മോയ്സ്ചറൈസര്‍ സണ്‍സ്‌ക്രീന് മുന്‍പാണോ ശേഷമാണോ പുരട്ടേണ്ടത്; മറുപടി ഇവിടെയുണ്ട്
ചര്‍മസംരക്ഷണത്തില്‍ ഏറ്റവും അനിവാര്യമായ രണ്ട് ഉല്‍പന്നങ്ങളാണ് സണ്‍സ്‌ക്രീനും മോയ്സ്ചറൈസറും. രണ്ട് ഉല്‍പന്നത്തിനും വ്യത്യസ്തമായ ദൗത്യമാണുള്ളത്. സണ്‍സ്‌ക്രീന്‍ സൂര്യപ്രകാശത്തില്‍ നിന്ന് ചര്‍മത്തിന് സംരക്ഷണമേകുമ്പോള്‍ മോയ്സ്ചറൈസര്‍ ചര്‍മത്തിന്റെ വരള്‍ച്ച മാറ്റുകയും ജലാംശം നിലനിര്‍ത്തുകയും ചെയ്യും.
ഒരു കൈയില്‍ മോയ്സ്ചറൈസറും മറുകൈയില്‍ സണ്‍സ്‌ക്രീനും പിടിച്ച് ആദ്യം ഏതാണ് പുരട്ടേണ്ടതെന്ന് ചിന്തിച്ചുകൊണ്ട് കണ്ണാടിക്ക് മുന്നില്‍ നില്‍ക്കാറുണ്ടോ? ആദ്യം ചര്‍മത്തില്‍ പുരട്ടേണ്ടത് ഏതാണെന്ന് പലര്‍ക്കും ആശയക്കുഴപ്പമുള്ള കാര്യമാണ്. സണ്‍സ്‌ക്രീന് മുന്‍പാണോ ശേഷമാണോ മോയ്സ്ചറൈസര്‍ പുരട്ടേണ്ടതെന്നാണ് ഇവിടെ വിശദീകരിക്കുന്നത്.
ഇതിനുള്ള ഉത്തരം മോയ്സ്ചറൈസറാണ് ആദ്യം പുരട്ടേണ്ടത് എന്നാണ്. സണ്‍സ്‌ക്രീന്‍ അവസാനവും. സ്‌കിന്‍ കെയര്‍ ദിനചര്യയില്‍ ഏറ്റവും അവാസാനം ഉപയോഗിക്കേണ്ടത് സണ്‍സ്‌ക്രീനാണ്. കാരണം ചര്‍മസംരക്ഷണം ഒരു സാന്‍ഡ്വിച്ച് ഉണ്ടാക്കുന്നതു പോലെയാണെന്ന് സൗന്ദര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

മോയ്സ്ചറൈസര്‍ ഫില്ലിങ് പോലെയാണ്. ഇത് ചര്‍മ്മത്തിന് വേണ്ട പോഷണം നല്‍കുന്നു. സണ്‍സ്‌ക്രീന്‍ ഫില്ലിങ്ങിന് സംരക്ഷണം ഒരുക്കുന്ന മുകളിലെ ബ്രെഡിന്റെ കഷ്ണം പോലെയാണ്. മോയ്സ്ചറൈസര്‍ ചര്‍മ്മത്തിന്റെ മൃദുത്വവും ജലാംശവും നിലനിര്‍ത്താന്‍ സഹായിക്കുന്നു, അതേസമയം സണ്‍സ്‌ക്രീന്‍ സൂര്യപ്രകാശത്തിനെതിരെ ഒരു സംരക്ഷണ വലയം സൃഷ്ടിക്കുന്നു. ആദ്യം സണ്‍സ്‌ക്രീന്‍ പുരട്ടിയാല്‍ ചര്‍മം മോയ്സ്ചറൈസറിനെ നന്നായി ആഗിരണം ചെയ്യില്ല. മോയ്സ്ചറൈസര്‍ രണ്ടാമത് ഇടുകയാണെങ്കില്‍ അത് സണ്‍സ്‌ക്രീനിന്റെ സംരക്ഷണത്തെ ദുര്‍ബലപ്പെടുത്തും.
ആദ്യം മോയ്സ്ചറൈസര്‍ പുരട്ടുക, അത് ചര്‍മത്തിലേക്ക് ആഗിരണം ചെയ്യാന്‍ ഒരു മിനിറ്റ് കാത്തിരിക്കുക. തുടര്‍ന്ന് അതിന് മുകളില്‍ സണ്‍സ്‌ക്രീന്‍ പുരട്ടുക. കഴുത്തില്‍ പുരട്ടുന്നത് മറക്കുരുത്. പുറത്തായിരിക്കുമ്പോള്‍ ഓരോ മൂന്ന് മുതല്‍ നാലു മണിക്കൂര്‍ കൂടുമ്പോഴും സണ്‍സ്‌ക്രീന്‍ പുരട്ടുക. നിങ്ങളുടെ ചര്‍മ്മത്തെ സുരക്ഷിതമായി നിലനിര്‍ത്താന്‍ ഇങ്ങനെ പുരട്ടുന്നത് വലിയ ഗുണം ചെയ്യും.
അള്‍ട്രാ വയലറ്റ് രശ്മികളെ ഫലപ്രദമായി തടയാന്‍ സണ്‍സ്‌ക്രീന്‍ ചര്‍മ്മത്തിന് മുകളില്‍ ഒരു പാളിയായി രൂപപ്പെടുത്തേണ്ടതുണ്ട്. മോയ്സ്ചറൈസര്‍, മേക്കപ്പ് അല്ലെങ്കില്‍ മറ്റ് ഉല്‍പ്പന്നങ്ങള്‍ സണ്‍സ്‌ക്രീന് മുകളില്‍ പുരട്ടിയാല്‍ അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്നു സംരക്ഷിക്കാനുള്ള അതിന്റെ കഴിവ് ഗണ്യമായി കുറയുന്നു. അതുകൊണ്ടാണ് സണ്‍സ്‌ക്രീന്‍ പുരട്ടുന്നത് മേക്കപ്പിന്റെ അവസാന ഘട്ടത്തിലായിരിക്കണം എന്നു പറയുന്നത്.












Click it and Unblock the Notifications