നിങ്ങളുടെ ചർമ്മം എണ്ണമയമുള്ളതോ വരണ്ടതോ അത് രണ്ടും ചേർന്നതോ? എങ്ങനെ കണ്ടുപിടിക്കാം?
ഇന്നത്തെ കാലത്ത് മുഖത്ത് ഒരു ഫേസ് വാഷ് എങ്കിലും ഉപയോഗിക്കാത്തവർ വളരെ അപൂർവ്വമായിരിക്കും. ചർമ്മത്തിന് തിളക്കം കൂട്ടാനും മുഖക്കുരുവും പാടുകളും മായ്ക്കാനും ചുളിവുകൾ മാറ്റാനും എന്ന് വേണ്ട പലവിധ ആവശ്യങ്ങൾക്കായി പല വിധ ഉത്പന്നങ്ങൾ ആളുകൾ മുഖത്ത് പുരട്ടാറുണ്ട്.
മിക്കവർക്കും പ്രതീക്ഷിച്ച ഫലം കിട്ടാറില്ല, ചിലർക്കാകട്ടെ ഇത്തരം സാധനങ്ങൾ ചർമ്മത്തിന് കേടുപാടുകൾ ഉണ്ടാക്കുകയും ചെയ്യാറുണ്ട്. അതിനൊരു പ്രധാന കാരണം നിങ്ങളുടെ ചർമ്മം ഏത് തരമാണെന്ന് അറിയാത്തതാണ്.

ചർമ്മം വരണ്ടതാണോ എണ്ണ മയം ഉളളതാണോ അതോ ഇത് രണ്ടും ചേർന്നതാണോ എന്ന് അറിഞ്ഞിട്ട് വേണം അതിന് യോജിച്ച ഉത്പന്നങ്ങൾ മുഖത്ത് ഉപയോഗിക്കാൻ. ചർമ്മം ഏത് തരത്തിലുളളതാണ് എന്ന് എങ്ങനെ സ്വയം മനസ്സിലാക്കാം?
രാത്രി കിടക്കുമ്പോൾ മുഖത്ത് ക്രീമോ സെറമോ ഒന്നും ഉപയോഗിക്കാതെ കിടക്കുക. രാവിലെ എഴുന്നേറ്റ് നോക്കുമ്പോൾ മുഖം വരണ്ടാണ് ഇരിക്കുന്നതെങ്കിൽ നിങ്ങളുടേത് വരണ്ട ചർമ്മം ആണെന്ന് മനസ്സിലാക്കാം. ഇനി നിങ്ങളുടെ മുഖത്ത് മുഴുവൻ എണ്ണ മയം പോലെ കാണുന്നുണ്ടെങ്കിൽ അത് ഓയിലി സ്കിൻ ആണ്. നിങ്ങളുടെ മൂക്കിലും നെറ്റിയിലും താടിയിലും എണ്ണമയവും ബാക്കി ഭാഗത്ത് സാധാരണ പോലെയും ആണെങ്കിൽ നിങ്ങളുടേത് കോമ്പിനേഷൻ സ്കിൻ ആണെന്നും മനസ്സിലാക്കാം.
എല്ലാക്കാലവും നിങ്ങളുടെ ചർമ്മം ഒരുപോലെയിരിക്കണം എന്നില്ല. കാലാവസ്ഥ, പ്രായം, ജീവിതശൈലി എന്നിവയ്ക്കനുസരിച്ച് ചർമ്മത്തിലും മാറ്റങ്ങൾ വരാറുണ്ട്. ഉദാഹരണത്തിന് വേനൽക്കാലത്ത് ചർമ്മത്തിൽ കൂടുതൽ എണ്ണമയം കാണപ്പെടാം. അതുപോലെ തണുപ്പ് കാലത്ത് ചർമ്മം കൂടുതൽ വരണ്ടതായും മാറാം. ഉറക്കക്കുറവും സ്ട്രെസ്സും അടക്കമുളള കാര്യങ്ങളും ചർമ്മത്തെ ബാധിക്കും. ചർമ്മത്തിന്റെ മാറ്റങ്ങൾക്ക് അനുസരിച്ച് വേണം ചർമ്മ സംരക്ഷണം നടത്താൻ.
ചർമ്മസംരക്ഷണം എപ്പോഴും ലളിതമായിരിക്കുന്നതാണ് നല്ലത്. അതേസമയം സ്ഥിരമായി ചെയ്യാനും ശ്രദ്ധിക്കണം. മുഖം വൃത്തിയാക്കാൻ നല്ലൊരു ക്ലെൻസർ, നല്ലൊരു മോയിസ്ചറൈസർ, സൺസ്‌ക്രീൻ എന്നീ മൂന്ന് കാര്യങ്ങളാണ് പ്രധാനമായും വേണ്ടത്. ഒരുപാട് കെമിക്കൽ ഉത്പ്ന്നങ്ങൾ മുഖത്ത് പരീക്ഷിച്ചത് കൊണ്ട് മികച്ച ഫലം ലഭിക്കണം എന്നില്ല.


Click it and Unblock the Notifications
