ഹെയര്‍ ഓയിലും ഹെയര്‍ സെറവും തമ്മിലുള്ള വ്യത്യാസം; ഹെയര്‍ സെറം ഉപയോഗിക്കുന്നത് ഇങ്ങനെ
ഇന്നത്തെ കാലത്തെ സൗന്ദര്യ സംരക്ഷണത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വാക്കാണ് ഹെയര്‍ ഓയിലും ഹെയര്‍ സെറവും. പാരമ്പര്യമായി മലയാളികള്‍ മുടിയില്‍ എണ്ണ ഉപയോഗിക്കാറുണ്ടെങ്കിലും ഹെയര്‍ സെറം എന്ന വാക്ക് കേള്‍ക്കാന്‍ തുടങ്ങിയിട്ട് അധിക കാലമായില്ല. എന്നാല്‍ ഇതു തമ്മിലുള്ള വ്യത്യാസം എന്താണെന്ന് പലര്‍ക്കും അറിയില്ല. ഹെയര്‍ സെറവും ഹെയര്‍ ഓയിലും ഉപയോഗിക്കുന്നതിലും വലിയ വ്യത്യാസമുണ്ട്. രണ്ടിന്റെയും പ്രവര്‍ത്തനങ്ങള്‍ വ്യത്യസ്തമാണ്. ഇതറിയാതെ ഹെയര്‍ ഓയില്‍ പോലെ ഹെയര്‍ സെറം മുടി മുഴുവന്‍ പുരട്ടുന്നവരും ഉണ്ട്.
മുടിയുടെ വേരുകളിലേക്ക് വളരെ എളുപ്പത്തില്‍ ആഗിരണം ചെയ്യപ്പെടുന്നതാണ് എണ്ണ. അത് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും മുടിനാരുകളുടെ ബലം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. അതേസമയം, ഹെയര്‍ സെറം ഉപയോഗിക്കുമ്പോള്‍ അത്തരമൊരു ഫലം പ്രതീക്ഷിക്കരുത്. ഹെയര്‍ സെറം മുടിയുടെ ഉപരിതലത്തില്‍ മാത്രം ഉപയോഗിക്കാനുള്ളതാണ്.

പുറത്തിറങ്ങുമ്പോള്‍ മുടിക്ക് ഒരു സംരക്ഷണ കവചമായി ഹെയര്‍ സെറം പ്രവര്‍ത്തിക്കും. ഇലക്ട്രിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് മുടി സ്‌റ്റൈല്‍ ചെയ്ത ശേഷം അത് നിലനിര്‍ത്താന്‍ സെറം ഉപയോഗിക്കുന്നതും നല്ലതാണ്.
എണ്ണ പുരട്ടുന്നതിലൂടെ മുടിക്കും തലയോട്ടിക്കും ഒരുപാട് ഗുണങ്ങള്‍ ലഭിക്കുന്നു. തലയോട്ടിയില്‍ രക്തചംക്രമണം വര്‍ധിപ്പിക്കുന്നു. മുടിയുടെ ഈര്‍പ്പവും മൃദുലതയും നിലനിര്‍ത്താന്‍ സഹായിക്കുന്നു. മുടി തിളങ്ങാനും എണ്ണ സഹായിക്കും. അതേസമയം ഹെയര്‍ സെറം മുടിക്ക് ഒരു സംരക്ഷണമായി പ്രവര്‍ത്തിക്കുന്നു. എണ്ണ പ്രകൃതി ദത്ത ഉല്‍പന്നമാണെങ്കില്‍ ഹെയര്‍ സെറമുകളില്‍ സാധാരണയായി സിലിക്കണ്‍ പോലുള്ള വസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്.
മുടിക്ക് തിളക്കം നല്‍കുക, വരള്‍ച്ച തടയുക എന്നിവയാണ് ഹെയര്‍ സെറത്തിന്റെ ദൗത്യങ്ങള്‍. രാസവസ്തുക്കള്‍ ഉപയോഗിച്ച് മുടി സ്‌ട്രെയ്റ്റന്‍ ചെയ്ത ശേഷം പിന്നീടുണ്ടാകുന്ന കേടുപാടുകള്‍ പരിഹരിക്കാന്‍ ഹെയര്‍ സെറം ഉപയോഗിക്കാം. മുടിയില്‍ രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള ട്രീറ്റ്‌മെന്റ് നടത്തിയിട്ടുണ്ടെങ്കില്‍ ഹെയര്‍ സെറം ഉപയോഗിക്കുന്നതാണ് നല്ലത്. അന്തരീക്ഷ മലിനീകരണത്തില്‍ നിന്ന് മുടിയെ സംരക്ഷിക്കാനും ഹെയര്‍ സെറത്തിന് കഴിയും.












Click it and Unblock the Notifications