മുഖത്തെ കറുത്ത പാടുകളും ചുളിവും മാറ്റാം, വാഴപ്പഴം കൊണ്ട് എങ്ങനെ ഫേസ് പാക്ക് തയ്യാറാക്കാം?
ചർമ്മ സംരക്ഷണത്തിന്റെ കാര്യത്തിൽ സൗന്ദര്യപ്രേമികളുടെ ശ്രദ്ധയാകർഷിച്ച ഒന്നാണ് വാഴപ്പഴം കൊണ്ടുള്ള ഫെയ്സ് മാസ്കുകൾ. ഈ വിദ്യ ഇന്നോ ഇന്നലെയോ കണ്ടെത്തിയതല്ല, മറിച്ച് പുരാതന കാലം മുതൽ തിളക്കമുള്ള ചർമ്മത്തിനായി ഇത് ഉപയോഗിച്ചിരുന്നുവെന്ന് നിങ്ങൾക്കറിയാമോ?
വാഴപ്പഴം ഫെയ്സ് മാസ്കുകൾ ചർമ്മത്തിന്റെ വരൾച്ച ഇല്ലാതാക്കുകയും വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു. വിറ്റാമിൻ എ, സി എന്നിവയാൽ സമ്പുഷ്ടമായ ഇത് ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. കൂടാതെ, ചർമ്മത്തിന് തിളക്കം നൽകാനും കേടായ ചർമ്മം നന്നാക്കാനും മുഖക്കുരുവിനെ പ്രതിരോധിക്കാനും ഇത് ഫലപ്രദമാണ്. വാഴപ്പഴത്തിലെ പൊട്ടാസ്യം ചർമ്മത്തെ ജലാംശം നൽകി ഈർപ്പമുള്ളതാക്കുമ്പോൾ, അതിലെ ആന്റിഓക്സിഡന്റുകൾ വാർദ്ധക്യത്തെ മന്ദഗതിയിലാക്കുന്നു.
അതുകൊണ്ട്, വാഴപ്പഴം ഫെയ്സ് മാസ്ക് പതിവായി ഉപയോഗിക്കുന്നത് ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്തുകയും ചുളിവുകളും ഇരുണ്ട പാടുകളും നീക്കം ചെയ്യുകയും ചെയ്യും.

വാർദ്ധക്യത്തെ തടയാൻ: പോഷകങ്ങളും ആന്റിഓക്സിഡന്റുകളും നിറഞ്ഞ വാഴപ്പഴം വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു. ഇതിനോടൊപ്പം തൈര് ചേർക്കുന്നത് ചർമ്മത്തെ മൃദുവായി എക്സ്ഫോളിയേറ്റ് ചെയ്യാനും തിളക്കം നൽകാനും സഹായിക്കും. തൈര് ചേർത്ത വാഴപ്പഴം ഫെയ്സ് മാസ്ക് നേർത്ത വരകളും ചുളിവുകളും കുറയ്ക്കാനും ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കാനും ഉത്തമമാണ്.
തയ്യാറാക്കുന്ന വിധം: അര വാഴപ്പഴം നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് രണ്ട് ടേബിൾസ്പൂൺ തൈര് ചേർത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം കണ്ണിന്റെ ഭാഗം ഒഴിവാക്കി മുഖത്ത് പുരട്ടി 20 മിനിറ്റിനുശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകി കളയുക.
കറുത്ത പാടുകൾ അകറ്റാൻ: വാഴപ്പഴവും തേനും ചേർന്ന മിശ്രിതം ചർമ്മത്തിന് ഈർപ്പം നൽകാനും, ജലാംശം നിലനിർത്താനും, അസ്വസ്ഥതകൾ ഒഴിവാക്കാനും, മുഖത്തെ കറുത്ത പാടുകളും പിഗ്മെന്റേഷനും നീക്കം ചെയ്യാനും സഹായിക്കുന്നു. ഇത് സെൻസിറ്റീവും വരണ്ടതുമായ ചർമ്മത്തിന് ഏറ്റവും അനുയോജ്യമാണ്. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
പഴുത്ത അര വാഴപ്പഴം ഉടച്ചെടുക്കുക. ഇതിലേക്ക് ഒരു ടേബിൾസ്പൂൺ തേൻ ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം 15 മിനിറ്റ് മുഖത്ത് തുല്യമായി പുരട്ടുക. അതിനുശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകി കളയുക.












Click it and Unblock the Notifications