പട്ടിണി കിടന്നാൽ തടി കുറയില്ല, ഈ അഞ്ച് സാധനങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ; ഫലം പെട്ടെന്ന്
ഭക്ഷണം പാടെ ഒഴിവാക്കി ശരീരഭാരം കുറക്കാനുള്ള ശ്രമമാണ് നടത്തുന്നതെങ്കിൽ ശിഷ്ടകാലം ഇനി ആശുപത്രിയിൽ കഴിയേണ്ടി വരും. കൃത്യമായ അളവിൽ കാർബോഹൈഡ്രേറ്റും പ്രോട്ടീനും വിറ്റാമിനുമെല്ലാം ശരീരത്തിൽ എത്തേണ്ടത് അനിവാര്യമാണ്. അതുകൊണ്ട് ഇവയെല്ലാം അടങ്ങിയ ഭക്ഷണങ്ങൾ ഓരോരുത്തരുടേയും ശരീരത്തിന് ആവശ്യമായ രീതിയിൽ കഴിക്കണം. ഇന്ന് തടി കുറക്കാൻ സഹായിക്കുന്ന പ്രോട്ടീൻ സമ്പുഷ്ടമായ ധാന്യ ങ്ങളെ കുറിച്ചാണ് പറയുന്നത്.
തുവര പരിപ്പ്-സസ്യാധിഷ്ഠിത പ്രോട്ടീൻ്റെ മികച്ച ഉറവിടമാണ് തുവര പരിപ്പ്. പാകം ചെയ്ത ഒരു കപ്പ് തുവര പരിപ്പിൽ ഏകദേശം 9 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ടത്രേ. ഇവയിൽ നാരുകളും കാർബോഹൈഡ്രേറ്റുകളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വയറ് നിറഞ്ഞിരിക്കുന്നതായി തോന്നാനും ഇടയ്ക്കിടക്ക് ഭക്ഷണം കഴിക്കണമെന്ന തോന്നാൽ ഇല്ലാതാക്കാനും ഇത് സഹായിക്കും . തുവര പരിപ്പ് ഉപയോഗിച്ച് വൈവിധ്യമാർന്ന സൂപ്പും പായസവും സാലഡുകളും കറികളും ഒക്കെ തയ്യാറാക്കാം. അങ്ങനെ മടുപ്പില്ലാതെ തുവര പരിപ്പ് ധൈര്യമായി ശരീരത്തിൽ എത്തിക്കാം.

കടല- നാരുകൾ, കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകൾ, വിവിധ വിറ്റാമിനുകൾ ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് കടല.പാകം ചെയ്ത ഒരു കപ്പ് കടലയിൽ ഏകദേശം 15 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. സാലഡ് ആയും കറിയായുമെല്ലാം കടല ഉപയോഗിക്കാം.
ബ്ലാക്ക് ബീൻസ്-നാരുകൾ ഇവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. വേവിച്ച ഒരു കപ്പ് ബ്ലാക്ക് ബിനിൽ 15 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ദഹന ആരോഗ്യത്തെ ഇവ പിന്തുണയ്ക്കുന്നു. നാരുകൾ അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ വിശപ്പിനെ ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നു, അതുവഴി തടി കുറക്കാനും ഉത്തമമാണ്.
വൻപയർ-നാരുകൾ, കാർബോഹൈഡ്രേറ്റുകൾ, വിവിധ വിറ്റാമിനുകൾ ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് വൻ പയർ. കറിയായും പായസം വെച്ചും തോരനായും സൂപ്പായുമെല്ലാം ഇവ കഴിക്കാം.പാകം ചെയ്ത ഒരു കപ്പ് വൻ പയറിൽ 15 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഉയർന്ന പ്രോട്ടീനും ഫൈബറും ശരീരഭാരം കുറയ്ക്കാനുള്ള നിങ്ങളെ ശ്രമങ്ങളെ വളരെ അധികം പിന്തുണയ്ക്കുന്നു.
കടല പരിപ്പ്-പാകം ചെയ്ത ഒരു കപ്പിൽ ഏകദേശം 16 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ, ഫൈബർ സമ്പുഷ്ടമായ ഇവ തടി കുറക്കാൻ സഹായിക്കുന്നു.
ഇങ്ങനെയൊക്കെ ആണെങ്കിലും ചിലർക്ക് പരിപ്പ് കഴിക്കുന്നത് ഗ്യാസ് പോലുള്ള പ്രശ്നങ്ങൾ കാരണമായേക്കും. അതുകൊണ്ട് തന്നെ അമിതമായ അളവിൽ കഴിക്കാതെ ശ്രദ്ധിക്കാം. മാത്രമല്ല ഡയറ്റ് തിരഞ്ഞെടുക്കുമ്പോൾ ഒരു ന്യട്രീഷണിസ്റ്റിന്റെ കൂടി സഹായം തേടാം. കൃത്യമായ വ്യായാമവും ഉറപ്പാക്കാം.












Click it and Unblock the Notifications