ചൂട് 40 ഡിഗ്രി കടക്കുമെന്ന് മുന്നറിയിപ്പ്; ചര്‍മത്തില്‍ ഈ അബദ്ധങ്ങള്‍ കാണിക്കരുതേ
കേരളത്തില്‍ കഴിഞ്ഞ കുറേ നാളുകളായി കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ചൂട് 40 ഡിഗ്രി കടക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിനകം നിരവധി ചര്‍മപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കടുത്ത ചൂടും വെയിലും വിയര്‍പ്പും കാരണമാണ് ചര്‍മത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. ഈ സമയത്ത് പലരും തെറ്റായ ചര്‍മ സംരക്ഷണ രീതികള്‍ പരീക്ഷിക്കാറുണ്ട്. ചര്‍മത്തിന് അനുയോജ്യമല്ലാത്ത സണ്‍സ്‌ക്രീന്‍, അമിതമായ സ്‌ക്രബ്ബിങ്, തെറ്റായ വീട്ടുവൈദ്യങ്ങള്‍, കുറഞ്ഞ ജലാംശം, ഇറുകിയ വസ്ത്രങ്ങള്‍ എന്നിവ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഈ ശീലങ്ങള്‍ അലര്‍ജി, കരുവാളിപ്പ്, സൂര്യതാപം, അമിതമായ വിയര്‍പ്പ് എന്നിവയ്ക്ക് കാരണമാകും.
വേനല്‍ക്കാലത്തെ പ്രധാന പ്രശ്‌നങ്ങളിലൊന്ന് സണ്‍സ്‌ക്രീന്‍ ഉപയോഗത്തിലെ പിഴവുകളാണ്. കടുത്ത അള്‍ട്രാവയലറ്റ് രശ്മികളുള്ളപ്പോള്‍ പോലും പലരും കുറഞ്ഞ സംരക്ഷണമുള്ള സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നു. വീടിനകത്തും വെയില്‍ കുറഞ്ഞ കാലാവസ്ഥയിലും സണ്‍സ്‌ക്രീന്‍ ഒഴിവാക്കുന്നവരുണ്ട്. എന്നാല്‍ വേനല്‍ക്കാലത്ത് പകല്‍ മികച്ച സംരക്ഷണമുള്ള സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നതാണ് ചര്‍മപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഏറ്റവും നല്ലത്.

ചൂടുള്ള കാലാവസ്ഥയിലെ മറ്റൊരു തെറ്റാണ് കഠിനമായ സ്‌ക്രബ്ബുകള്‍ ഉപയോഗിക്കുന്നത്. ദിവസേനയുള്ള സ്‌ക്രബ്ബിങ് അല്ലെങ്കില്‍ പരുക്കന്‍ ഉപകരണങ്ങള്‍ കൊണ്ട് ശരീരത്തില്‍ ഉരയ്ക്കുന്നത് ചര്‍മ്മത്തിന്റെ സംരക്ഷണ പാളിയെ നശിപ്പിക്കും. ഇത് ചുവന്ന പാടുകള്‍, എരിച്ചില്‍, കറുത്ത പാടുകള്‍ എന്നിവയുണ്ടാക്കാം. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മൃദുലമായ സ്‌ക്രബ്ബിങ്ങാണ് ഉചിതം.
ചൂടും വിയര്‍പ്പും കാരണം ചര്‍മ്മം എണ്ണമയമുള്ളതായി തോന്നുമ്പോള്‍ പലരും മോയിസ്ചറൈസര്‍ ഒഴിവാക്കുന്നു. എന്നാല്‍ ഇത് ചര്‍മ്മത്തിന്റെ സംരക്ഷണ പാളിക്ക് ദോഷമാണ്. നേരിയ മോയിസ്ചറൈസര്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. സൂര്യതാപം, എയര്‍ കണ്ടീഷനിങ് എന്നിവ മൂലമുള്ള ചര്‍മത്തിന്റെ വരള്‍ച്ചയെ ഇത് തടയും.
