'മണ്ണില്‍ ചവിട്ടി നടക്കണം'; ഈ ഉപദേശം തള്ളിക്കളയേണ്ട: ആരോഗ്യ ഗുണങ്ങള്‍ ഏറെയുണ്ട്
മണ്ണില്‍ ചവിട്ടി നില്‍ക്കണമെന്ന് പഴമക്കാര്‍ പുതു തലമുറയോട് ഉപദേശിക്കാറുണ്ട്. പ്രകൃതിയെ അറിയാനും ജീവിതത്തില്‍ പിന്നിട്ട വഴികള്‍ ഒരിക്കലും മറക്കാതിരിക്കാനും ആണ് ഈ ഉപദേശം നല്‍കുന്നത്. മണ്ണില്‍ ചെരുപ്പില്ലാതെ ചവിട്ടി നടക്കുന്നതിന് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെന്ന് നമ്മുടെ പഴമക്കാര്‍ തെളിയിച്ചിട്ടുള്ളതാണ്. പണ്ട് കൃഷിയിടങ്ങളില്‍ ചെരുപ്പില്ലാതെയാണ് പലരും ജോലി ചെയ്തിരുന്നത്.
പുതിയ കാലത്ത് ജോലിയുടെ സ്വഭാവം ഓഫീസ് മുറികളിലേക്ക് ഒതുങ്ങിയതോടെ പലര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ രൂക്ഷമായി. മണിക്കൂറുകളോളം കമ്പ്യൂട്ടറിന് മുന്നില്‍ ചെലവഴിക്കുന്ന നിരവധി പേര്‍ നേരിടുന്ന പ്രശ്‌നമാണ് കാലുവേദന. കാലുകള്‍ക്ക് ആവശ്യമായ വ്യായാമം ലഭിക്കാത്തതാണ് ഇതിനു കാരണം. ഇപ്പോഴിതാ അതിരാവിലെ ചെരുപ്പില്ലാതെ പുല്ലിന് മുകളിലൂടെ നടക്കുന്നതിന് നിരവധി ഗുണങ്ങള്‍ ഉണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

വ്യായാമത്തിനു പറ്റിയ ഏറ്റവും നല്ല സമയം അതിരാവിലെയാണ്. ഷൂ ഊരി മാറ്റി അല്‍പനേരം മണ്ണിലും പുല്ലിലും ചവിട്ടി നടക്കുന്നത് സമ്മര്‍ദം അടക്കമുള്ള പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതേസമയം വൃത്തിയുള്ള സ്ഥലത്തായിരിക്കണം നടക്കേണ്ടതെന്ന് ആരോഗ്യ വിദഗ്ധര്‍ പ്രത്യേകം ഉപദേശിക്കുന്നുണ്ട്.
അതിരാവിലെ ഇങ്ങനെ നടക്കുന്നത് മനസ് ശാന്തമാകാന്‍ സഹായിക്കുന്നു. ശുദ്ധവായു, പ്രകൃതിയുമായുള്ള സമ്പര്‍ക്കം എന്നിവ സമ്മര്‍ദത്തിന് കാരണമാകുന്ന സ്‌ട്രെസ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കുന്നു. വെറും 15 മിനിറ്റ് നടന്നാല്‍ പോലും അന്നത്തെ ദിവസം മുഴുവന്‍ പോസിറ്റീവ് എനര്‍ജിയോടെ ജോലി ചെയ്യാന്‍ സാധിക്കും. ജോലി ഭാരത്താല്‍ സ്ട്രെസും ഉത്കണ്ഠയും കൊണ്ട് ബുദ്ധിമുട്ടുന്നവരുടെ എണ്ണം കൂടി വരുന്ന ഈ കാലത്ത് ഏറ്റവും നല്ലൊരു റിലാക്‌സേഷനാണ് അതിരാവിലെ ചെരിപ്പ് ഇടാതെയുള്ള നടത്തം.
