എപ്പോഴും ചൂട് വെള്ളത്തിൽ ആണോ കുളി? ശരീരത്തിന് പ്രശ്നങ്ങളേറെയാണ്
തണുപ്പ് കാലത്ത് കുളിക്കുന്നത് തന്നെ പലർക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇനി അഥവാ കുളിക്കുമെങ്കിൽ അത് നല്ല ചൂട് വെള്ളത്തിൽ ആയിരിക്കും. തണുപ്പിൽ നിന്ന് ആശ്വാസവും സുഖവുമെല്ലാം ലഭിക്കുമെങ്കിലും എപ്പോഴും ചൂട് വെള്ളത്തിൽ കുളിക്കുമ്പോൾ ശരീരത്തിന് ദോഷങ്ങളും ഉണ്ടാകുന്നു. പ്രധാനമായും നമ്മുടെ ചർമ്മം, തലമുടി എന്നിവയ്ക്ക് അത്ര സുരക്ഷിതമല്ല ഈ കുളി.എപ്പോഴും ചൂടുവെള്ളത്തിൽ കുളിക്കുന്നതിലൂടെ ചർമ്മത്തിന് ഉണ്ടാകുന്ന മാറ്റങ്ങൾ ആരോഗ്യ വിദഗ്ധർ പങ്കുവെച്ചിട്ടുണ്ട്. അത് എന്തെല്ലാമെന്ന് നമുക്ക് വിശദമായി നോക്കാം.
ചർമ്മത്തില ഏറ്റവും മുകളിലെത്തെ പാളിയായ എപ്പിഡെർമിസിനെയാണ് ചൂടുവെള്ളം ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ചൂടുവെള്ളത്തിൽ കുളിക്കുന്നതിലൂടെ കാലക്രമേണ, ഈ കവചത്തെ നീക്കം ചെയ്യുകയും ചർമ്മത്തിലുള്ള സ്വാഭാവിക എണ്ണമയം ഇല്ലാതാക്കുകയും ചെയ്യുന്നു. എണ്ണമയം ഇല്ലാതാകുമ്പോൾ ചർമ്മ വരുണ്ടുപോകാനും, മുറുകാനും, അണുബാധ, ഫംഗസ്ബാധ എന്നിവയുണ്ടാകാനും എല്ലാം കാരണമാകും. മോയ്‌സ്ചറൈസറുകൾ ഉപയോഗിച്ചാലും ഇതിൽ മാറ്റമുണ്ടാകില്ലെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

സ്ഥിരമായി ചൂടുവെള്ളത്തിൽ കുളിക്കുന്നതിലെ മറ്റൊരു പ്രധാന പ്രശ്നം ചർമ്മത്തിലെ ജലാംശം കുറയും എന്നതാണ്. കുളിച്ചതിനുശേഷം, ഈർപ്പം എളുപ്പത്തിൽ ചർമ്മത്തിൽ നിന്ന് ബാഷ്പീകരിക്കപ്പെടുകയും അതിലൂടെ ചർമ്മത്തെ വരണ്ടതാക്കുകയും ചെയ്യുന്നു. കൂടാതെ, നിർജ്ജലീകരണം മൂലം കാലക്രമേണ ചർമ്മത്തിൽ നേർത്ത വരകളും പരുക്കൻ ഘടനയും തുടങ്ങി വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങും. ചൂട് വെള്ളത്തിൽ കുളിക്കുമ്പോൾ ഉണ്ടാകുന്ന അമിതമായ ചൂട് ചർമ്മത്തിൽ മുഖക്കുരു ഉണ്ടാക്കാൻ കാരണമാകുന്നു.
അതോടൊപ്പം പഠനങ്ങൾ വ്യക്തമാക്കുന്നത്,സ്ത്രികളുടെ ഗർഭകാലത്തെ ആദ്യത്തെ മൂന്ന് മാസത്തിൽ ചൂട് വെള്ളത്തിൽ കുളിച്ചാൽ അത് കുഞ്ഞിന് ജനിതക വൈകൃത്യമായ സ്പൈന ബിഫിഡ (spina bifida) പോലുള്ള അവസ്ഥയ്ക്ക് കാരണമായേക്കും എന്നാണ്. രക്തസമ്മർദ്ദം കുറയ്ക്കുവാനും, കുഞ്ഞിന് മതിയായ ഓക്സിജനും പോഷകങ്ങളും ലഭിക്കാതിരിക്കുവാനും ഇത് കാരണമാകുന്നു. ഗർഭച്ഛിദ്രം ഉണ്ടാകുവാനുള്ള സാധ്യതയും വർധിക്കുമെന്നും പഠനങ്ങൾ പറയുന്നു.
അതേ സമയം തണുത്ത വെള്ളത്തിൽ കുളിക്കുന്നത് രക്തപ്രവാഹം മെച്ചപ്പെടുത്താനും ശരീരത്തിന് ഉന്മേഷവും ഊർജവും നൽകാനും സഹായിക്കും. തണുത്ത വെള്ളം ഒഴിച്ചു കുളിക്കുന്നത് രക്തക്കുഴലുകളെ ചുരുക്കുന്നതിനാൽ പേശി വീക്കം കുറയ്ക്കാനും നല്ലതാണ്.












Click it and Unblock the Notifications