വറപൊരികള്‍ നിര്‍ത്തി ഡിന്നര്‍ ഏഴു മണിക്ക് കഴിക്കൂ; ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തും
ശരിയായ ആരോഗ്യത്തിന് കൃത്യമായ ഭക്ഷണക്രമം പിന്തുടരേണ്ടത് അനിവാര്യമാണ്. ചിട്ടയായ ഭക്ഷണക്രമം ദഹനം സുഗമമാക്കുകയും ശരീരത്തിന് ഊര്‍ജം നല്‍കുകയും ചെയ്യുന്നതിനു പുറമേ ശരീര ഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു. ജീവിതശൈലി സംബന്ധമായ രോഗങ്ങളുടെ അപകട സാധ്യത കുറയ്ക്കാനും പ്രായമേറുമ്പോഴുള്ള രോഗങ്ങളുടെ വരവിനെ മന്ദഗതിയില്‍ ആക്കാനും ശരിയായ ഭക്ഷണക്രമവും ലളിതമായ വ്യായാമങ്ങളും സഹായിക്കുന്നു.
രാവിലെയും ഉച്ചയ്ക്കും നന്നായി ഭക്ഷണം കഴിച്ചതിനു പിന്നാലെ അത്താഴം ഏറ്റവും ലഘുവാക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. വൈകിട്ട് ഏഴു മണിക്ക് മുമ്പ് അത്താഴം കഴിക്കുന്നത് ശരീരത്തിന് നിരവധി ഗുണങ്ങള്‍ ചെയ്യുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ ഗുണങ്ങള്‍ എന്തൊക്കെയാണെന്നാണ് ഇവിടെ പറയുന്നത്.

ശരീരത്തിലെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കാനായി സര്‍ക്കാഡിയന്‍ റിഥം എന്നറിയപ്പെടുന്ന ആന്തരികമായ ഘടികാരം എല്ലാ ജീവജാലങ്ങള്‍ക്കും ഉണ്ട്. ഈ ആന്തരിക ഘടികാരമാണ് മനുഷ്യന്റെ ഉറക്കവും ഉണര്‍വും എല്ലാം നിയന്ത്രിക്കുന്നത്. ഭക്ഷണം കഴിക്കുന്നത് താളം തെറ്റിയാണെങ്കില്‍ ഈ ഘടികാരത്തിന്റെ പ്രവര്‍ത്തനവും താളം തെറ്റും.
ഒരു വ്യക്തിയുടെ ശാരീരിക ആരോഗ്യത്തെ മാത്രമല്ല മാനസികമായ പെരുമാറ്റ ശീലങ്ങളെ പോലും സ്വാധീനിക്കാന്‍ ഈ സര്‍ക്കാഡിയന്‍ റിഥത്തിനു കഴിയും. ശരീരത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളും കൃത്യമായി നടക്കാന്‍ ഈ സമയക്രമം അനിവാര്യമാണ്. ഈ ആന്തരിക ഘടികാരത്തിന്റെ താളം തെറ്റാതെ ഭക്ഷണശീലം ക്രമീകരിക്കേണ്ടത് നല്ല ആരോഗ്യത്തിന് അനിവാര്യമാണ്. വൈകിട്ട് ഏഴു മണിക്കോ ഏഴു മണിക്ക് മുന്‍പോ അത്താഴം കഴിക്കുന്നതാണ് ഏറ്റവും നല്ലത്. അതിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ദഹനം സുഗമമാക്കുന്നു
അത്താഴം നേരത്തെ കഴിക്കുന്നത് ദഹനം സുഗമമാക്കുകയും അതുവഴി സുഖകരമായ ഉറക്കം ലഭിക്കുകയും ചെയ്യുന്നു. അത്താഴം നേരത്തെ കഴിക്കുന്നതിലൂടെ ഉറക്കത്തിന് മുന്‍പ് ദഹനത്തിന് ഇഷ്ടം പോലെ സമയം ലഭിക്കുന്നു. ഇത് ദഹനക്കേട്, അസിഡിറ്റി, വയറു വീര്‍ക്കല്‍, ഗ്യാസ് കെട്ടല്‍, നെഞ്ചിലെ വിങ്ങല്‍ എന്നിവ ഒഴിവാക്കാന്‍ സഹായിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു
അത്താഴം ഏഴു മണിയോടെ കഴിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ശരിയാംവിധം ക്രമീകരിക്കപ്പെടുന്നു. ശരീരത്തിലെ ഇന്‍സുലിന്റെ ഉല്‍പാദനം മെച്ചപ്പെടുന്നു, അതുവഴി ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയുന്നു.
പൊണ്ണത്തടി നിയന്ത്രിക്കുന്നു
അത്താഴം നേരത്തെ കഴിക്കുന്നതിലൂടെ, പ്രഭാത ഭക്ഷണത്തിന് മുമ്പ് ശരീരത്തിന് കൂടുതല്‍ നേരം ഉപവസിക്കാന്‍ സമയം കിട്ടുന്നു. ഇത് മെറ്റബോളിസത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ശരീര ഭാരം കൂടാനുള്ള പ്രധാന കാരണം രാത്രി വൈകിയുള്ള ലഘുഭക്ഷണമാണ്. ഡിന്നര്‍ നേരത്തെയാക്കി, നേരത്തെ ഉറങ്ങാന്‍ പോകുന്നതോടെ ലഘുഭക്ഷണത്തോടുള്ള ആസക്തി കുറയുന്നു. ഇത് ശരീരഭാരം ആരോഗ്യകരമായി നിലനിര്‍ത്താനും സഹായിക്കുന്നു.
ഹൃദയത്തിനും സന്തോഷം
രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദത്തിനും കൊളസ്‌ട്രോളിനും കാരണമാകുന്നു. വൈകുന്നേരം ഏഴു മണിയോടെ അത്താഴം കഴിക്കുമ്പോള്‍, ശരീരത്തിനും ഹൃദയത്തിനും രാത്രി മുഴുവന്‍ മതിയായ വിശ്രമം ലഭിക്കാന്‍ സഹായിക്കുന്നു. അതുവഴി ഹൃദയത്തിനുണ്ടാകുന്ന പ്രയാസങ്ങളും ഹൃദ്രോഗ സാധ്യതയും കുറയ്ക്കുന്നു.












Click it and Unblock the Notifications