സ്റ്റൈലാണ്, ചെലവ് കുറവും- ട്രെൻഡിങ്ങായി ഇൻസ്റ്റന്റ് കാർപോർച്ചുകൾ
പരമ്പരാഗത ആർസിസി (സിമന്റ്-കോൺക്രീറ്റ്) നിർമാണരീതിയിൽ ഒരു വീട് പണിയുമ്പോൾ മൊത്തം ബിൽറ്റ് അപ് ഏരിയയിൽ കാർ പോർച്ചും ഉൾപ്പെടുത്താറുണ്ട്. ഫൗണ്ടേഷൻ, സ്ലാബ്, തൂണുകൾ, സിമന്റ്, സ്റ്റീൽ ഉപയോഗം തുടങ്ങിയ മുഴുവൻ ഘടകങ്ങളും ഇതിനും വേണ്ടതിനാൽ പോർച്ചിനും സ്ക്വയർഫീറ്റിന് 1,800 മുതൽ 2,000 രൂപ വരെ ചെലവ് വരും. വീണ്ടും വാഹനങ്ങൾ വാങ്ങുമ്പോൾ സ്ട്രക്ചർ ഒന്ന് മാറ്റമെന്ന് കരുതിയാൽ വൻ പണച്ചെലവ് അതിനുമാകും. കുറഞ്ഞ സമയത്തിനുള്ളിൽ, ചെലവ് കുറച്ച്, സ്റ്റൈലിഷ് ഡിസൈനിൽ നിർമിക്കാൻ കഴിയുന്ന ഇൻസ്റ്റന്റ് കാർപോർച്ചുകൾ കേരളത്തിൽ ട്രെൻഡിങായി തുടങ്ങിയത് അങ്ങിനെയാണ്.
ആധുനിക ടെൻസൈൽ റൂഫിങ് ടെക്നോളജി ഉപയോഗിച്ച് കുറഞ്ഞ സമയത്തിനുള്ളിൽ നിർമിക്കുന്ന ഈ കാർപോർച്ചുകൾക്ക് സ്റ്റീൽ സ്ട്രക്ചറും ഉയർന്ന നിലവാരമുള്ള ഫാബ്രിക് മെറ്റീരിയലുകളുമാണ് ഉപയോഗിക്കുന്നത്. ഡിസൈനും ഇൻസ്റ്റലേഷനും അനുബന്ധജോലികളുമൊക്കെ വേഗത്തിലും കാര്യക്ഷമമായും പൂർത്തിയാക്കാൻ കഴിയുമെന്നതാണ് പ്രധാന പ്രത്യേകത.

കുറഞ്ഞ സപ്പോർട്ടുകൾ കൊണ്ട് വലിയ ഏരിയ കവർ ചെയ്യാനും വിവിധ ഡിസൈനുകളിൽ നിർമിക്കാനും സാധിക്കുന്ന ഇത്തരം കാർപോർച്ചുകൾ അഴിച്ചുമാറ്റി സ്ഥാപിക്കുകയും ചെയ്യാം. മഴ, ചൂട്, യുവി കിരണങ്ങൾ എന്നിവയിൽ നിന്നു സംരക്ഷണവും ലഭിക്കും. പിവിസി/പിവിഡിഎഫ്/പിടിഎഫ്ഇ കോട്ടിങുകൾ ഉള്ള ഹൈ ടെൻസൈൽ ഫാബ്രികുകൾ, എംഎസ് സ്റ്റീൽ സ്ട്രക്ചർ, ഉന്നത ഗുണനിലവാരമുള്ള കേബിളുകളും ഫിറ്റിങ്സ് സാമഗ്രികളും, ആന്റി–റസ്റ്റ് കോട്ടിങ് & വാട്ടർപ്രൂഫ് മെംബ്രൈൻ ലെയർസ് എന്നിവയാണ് ടെൻസൈൽ റൂഫിങ് സിസ്റ്റത്തിൽ ഉപയോഗിക്കുന്ന പ്രധാന ഘടകങ്ങൾ.
പരമ്പരാഗത നിർമാണരീതിയിലേതു പോലെ സിമന്റ്, മണൽ, മെറ്റൽ എന്നിവയൊന്നും ഉപയോഗിക്കേണ്ടാത്തതിനാൽ പോർച്ചിന്റെ വലുപ്പവും ഡിസൈനും അനുസരിച്ച് 25% മുതൽ 40% വരെ ചെലവ് കുറയ്ക്കാൻ സാധിക്കും. ഇൻസ്റ്റന്റ് കാർപോർച്ചുകൾക്ക് സ്ക്വയർ ഫീറ്റിന് ഏകദേശം 500 മുതൽ 700 രൂപവരെ മാത്രമാണ് ചെലവ് കണക്കാക്കുന്നത്. ലേബർടൈമും വളരെ കുറവാണ്.
ഗുണമേന്മയുള്ള മെറ്റീരിയലുകൾ ഉപയോഗിച്ച്, ശരിയായ പരിപാലനം ഉറപ്പാക്കിയാൽ ദീർഘകാലം ഉപയോഗിക്കാൻ കഴിയുന്നവയാണ് ഇൻസ്റ്റന്റ് കാർപോർച്ചുകൾ. ഉപയോഗിക്കുന്ന മെറ്റീരിയലിന്റെ നിലവാരമനുസരിച്ച് 10 വർഷം മുതൽ 20 വർഷം വരെ വാറന്റി ലഭ്യമാണ്. പരമ്പരാഗത രീതിയിൽ നിർമിക്കുന്ന പോർച്ചുകളെ അപേക്ഷിച്ച് കുറഞ്ഞ മെയിന്റനൻസ് മതി. സ്റ്റീൽ സ്ട്രക്ചറിന്റെ കോട്ടിങ് പരിശോധന ഇടവേളകളിൽ നടത്തുക, റൂഫിൽ വെള്ളം കെട്ടിനിൽക്കരുത് എന്നീ കാര്യങ്ങൾ ശ്രദ്ധിക്കുകയും വേണം.












Click it and Unblock the Notifications