മുപ്പതായപ്പൊഴേ മുടിയൊക്കെ നരച്ച് പോയോ? അകാല നര തടയാൻ ഒരു മാജിക് ഹെർബൽ ചായ ഇതാ
ഇന്നത്തെ കാലത്ത് മുടി നരയ്ക്കാൻ പ്രായമാകണം എന്നൊന്നുമില്ല. മുപ്പതുകളിൽ തന്നെ മുടി നരയ്ക്കുന്നത് സാധാരണമായിരിക്കുകയാണ്. ഇത് മിക്കവരേയും വിഷമിപ്പിക്കുകയും ആത്മവിശ്വാസം തകർക്കുകയും ചെയ്യുന്ന ഒരു കാര്യമാണ്.
മുടി കറുപ്പിക്കാൻ പാർലർ വഴിയും വീട്ടിലും രാസവസ്തുക്കൾ അടങ്ങിയ ഡൈയും മറ്റും ആളുകൾ ഉപയോഗിക്കാറുണ്ട്. നര മാറ്റാൻ ചില പ്രകൃതിദത്ത വഴികളുമുണ്ട്. പ്രമുഖ ഡയറ്റീഷ്യൻ മൻപ്രീത് കൽറ നിർദ്ദേശിക്കുന്നത് ഒരു പ്രത്യേക ഹെർബൽ ചായയാണ്. ഈ ചായയുടെ പ്രധാന ചേരുവകൾ എന്തൊക്കെ ആണെന്നും ഇതെങ്ങനെ തയ്യാറാക്കാം എന്നും നോക്കാം.
1. ചെമ്പരത്തിപ്പൂ പൊടി
മുടിയുടെ ആരോഗ്യത്തിന് പണ്ടുമുതലേ ഉപയോഗിക്കുന്ന ഒന്നാണ് ചെമ്പരത്തി. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സി-യും മുടിക്ക് നിറം നൽകുന്ന മെലാനിൻ എന്ന പിഗ്മെന്റിന്റെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു. ഇത് തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിക്കുകയും മുടിവേരുകൾക്ക് ആവശ്യമായ പോഷണം നൽകുകയും ചെയ്യുന്നു.
2. ഉലുവ
ആരോഗ്യകരമായ മുടിവളർച്ചയ്ക്ക് ആവശ്യമായ പ്രോട്ടീൻ, ഇരുമ്പ് എന്നിവ ഉലുവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് മുടിവേരുകളെ ശക്തമാക്കുകയും അകാലനരയ്ക്കുള്ള പ്രധാന കാരണങ്ങളിലൊന്നായ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ, ഹോർമോൺ വ്യതിയാനങ്ങൾ നിയന്ത്രിക്കാനും ഇത് സഹായിക്കും.

3. മഞ്ഞൾ
മഞ്ഞളിൽ അടങ്ങിയിരിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ തലയോട്ടിയിലെ അണുബാധകളും വീക്കങ്ങളും കുറയ്ക്കുന്നു. മഞ്ഞളിലെ കുർക്കുമിൻ എന്ന ഘടകം മുടിയുടെ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും മുടിയുടെ ജീവൻ നിലനിർത്തുകയും ചെയ്യുന്നു.
4. ഇന്തുപ്പ്
മഗ്നീഷ്യം, പൊട്ടാസ്യം, കാൽസ്യം തുടങ്ങിയ അത്യാവശ്യ ധാതുക്കൾ അടങ്ങിയ ഇന്തുപ്പ് മുടിക്ക് ബലം നൽകാൻ സഹായിക്കുന്നു. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാൻ സഹായിക്കുന്നതിലൂടെ അകാല വാർദ്ധക്യവും അതുവഴിയുള്ള മുടി നരയ്ക്കലും ഇത് തടയുന്നു.
5. നാരങ്ങാനീര്
വിറ്റാമിൻ സി ധാരാളമുള്ള നാരങ്ങാനീര് കൊളാജൻ ഉത്പാദനത്തിന് സഹായിക്കുന്നു, ഇത് മുടിയുടെ ഇലാസ്തികതയും ബലവും നിലനിർത്താൻ പ്രധാനമാണ്. കൂടാതെ, ശരീരത്തിൽ ഇരുമ്പ് സത്ത് നന്നായി ആഗിരണം ചെയ്യാനും നാരങ്ങാനീര് സഹായിക്കും, ഇത് മുടിയുടെ കറുപ്പ് നിറം നിലനിർത്താൻ അത്യന്താപേക്ഷിതമാണ്.
തയ്യാറാക്കുന്ന വിധം:
ചെമ്പരത്തിപ്പൂ പൊടി, ഉലുവ, മഞ്ഞൾ, ഇന്തുപ്പ് എന്നിവ വെള്ളത്തിലിട്ട് നന്നായി തിളപ്പിച്ചെടുക്കുക. അതിനുശേഷം ഇത് അരിച്ചെടുത്ത് അല്പം നാരങ്ങാനീരും ചേർത്ത് ചെറുചൂടോടെ കുടിക്കാം.














Click it and Unblock the Notifications