വീടുകളില്‍ പാമ്പുകള്‍ വരാതിരിക്കണോ? അവയ്ക്ക് ഇഷ്ടമില്ലാത്ത ഈ മാര്‍ഗങ്ങള്‍ പരീക്ഷിച്ചുനോക്കൂ
ഭൂരിപക്ഷം പേര്‍ക്കും പേടിയുള്ള ജീവിയാണ് പാമ്പുകള്‍. പാമ്പു കടിയേറ്റുള്ള മരണമാണ് പേടിയുടെ അടിസ്ഥാന കാരണം. ഇപ്പോള്‍ നാട്ടിന്‍പുറങ്ങള്‍ക്കു പുറമേ നഗരങ്ങളിലും പാമ്പുകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. പലപ്പോഴും വെള്ളപ്പൊക്കത്തിലും മറ്റുമാണ് വിഷം കൂടിയ ഇനം പാമ്പുകള്‍ നാട്ടിലേക്ക് എത്തുന്നത്. കാടുകളില്‍ മാത്രം കാണപ്പെട്ടിരുന്ന രാജവെമ്പാലകളെ പോലും നാട്ടിന്‍പുറങ്ങളില്‍ നിന്നും പിടികൂടുന്ന സംഭവങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്.
വീടുകളില്‍ നിന്ന് പാമ്പുകളെ അകറ്റി നിര്‍ത്താന്‍ സുരക്ഷിതമായ വഴികള്‍ പലരും അന്വേഷിക്കാറുണ്ട്. ചില സസ്യങ്ങളില്‍ നിന്നുള്ള രൂക്ഷഗന്ധം പാമ്പുകള്‍ വരുന്നത് തടയും. ഈ സസ്യങ്ങള്‍ വീടുകളിലും കൃഷിയിടങ്ങളിലും വളര്‍ത്തുന്നത് പാമ്പുകള്‍ വരാതിരിക്കാന്‍ പ്രയോജനപ്പെടും. അവയില്‍ ചിലത് പരിചയപ്പെടുത്താം:
പാമ്പുകളെ അകറ്റാന്‍ സാധാരണയായി ഉപയോഗിക്കുന്ന സസ്യമാണ് ലെമണ്‍ഗ്രാസ്. ഇതിന്റെ തീവ്രമായ നാരങ്ങാഗന്ധം, മണം പിടിച്ച് ഇര തേടുന്ന പാമ്പുകളെ ആശയക്കുഴപ്പത്തിലാക്കിയേക്കാം. നടപ്പാതകളോടും അതിരുകളോടും ചേര്‍ന്നാണ് ഇത് നടുന്നത്. കുറഞ്ഞ പരിചരണത്തില്‍ ചട്ടികളിലും ഇത് നന്നായി വളരും. ലെമണ്‍ഗ്രാസിനോട് സാമ്യമുള്ള സിട്രോനെല്ല ഗ്രാസിന് കൂടുതല്‍ രൂക്ഷമായ ഗന്ധമുണ്ട്. കാറ്റില്‍ ഉലയുമ്പോള്‍ ഇതിന്റെ ഇലകള്‍ സുഗന്ധം പുറത്തുവിടും. പൂമുഖങ്ങള്‍ക്കും പുറത്തെ ഇരിപ്പിടങ്ങള്‍ക്കും സമീപം ഇത് നട്ടുപിടിപ്പിക്കാറുണ്ട്. കൊതുകുകളെ അകറ്റുന്നതിനാല്‍, ഈര്‍പ്പമുള്ള സ്ഥലങ്ങളിലും ഇത് വളര്‍ത്താം.

ചെണ്ടുമല്ലിയുടെ ശക്തമായ ഗന്ധം കീടങ്ങളെയും പാമ്പുകളെയും അകറ്റാന്‍ സഹായിച്ചേക്കാമെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. വേലികളോടും അതിരുകളോടും ചേര്‍ന്ന് ഇവ നട്ടാല്‍ വേഗത്തില്‍ വളരും. സൂര്യപ്രകാശവും പതിവായ നനയും ആവശ്യമാണ്. ഏതു തരം മണ്ണിലും ഇവ വളരും.
പല വീടുകളിലും പ്രവേശന കവാടത്തില്‍ നട്ടുവളര്‍ത്തുന്ന സസ്യമാണ് തുളസി. ഇതിന്റെ തീവ്രമായ മണം ചെറിയ കീടങ്ങളെ അകറ്റുമെന്ന് വിശ്വസിക്കപ്പെടുന്നു. തുളസിയുടെ ഗന്ധം പാമ്പുകള്‍ക്കും അത്ര ഇഷ്ടമുള്ളതല്ല. അതുപോലെ ആര്യവേപ്പിനും പാമ്പുകളെ അകറ്റുന്ന രൂക്ഷമായ ഗന്ധമാണുള്ളത്. കര്‍ഷകര്‍ വയലോരങ്ങളില്‍ സാധാരണയായി ആര്യവേപ്പ് നടാറുണ്ട്. വീണുകിടക്കുന്ന ഇലകളില്‍നിന്നുള്ള ഗന്ധം പാമ്പുകള്‍ വരുന്നത് തടയും.
പുതിനയുടെ ഇലകളും രൂക്ഷമായ ഗന്ധം പുറപ്പെടുവിക്കുന്നു. പടികള്‍, ജനലുകള്‍, ചെറിയ നടവഴികള്‍ എന്നിവിടങ്ങളില്‍ ഇത് നട്ടുപിടിപ്പിക്കാറുണ്ട്. ഇതിന്റെ ഇടതൂര്‍ന്ന വളര്‍ച്ച പാമ്പുകളുടെ ഒളിത്താവളങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. വെളുത്തുള്ളിയും ഉള്ളിയും മറ്റൊരു പ്രതിരോധ മാര്‍ഗമാണ്. ഇവയുടെ കിഴങ്ങുകളും ഇലകളും സള്‍ഫര്‍ ഗന്ധം പുറത്തുവിടും. ചില വീടുകളില്‍ അടുക്കളത്തോട്ടങ്ങളിലും വേലികളോടടുത്തും ഈ വിളകള്‍ നടാറുണ്ട്.
ഈ സസ്യങ്ങള്‍ വളര്‍ത്തുന്നതിന് ഒപ്പം പാമ്പുകള്‍ വരാതിരിക്കാന്‍ വീട്ടുകാര്‍ ഉറപ്പാക്കേണ്ട ചില കാര്യങ്ങളുണ്ട്. വൃത്തിയുള്ള മുറ്റം, അടച്ച വിള്ളലുകളും പൊത്തുകളും, മാലിന്യ നിയന്ത്രണം എന്നിവയും പാമ്പുകളില്‍ നിന്ന് സുരക്ഷിതത്വം നല്‍കുന്നു.












Click it and Unblock the Notifications