തണുപ്പുകാലം എത്താറായി; ചര്‍മത്തിന്റെ വരള്‍ച്ച തടയാന്‍ ഈ സ്‌കിന്‍ കെയര്‍ ടിപ്‌സ് പരീക്ഷിക്കൂ
ശൈത്യകാലം വരുമ്പോള്‍ വരള്‍ച്ചയില്ലാത്ത ചര്‍മ്മം നിലനിര്‍ത്തുക എന്നത് ഒരു വലിയ വെല്ലുവിളിയാണ്. പലപ്പോഴും രാവിലെ ഉണര്‍ന്ന് എണീക്കുമ്പോള്‍ കൈയും കാലും ഉള്‍പ്പെടെ ശരീരം വരണ്ടതായി കാണപ്പെടും. ഡിസംബര്‍ മുതല്‍ അങ്ങോട്ടുള്ള മാസങ്ങളില്‍ ഇത് കൂടുതലായി അനുഭപ്പെടും.
ഈ സമയത്ത് ചര്‍മ്മത്തെ എങ്ങനെ ഈര്‍പ്പമുള്ളതാക്കുകയും സംരക്ഷിക്കുകയും ചെയ്യാമെന്ന് ഡെര്‍മറ്റോളജിസ്റ്റുകള്‍ പല ടിപ്‌സും നല്‍കുന്നുണ്ട്. വീര്യം കുറഞ്ഞ ക്ലെന്‍സര്‍, ഗുണനിലവാരമുള്ള മോയ്സ്ചറൈസര്‍, ചര്‍മത്തിന് ജലാംശം നല്‍കുന്ന ഉല്‍പ്പന്നങ്ങള്‍ എന്നിവ ഉപയോഗിച്ചും ആവശ്യത്തിന് വെള്ളം കുടിച്ചും ഈര്‍പ്പം നിലനിര്‍ത്താന്‍ കഴിയും.
രാത്രിയില്‍ ശരീരത്തില്‍ പുരട്ടാന്‍ വെള്ളം പോലിരിക്കുന്ന ബോഡി ലോഷനുകള്‍ ഒഴിവാക്കി കട്ടിയുള്ള മോയ്സ്ചറൈസര്‍ തിരഞ്ഞെടുക്കുക. ഈര്‍പ്പം നിലനിര്‍ത്താന്‍ കഴിവുള്ള ചേരുവകളാണ് ഹൈലൂറോണിക് ആസിഡ്, ഗ്ലിസറിന്‍ തുടങ്ങിയവ. ഇത് അടങ്ങിയ ക്രീമുകള്‍ തിരഞ്ഞെടുക്കുക. കുളിച്ച ശേഷം ഉടന്‍ തന്നെ മോയ്സ്ചറൈസര്‍ പുരട്ടുന്നത് ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. തണുത്ത കാലാവസ്ഥ മൂലമുണ്ടാകുന്ന വരള്‍ച്ച തടയാന്‍ ഇത് സഹായിക്കും.

തണുപ്പുകാലത്ത് വീര്യം കുറഞ്ഞ ക്ലെന്‍സര്‍ ഉപയോഗിക്കുന്നത് വളരെ പ്രധാനമാണ്. ചര്‍മ്മത്തിലെ സ്വാഭാവിക എണ്ണമയം നീക്കം ചെയ്യുന്ന കഠിനമായ സോപ്പുകള്‍ ഈ തണുപ്പു കാലത്ത് ഒഴിവാക്കാന്‍ ഡെര്‍മറ്റോളജിസ്റ്റുകള്‍ നിര്‍ദേശിക്കുന്നു. പകരം, ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്തുന്ന ക്ലെന്‍സര്‍ തിരഞ്ഞെടുക്കുക. ഇത് ചര്‍മ്മത്തെ മൃദുവായി സംരക്ഷിക്കുന്നു. ചര്‍മം വിണ്ടുകീറി തൊലി അടര്‍ന്നു പോകാനുള്ള സാധ്യതയും കുറയ്ക്കുന്നു.
ഏതൊരു ചര്‍മ്മസംരക്ഷണ ദിനചര്യയും സ്ഥിരമായി ചെയ്യാന്‍ ശ്രമിക്കുക. പെട്ടെന്ന് ഫലം ഉണ്ടാകാത്തതില്‍ മടുപ്പ് തോന്നരുത്. ഉല്‍പ്പന്നങ്ങള്‍ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഉപയോഗിക്കുക. എന്നും പരിചരണം നല്‍കുമ്പോഴാണ് ചര്‍മ്മത്തില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ ഉണ്ടാകുന്നത്.
ക്രീമുകള്‍ മാത്രം ഉപയോഗിച്ചതു കൊണ്ട് മികച്ച ഫലം ലഭിക്കില്ല. ജീവിതശൈലിയിലു മാറ്റങ്ങള്‍ വരുത്തണം. രാത്രിയില്‍ മുറിയില്‍ ഒരു ഹ്യുമിഡിഫയര്‍ ഉപയോഗിക്കുന്നത് വായുവില്‍ ഈര്‍പ്പം വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മത്തിന് ഗുണം ചെയ്യുകയും ചെയ്യും. ധാരാളം വെള്ളം കുടിക്കുകയും സമീകൃതാഹാരം കഴിക്കുകയും ചെയ്യുന്നത് ചര്‍മ്മത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടാന്‍ സഹായിക്കും. ഇത്തരം ടിപ്‌സുകള്‍ പിന്തുടരുന്നതിലൂടെ ആരോഗ്യകരമായ ചര്‍മ്മം നിലനിര്‍ത്താന്‍ കഴിയും. സ്ഥിരമായ ചര്‍മ പരിചരണം ഉണ്ടെങ്കില്‍ മാത്രമേ തണുത്ത കാലാവസ്ഥ ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ കഴിയൂ.












Click it and Unblock the Notifications