വേനല്‍ക്കാലത്ത് ശരീരത്തിന്റെ ജലാംശം പലരും ശ്രദ്ധിക്കാറില്ല. ശുദ്ധമായ വെള്ളത്തിനു പകരം പലരും മധുരമുള്ള പാനീയങ്ങള്‍ കുടിക്കുന്നു. കൂടിയ അളവിലുള്ള കഫീനും മദ്യവും നിര്‍ജ്ജലീകരണം വഷളാക്കും. ഇത് ചര്‍മ്മത്തെ മങ്ങിയതും വരണ്ടതും. വെള്ളം, സംഭാരം, കരിക്ക്, സീസണല്‍ പഴങ്ങള്‍ എന്നിവ ആരോഗ്യകരമായ വേനല്‍ക്കാല ചര്‍മ്മ സംരക്ഷണത്തിന് അത്യന്താപേക്ഷിതമാണ്.
അബദ്ധമാകുന്ന വീട്ടുവൈദ്യങ്ങള്‍
കടുത്ത വെയിലില്‍ ചര്‍മ്മത്തില്‍ നേരിട്ട് നാരങ്ങാനീര് പുരട്ടുന്നത് പൊള്ളലേല്‍പ്പിക്കാം. ബേക്കിങ് സോഡ, ടൂത്ത്‌പേസ്റ്റ്, നേര്‍പ്പിക്കാത്ത എസന്‍ഷ്യല്‍ ഓയിലുകള്‍ എന്നിവ ചര്‍മ്മത്തിന് അസ്വസ്ഥതകളുണ്ടാക്കാം. സോഷ്യല്‍ മീഡിയയിലെ നുറുങ്ങുകള്‍ പകര്‍ത്തുന്നതിനേക്കാള്‍ വൈദ്യോപദേശം തേടുന്നതാണ് സുരക്ഷിതം. അതുപോലെ ചൂടുവെള്ളത്തിലെ കുളി ചര്‍മ്മത്തെ കൂടുതല്‍ വരണ്ടതാക്കും. ദീര്‍ഘനേരമുള്ള കുളി സ്വാഭാവിക എണ്ണമയത്തെ ഇല്ലാതാക്കുന്നു. മൃദലമായ ക്ലെന്‍സറുകളും ഇളം ചൂടുവെള്ളവുമാണ് ഉത്തമം. തോര്‍ത്തിയ ശേഷം ഉടന്‍ മോയിസ്ചറൈസര്‍ പുരട്ടുന്നത് ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും.
കടുത്ത ചൂടില്‍ വസ്ത്രധാരണത്തിന് വലിയ പ്രാധാന്യമുണ്ട്. ഇറുകിയ സിന്തറ്റിക് തുണിത്തരങ്ങള്‍ വിയര്‍പ്പ് ചര്‍മ്മത്തില്‍ തങ്ങിനിര്‍ത്തും. ഇത് ചൂടുകുരു, ഫംഗസ് അണുബാധകള്‍, മുഖക്കുരു എന്നിവയ്ക്ക് കാരണമാകും. അയഞ്ഞതും വായുസഞ്ചാരമുള്ളതുമായ കോട്ടണ്‍ അല്ലെങ്കില്‍ ലിനന്‍ വസ്ത്രങ്ങള്‍ ചര്‍മ്മത്തെ തണുപ്പിക്കാന്‍ സഹായിക്കുന്നു. നനഞ്ഞ വസ്ത്രങ്ങള്‍ വേഗത്തില്‍ മാറ്റുന്നത് അസ്വസ്ഥതകള്‍ കുറയ്ക്കും. വേനല്‍ക്കാലത്ത് ഓരോ തരം ചര്‍മ്മത്തിനും വ്യത്യസ്തമായ പരിചരണമാണ് ആവശ്യം. നേരത്തെയുള്ള ചര്‍മ സംരക്ഷണത്തിലൂടെ ചര്‍മത്തിന്റെ കേടുപാടുകള്‍ തടയാന്‍ കഴിയും.












Click it and Unblock the Notifications