽ കലർത്തി പേസ്റ്റ് ഉണ്ടാക്കുക. കഴുകുന്നതിനുമുമ്പ് 15 - 20 മിനിറ്റ് മുഖത്ത് പുരട്ടി വെയ്ക്കാം.
ഗ്രീൻ ടീയിൽ ആൻ്റി ഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് വീക്കം, ബാക്ടീരിയ എന്നിവയെ ചെറുക്കാൻ സഹായിക്കുന്നതാണ്. മുഖക്കുരുവിന് എതിരെ ഇത് പ്രവർത്തിക്കും. മാത്രമല്ല ചർമ്മത്തെ ഈർപ്പമുള്ളതാക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത ആൻറി ബാക്ടീരിയൽ, ഹ്യൂമെക്റ്റൻ്റാണ് തേൻ.
വേപ്പിലയും മഞ്ഞളും ചേർത്ത ഫേസ് പായ്ക്ക് : 2 ടേബിൾസ്പൂൺ വേപ്പിൻ പൊടി, 1 ടീസ്പൂൺ മഞ്ഞൾ, വെള്ളം അല്ലെങ്കിൽ റോസ് വാട്ടർ എന്നിവയാണ് ഇതിന് ആവശ്യം. വേപ്പിൻ പൊടിയും മഞ്ഞളും ആവശ്യത്തിന് വെള്ളത്തിലോ റോസ് വാട്ടറിലോ കലർത്തി മിനുസമാർന്ന പേസ്റ്റ് ഉണ്ടാക്കണം.
മുഖത്ത് പുരട്ടി ഏകദേശം 20 മിനിറ്റ് നേരം കഴിഞ്ഞ് കഴുകിക്കളയുക. മുഖക്കുരു ഇല്ലാതാക്കാനും പാടുകൾ തടയാനും സഹായിക്കുന്ന ആൻറി ബാക്ടീരിയൽ, ആൻ്റിഫംഗൽ ഗുണങ്ങൾ വേപ്പിലുണ്ട്. മഞ്ഞളിലെ ആൻറി - ഇൻഫ്ലമേറ്ററി ഗുണങ്ങൾ മുഖക്കുരുവിൻ്റെ ചുവപ്പും വീക്കവും കുറയ്ക്കാൻ സഹായിക്കും.
കറ്റാർ വാഴയും മഞ്ഞളും ചേർത്ത ഫേസ് പാക്ക്: 1 ടേബിൾ സ്പൂൺ കറ്റാർ വാഴ ജെൽ, ½ ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവയാണ് വേണ്ടത്. പേസ്റ്റ് ഉണ്ടാകുന്നതുവരെ കറ്റാർ വാഴ ജെൽ മഞ്ഞൾപ്പൊടിയുമായി കലർത്തുക.
മുഖത്ത് പുരട്ടുക, 20 മിനിറ്റ് വെയ്ക്കാം. തണുത്ത വെള്ളത്തിൽ കഴുകുക. കറ്റാർ വാഴ ചർമ്മത്തിന് ജലാംശം നൽകും, അതേ സമയം മഞ്ഞൾ ഫേസ് പാക്കിന് ആൻറി - ഇൻഫ്ലമേറ്ററി, ആൻ്റി മൈക്രോബയൽ ഗുണങ്ങൾ ഉണ്ട്, ഇത് മുഖക്കുരു കുറയ്ക്കാൻ സഹായിക്കും.












Click it and Unblock the Notifications