ബ്യൂട്ടി പാര്‍ലറില്‍ കയറി കാശ് കളയേണ്ട; എല്ലാ ചര്‍മ്മപ്രശ്‌നങ്ങള്‍ക്കും വീട്ടിലുണ്ട് പരിഹാരം
ഇന്നത്തെ കാലത്ത് ചര്‍മ്മസംരക്ഷണം ഏറെ ചെലവേറിയ ജോലിയായി മാറിക്കൊണ്ടിരിക്കുകയാണ്. വിപണിയിലുള്ള പല ഉല്‍പ്പന്നങ്ങളുടേയും വില സാധാരണക്കാരെ സംബന്ധിച്ച് താങ്ങാനാകുന്നതല്ല. ബ്യൂട്ടി പാര്‍ലറുകളിലും മറ്റും ചികിത്സയ്ക്ക് വലിയ ഫീസും ഈടാക്കും. ഇക്കാരണങ്ങള്‍ കൊണ്ട് പലരും ചര്‍മ്മത്തിന്റെ ആരോഗ്യം യഥാവിധി ശ്രദ്ധിക്കാറില്ല. എന്നാല്‍ നമ്മുടെ വീട്ടിലെ അടുക്കളയിലും തോട്ടത്തിലും സുലഭമായ ചില സാധനങ്ങള്‍ നിങ്ങളുടെ ആശങ്കകള്‍ അകറ്റും.
സുഗന്ധവ്യഞ്ജനങ്ങളായ ഇഞ്ചി, കുരുമുളക്, മഞ്ഞള്‍ എന്നിവയെ കുറിച്ചാണ് പറയാന്‍ പോകുന്നത്. നിങ്ങളുടെ ഭക്ഷണത്തിന് രുചി കൂട്ടുന്നതിനു പുറമേ ചര്‍മ്മ സംരക്ഷണത്തിലും അതുല്യമായ സംഭാവനകള്‍ നല്‍കാന്‍ ഈ സുഗന്ധവ്യഞ്ജനങ്ങള്‍ നിങ്ങളെ സഹായിക്കും. നിങ്ങളുടെ സൗന്ദര്യ ദിനചര്യയില്‍ ഈ മൂന്ന് സുഗന്ധവ്യഞ്ജനങ്ങള്‍ എങ്ങനെയൊക്കെ ചേര്‍ക്കാം എന്ന് നോക്കാം.

തിളക്കത്തിന് മഞ്ഞള്‍
പ്രകൃതിദത്തമായ എണ്ണ നിയന്ത്രിക്കുന്ന ഗുണങ്ങളും ആന്റിഓക്സിഡന്റ് ഗുണങ്ങളും മഞ്ഞളില്‍ അടങ്ങിയിട്ടുണ്ട്. അതില്‍ അടങ്ങിയിരിക്കുന്ന ശക്തമായ ഘടകമായ കുര്‍ക്കുമിന്‍ വീക്കം കുറയ്ക്കാന്‍ സഹായിക്കും. ഇത് ചര്‍മ്മത്തെ കൂടുതല്‍ യൗവനത്തോടെ കാണുന്നതിനും ഒപ്പം നേര്‍ത്ത വരകളും ചുളിവുകളും കുറയ്ക്കുകയും ചെയ്യും.
എങ്ങനെ ഉപയോഗിക്കാം
ഒരു ടീസ്പൂണ്‍ വീതം മഞ്ഞള്‍, തേന്‍, ക്രീം എന്നിവ എടുത്ത് മിക്‌സ് ചെയ്യുക. ഈ മിശ്രിതം ഉപയോഗിച്ച് മുഖം മൃദുവായി മസാജ് ചെയ്ത് 20 മിനിറ്റ് വിടുക. ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകി കളയാം. ഇത് നിങ്ങളുടെ ചര്‍മ്മത്തിന് മികച്ച തിളക്കം പ്രദാനം ചെയ്യും.
ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കാന്‍ ഇഞ്ചി
ഇഞ്ചിയില്‍ ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാഡിക്കല്‍ കേടുപാടുകള്‍ തടയുകയും ചര്‍മ്മത്തിന്റെ നിറം തുല്യമാക്കാനും ഇലാസ്തികത മെച്ചപ്പെടുത്താനും സഹായിക്കുന്നു. ടാന്‍ നീക്കം ചെയ്യാനും ഇതിന് കഴിയും.
എങ്ങനെ ഉപയോഗിക്കാം
ഒരു ടീസ്പൂണ്‍ ഇഞ്ചി നീര്, റോസ് വാട്ടര്‍, നാരങ്ങ നീര് എന്നിവ കലര്‍ത്തി നിങ്ങളുടെ മുഖത്തിന് പാകമായ ഇഞ്ചി മാസ്‌ക് ഉണ്ടാക്കുക. ഈ മിശ്രിതം ഉപയോഗിച്ച് മുഖം മൃദുവായി സ്‌ക്രബ് ചെയ്ത ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. ആഴ്ചയില്‍ ഒരിക്കല്‍ ഇത് ഉപയോഗിക്കുന്നത് നല്ലതാണ്
വിഷവിമുക്തമാക്കാന്‍ കുരുമുളക്
കുരുമുളക് പ്രകൃതിദത്തമായ വിഷാംശം ഇല്ലാതാക്കുന്ന ഒന്നാണ്, മഗ്‌നീഷ്യം, ഇരുമ്പ്, പൊട്ടാസ്യം, വിറ്റാമിന്‍ സി, കെ എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. ചുളിവുകള്‍, നേര്‍ത്ത വരകള്‍, പിഗ്മെന്റേഷന്‍ എന്നിവ കുറയ്ക്കാന്‍ ഇത് സഹായിക്കും.
എങ്ങനെ ഉപയോഗിക്കാം
ഒരു നുള്ള് കുരുമുളക് മൂന്ന് ടേബിള്‍സ്പൂണ്‍ തൈരില്‍ കലര്‍ത്തി മുഖത്ത് പുരട്ടുക. അഞ്ച് മിനിറ്റ് വെച്ച ശേഷം കഴുകി കളയുക. ബ്ലാക്ക്ഹെഡ്സ് നീക്കം ചെയ്യാനും ഇത് ഉത്തമമാണ്.












Click it and Unblock the Notifications