മഞ്ഞള്‍ അരച്ച് മുഖത്ത് പുരട്ടുന്നതോ പൊടിയോ നല്ലത്; അരച്ചു തേച്ചാല്‍ മുഖത്തിന് സംഭവിക്കുന്നത്
പാരമ്പര്യ സൗന്ദര്യ സംക്ഷണത്തില്‍ മഞ്ഞളിന്റെ സ്ഥാനം മറികടക്കാന്‍ ഈ ആധുനിക കാലത്തും മറ്റൊരു ഉല്‍പന്നത്തിനും ഇതുവരെ കഴിഞ്ഞിട്ടില്ല. ചര്‍മത്തിന്റെ നിറവും തിളക്കവും വര്‍ധിപ്പിക്കാന്‍ പൂര്‍വികരായി തുടങ്ങിയതാണ് മഞ്ഞളിന്റെ പ്രയോഗം. ആയുര്‍വേദത്തിലും മഞ്ഞളിന് സുപ്രധാനമായ സ്ഥാനമുണ്ട്. സോപ്പിന്റെ ഉപയോഗം വ്യാപകമാകുന്നതിന് മുന്‍പ് മഞ്ഞളരച്ച് കുളിക്കുന്നതായിരുന്നു നമ്മുടെ മുത്തശ്ശിമാരുടെ ശീലം. ചര്‍മത്തിന്റെ ഒരുവിധം പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിക്കാന്‍ മഞ്ഞളിന് കഴിഞ്ഞിരുന്നു.
സോപ്പുകള്‍ വിപണിയില്‍ വന്നതോടെ അതിലും മഞ്ഞള്‍ പ്രധാനപ്പെട്ട ചേരുവയായി. മഞ്ഞള്‍ അടങ്ങിയിട്ടുള്ള നിരവധി ക്രീമുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. എങ്കിലും മഞ്ഞള്‍ നേരിട്ട് ഉപയോഗിക്കുന്നതിന്റെ ഗുണം ഒന്നു വേറെ തന്നെയാണ്.
ഡിസംബര്‍ അടുത്തുവരുമ്പോള്‍ ചര്‍മത്തിന്റെ വരള്‍ച്ച വര്‍ധിക്കും. ഈ സമയത്ത് ചര്‍മത്തിന് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏറ്റവും മികച്ച വീട്ടുവൈദ്യങ്ങളില്‍ ഒന്നാണ് മഞ്ഞള്‍. ആന്റി ബാക്ടീരിയല്‍, ആന്റിഓക്സിഡന്റ് ഗുണങ്ങളാല്‍ സമ്പന്നമാണ് മഞ്ഞള്‍. ഈ ഘട്ടത്തില്‍ ഒരു സംശയം ഉയരുന്നത് പച്ചമഞ്ഞള്‍ (അസംസ്‌കൃത) അരച്ചു പുരട്ടുന്നതാണോ അതോ സംസ്‌കരിച്ച് പൊടിയാക്കി ഉപയോഗിക്കുന്നതാണോ ചര്‍മ്മസംരക്ഷണത്തിന് ഏറ്റവും നല്ലത് എന്നുള്ളതാണ്.

അസംസ്‌കൃത മഞ്ഞള്‍ എന്നു പറയുന്നത് മഞ്ഞള്‍ ചെടിയുടെ ഫ്രഷായ വേരാണ്. സംസ്‌കരിച്ച മഞ്ഞള്‍ ഉണക്കി, പൊടിച്ച രൂപത്തിലാണ് ലഭിക്കുന്നത്. അസംസ്‌കൃത മഞ്ഞളില്‍ ചര്‍മപ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന കുര്‍ക്കുമിനും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. മഞ്ഞള്‍ വേരുകള്‍ തിളപ്പിച്ച്, ഉണക്കി, നേര്‍ത്ത പൊടിയാക്കി മാറ്റിയാണ് സംസ്‌കരിച്ച മഞ്ഞള്‍ നിര്‍മ്മിക്കുന്നത്. ഇങ്ങനെ തിളപ്പിക്കുമ്പോള്‍ മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന സ്വാഭാവിക ഈര്‍പ്പവും മറ്റ് എണ്ണകളും ഇല്ലാതാകുന്നു.
ചര്‍മ്മസംരക്ഷണത്തില്‍ അസംസ്‌കൃത മഞ്ഞളിനാണ് കൂടുതല്‍ കഴിവുള്ളത്. പ്രകൃതിദത്ത എണ്ണകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ അസംസ്‌കൃത മഞ്ഞള്‍ ചര്‍മ്മത്തിന്റെ ഈര്‍പ്പം നിലനിര്‍ത്താന്‍ കൂടുതല്‍ സഹായിക്കും. പൊടിച്ച മഞ്ഞള്‍ വിവിധ പ്രോസസിങ്ങിലൂടെ കടന്നു പോകുന്നതിനാല്‍ അതിന്റെ സ്വാഭാവിക ഗുണങ്ങള്‍ കുറയാന്‍ സാധ്യതയുണ്ട്.
പച്ചമഞ്ഞള്‍ പൂര്‍ണമായും പ്രകൃതിദത്തമായ ഉല്‍പ്പന്നമാണ്. അതില്‍ പ്രിസര്‍വേറ്റീവുകള്‍ ഒന്നും അടങ്ങിയിട്ടില്ലെന്ന ഉറപ്പോടെ ഉപയോഗിക്കാം. മഞ്ഞള്‍ ചര്‍മ്മത്തിലെ മൃതകോശങ്ങളെ പുറന്തള്ളുകയും അകാല വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു.
അസംസ്‌കൃത മഞ്ഞള്‍ നന്നായി അരച്ചെടുത്ത് വീട്ടില്‍ തന്നെ ഫേസ് മാസ്‌ക് തയ്യാറാക്കാവുന്നതാണ്. മഞ്ഞള്‍ നന്നായി അരച്ചെടുത്ത് അതില്‍ തേന്‍, തൈര്, അല്ലെങ്കില്‍ പാല്‍ പോലുള്ള പ്രകൃതിദത്ത ചേരുവകള്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം 10-15 മിനിറ്റ് മുഖത്തും കഴുത്തിലും പുരട്ടുക. തുടര്‍ന്ന് ഇളം ചൂടുവെള്ളത്തില്‍ കഴുകി കളഞ്ഞ ശേഷം പതിവായി ഉപയോഗിക്കുന്ന മോയ്സ്ചറൈസര്‍ പുരട്ടുക. സൂര്യരശ്മിയില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിനും മുഖക്കുരുവിന്റെ പാടുകള്‍ കുറയ്ക്കുന്നതിനും ഈ ഫേസ് പാക്ക് സഹായിക്കും.
ചുരുക്കത്തില്‍ ചര്‍മ്മത്തിന് നല്ല റിസള്‍ട്ട് ലഭിക്കാന്‍ സംസ്‌കരിക്കാത്തതും പ്രകൃതിദത്തവുമായ അസംസ്‌കൃത മഞ്ഞളാണ് ഏറ്റവും മികച്ചത്.












Click it and Unblock the Notifications