മൃദുലമായ ചർമ്മം, പ്രായത്തെയും അകറ്റാം, ഓറഞ്ച് മാത്രം മതി; ഉപയോഗിക്കാം ഇങ്ങനെ
വിലകൂടിയ കെമിക്കലുകളോ പരീക്ഷണങ്ങളോ ഇല്ലാതെ ചർമ്മസൗന്ദര്യം ആഗ്രഹിക്കാത്തവർ കാണില്ല. പക്ഷേ, അതത്ര എളുപ്പമല്ലായെന്ന തോന്നലായിരിക്കും മിക്കവർക്കും. എന്നാൽ വിപണിയിൽ സുലഭമായ ഓറഞ്ച് ഉപയോഗിച്ച് മിനുസവും മൃദുലവുമായ ചര്‍മ്മം സ്വന്തമാക്കാൻ പറ്റുമെന്ന കാര്യം നിങ്ങള്‍ക്കറിയാമോ, അതും വലിയ രീതിയിലുള്ള തയ്യാറെടുപ്പുകളോ സമയമോ വേണ്ടതെ.
വൈറ്റമിൻ സി, ആന്‍റി ഓക്സിഡന്‍റുകൾ, പ്രകൃതിദത്ത ആസിഡുകൾ എന്നിങ്ങനെ ചർമ്മത്തിൽ മാജിക് കാണിക്കുവാൻ വേണ്ടതെല്ലാം ഒളിപ്പിച്ചിരിക്കുന്ന ഓറഞ്ച് സാധാരണക്കാർക്കും കുറഞ്ഞ ചെലവിൽ ഉപയോഗിക്കുവാൻ സാധിക്കുന്ന മാർഗമാണ്. ആരോഗ്യകരമായ രീതിയിൽ ചർമ്മ സംരക്ഷണത്തിന് ഓറഞ്ച് എങ്ങനെ സഹായിക്കുന്നുവെന്നും ഇത് എങ്ങനെയൊക്കെ പ്രയോജനപ്പെടുത്താമെന്നും നോക്കാം.

തിളക്കമുള്ള ചർമ്മം
വെയിലെന്നോ മഴയെന്നോ തണുപ്പെന്നോ വ്യത്യാസമില്ലാതെ, സുന്ദരമായ ചർമ്മം നിലനിർത്താൻ ഓറഞ്ച് ഉപയോഗിക്കാം. ഇതിലെ ആന്‍റി ഓക്സിഡന്‍റുകളുടെ സാന്നിധ്യം ഇരുണ്ട നിറത്തിനു കാരണമാകുന്ന മെലാനിന്‍റെ ഉത്പാദനം നിയന്ത്രിക്കുവാൻ സഹായിക്കുന്നു. ഇങ്ങനെ ഓറഞ്ചിന്റെ ഉപയോഗം വഴി ചർമ്മത്തിലെ ഇരുണ്ട പാടുകള്‍ കുറച്ച് തിളക്കമുള്ളതാക്കുവാൻ കാരണമാകും. ഇതിലടങ്ങിയ വൈറ്റമിൻ സി കൊളാജിൻ ഉല്പാദനം വർധിപ്പിക്കുന്നതിനും ചർമ്മം മൃദുവാക്കുന്നതിനും സഹായിക്കും.
പ്രായമാകുന്നതിനനുസരിച്ച് ചർമ്മത്തിന് നഷ്ടപ്പെടുന്ന തിളക്കവും മുറുക്കവും ഒക്കെ തിരികെ പിടിക്കുവാൻ ആഗ്രഹിക്കുന്നവർക്കും ഓറഞ്ച് ഒരു പരിഹാരമാണ്. ഓറഞ്ചിലെ വൈറ്റമിൻ സി കൊളാജൻ ഉൽപാദനത്തിന് പിന്നിലുള്ള ഫൈബ്രോബ്ലാസ്റ്റുകളെ ഉത്തേജിപ്പിക്കുന്നതിലൂടെ പ്രായംമൂലം ത്വക്കിനുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും. ചർമ്മം യുവത്വത്തോടെ നിലനിർത്താൻ ഓറഞ്ച് മാത്രം മതിയാകും.
ഓറഞ്ച് എങ്ങനെ ഉപയോഗിക്കാം
ഓറഞ്ച് പീൽ പൗഡർ ഫേസ് മാസ്ക്
സൂര്യ പ്രകാശത്തിലോ ഡ്രൈയറിലോ ഓറഞ്ച് തോൽ ഉണക്കിയത് മിക്സിയിൽ നന്നായി പൊടിക്കുക. ഇതിൽ നിന്ന് 1-2 ടീസ്പൂൺ പൗഡർ വെള്ളം, തേൻ, തൈര്, റോസ് വാട്ടർ ഇവയിലേതെങ്കിലും ഒന്നുപയോഗിച്ച് പേസ്റ്റ് പരുവത്തിലാക്കി മുഖത്തിലും കഴുത്തിലും പുരട്ടുക. 15-20 മിനിറ്റിന് ശേഷം മുഖം ചെറുചൂടുവെള്ളത്തിൽ കഴുകി മൃദുവായി തുടയ്ക്കാം.
ഓറഞ്ച് ജ്യൂസ് ടോണർ
മുഖകാന്തി വർധിപ്പിക്കുവാൻ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും ലളിതമായി തയ്യാറാക്കാവുന്ന ഒന്നാണ്
ഓറഞ്ച് ജ്യൂസ് ടോണർ. ഇതിനായി ഓറഞ്ച് നന്നായി പിഴിഞ്ഞ് നീരെടുക്കുക. ഇതിന്റെഅതേ അളവിൽ വെള്ളം ചേർത്ത് മിശ്രിതം ഒരു പഞ്ഞി ഉപയോഗിച്ച് മുഖത്ത് തേച്ചുപിടിപ്പിക്കുക. അങ്ങനെതന്നെ ഉണങ്ങാൻ അനുവദിക്കുക. ഏറ്റവും എളുപ്പത്തിൽ മുഖസൗന്ദര്യം കൂട്ടുവാൻ സാധിക്കുന്ന ഒന്നാണിത്. എന്നാൽ തുല്യഅളവിൽ ഓറഞ്ച് നീരും വെള്ളവും എടുക്കുന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.
ഓറഞ്ച് - തേൻ ഫേസ്മാസ്ക്
ഓറഞ്ച് നന്നായി പിഴിഞ്ഞെടുക്കുക. രണ്ട് സ്പൂൺ ഓറഞ്ച് നീരിലേക്ക് ഒരു ടേബിൾ സ്പൂൺ തേൻ ചേർക്കുക. ഈ മിശ്രിതം മുഖത്ത് തേച്ചുപിടിപ്പിച്ച ശേഷം 15 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക.
ഓറഞ്ച് - തൈര് ഫേസ് മാസ്ക്
പിഴിഞ്ഞെടുത്ത രണ്ട് ടേബിൾസ്പൂൺ ഓറഞ്ച് നീരിലേക്ക് അതേ അളവിൽ തൈര് ചേർക്കുക. ഈ മിശ്രിതം മുഖത്ത് നന്നായി തേച്ചുപിടിപ്പിക്കുക. 20 മിനിറ്റ് നേരം മുഖത്തുവെച്ച ശേഷം തണുത്തവെള്ളത്തിൽ മുഖം കഴുകുക.
ഓറഞ്ച്- അലോവേര ജെൽ മാസ്ക്
മുഖസൗന്ദര്യത്തിന് എളുപ്പത്തിൽ തയ്യാറാക്കാവുന്ന മറ്റൊരു മാസ്കാണ് ഓറഞ്ച്- അലോവേര ജെൽ മാസ്ക്. ഇതിനായി നന്നായി പിഴിഞ്ഞെടുത്ത ഓറഞ്ച് നീരിലേക്ക് തുല്യ അളവിൽ കറ്റാർവാഴ ജെൽ ചേർക്കുക. ഈ മിശ്രിതം മുഖത്ത് എല്ലാ ഭാഗങ്ങളിലും കൃത്യമായി തേക്കുക. തുടർന്ന് ഏകദേശം 15 മിനിറ്റിന് ശേഷം വെളളമുപയോഗിച്ച് കഴുകിക്കളയുക.
ഓറഞ്ച് ഫേഷ്യൽ റബ്
വീട്ടിൽ ഒരു ഓറഞ്ച് ഇരിപ്പുണ്ടെങ്കിൽ അതുമാത്രമുപോഗിച്ച് ചെയ്യാൻ പറ്റിയ ഒന്നാണിത്. ഓറഞ്ച് രണ്ടായി മുറിച്ച് അത് മുഖത്ത് തേച്ചുപിടിപ്പിക്കുക. പതിനഞ്ച് മിനിറ്റിന് ശേഷം വെള്ളത്തിൽ മുഖം കഴുകുക.












Click it and Unblock the Notifications