നഗ്‌നമായ കാലുകള്‍ കൊണ്ട് ഭൂമിയില്‍ സ്പര്‍ശിക്കുന്നതിലൂടെ മെലറ്റോണിന്‍ ഉല്‍പാദനം വര്‍ധിക്കുന്നു. നമ്മുടെ ഉറക്കത്തെ ക്രമീകരിക്കുന്ന ഹോര്‍മോണ്‍ ആണിത്. മെലറ്റോണിന്റെ ഉല്‍പാദനം വര്‍ധിക്കുന്നതിലൂടെ രാത്രി മികച്ച ഉറക്കം ലഭിക്കും. പ്രഭാതത്തിലുള്ള നടത്തം പകല്‍ സമയത്ത് ഊര്‍ജ്ജം നല്‍കുകയും രാത്രി മികച്ച വിശ്രമം നല്‍കുകയും ചെയ്യും. ഇളം വെയിലേറ്റ് ഇങ്ങനെ നടക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡിയും ലഭിക്കുന്നു.
ഷൂസ് പലപ്പോഴും പാദങ്ങളുടെ ചലനങ്ങളെ പരിമിതപ്പെടുത്താറുണ്ട്. ചെരുപ്പില്ലാതെ നടക്കുമ്പോള്‍ പാദങ്ങളിലെയും കണങ്കാലുകളിലെയും ചെറിയ പേശികളുടെയും ലിഗമെന്റുകളുടെയും ശക്തി വര്‍ധിക്കുന്നു. ഇത് പാദത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. കാലുകള്‍ക്ക് ശക്തി നല്‍കുന്നു. പുല്ലില്‍ നടക്കുമ്പോള്‍ പാദങ്ങളിലെ നാഡീകോശങ്ങള്‍ ഉത്തേജിക്കപ്പെടുകയും രക്തയോട്ടം വര്‍ധിക്കുകയും ചെയ്യുന്നു. ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കുള്ള ഓക്‌സിജന്‍ വിതരണവും സുഗമമാകും.
രക്തചക്രമണം സ്വാഭാവികമായാല്‍ തന്നെ പല ആരോഗ്യ പ്രശ്‌നങ്ങളും ഒഴിവാക്കാനാകും. പുല്ലുകളില്‍ സമ്മര്‍ദം ചെലുത്തി നടക്കുന്നത് കാലുകള്‍ക്ക് അനുഭവപ്പെടുന്ന വേദനയുടെയും പേശിവലിവിന്റെയും തീവ്രത കുറയ്ക്കും. അതേസമയം, മലിന ജലം കെട്ടിക്കിടക്കുന്ന സ്ഥലത്ത് ചെരിപ്പില്ലാതെ നടക്കരുത്. വൃത്തിയുള്ള, ഉണങ്ങിയ പ്രതലത്തില്‍ വേണം നടക്കാന്‍. പുല്‍നാമ്പുകളിലൂടെ നടക്കുമ്പോള്‍ ഉള്ളങ്കാലിന് മസാജിന് തുല്യമായ അനുഭവം ലഭിക്കുന്നു. ഇത് രാവിലെ അനുഭവപ്പെടുന്ന ഉപ്പൂറ്റി വേദന കുറയ്ക്കാനും സഹായിക്കുന്നു.
അതേസമയം, പ്രമേഹ രോഗികള്‍ ചെരിപ്പില്ലാതെ ഒരു കാരണവശാലും നടക്കരുത് എന്നാണ് ഡോക്ടര്‍മാര്‍ ഉപദേശിക്കുന്നത്. കാരണം, ഏതെങ്കിലും കാരണവശാല്‍ മുറിവുണ്ടായാല്‍ അറിയാതെ പോവുകയും പിന്നീട് അത് വഷളാവുകയും ചെയ്യും.
ഡിസ്‌ക്ലെയിമര്‍ - ഗൂഗിളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണ് ഈ ലേഖനം. വണ്‍ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകള്‍ ഇല്ല. അതിനാല്‍ ഇവ പിന്തുടരുന്നതിന് മുന്‍പ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications