ആഘോഷങ്ങളുടെ വീട്; ആഡംബരത്തിന്റെയും; അമിതാഭ് ബച്ചന്റെ ജല്‍സ എന്ന കൊട്ടാരത്തിലെ അത്ഭുതങ്ങള്‍
ബോളിവുഡിലെ കാരണവര്‍ സ്ഥാനമാണ് നടന്‍ അമിതാഭ് ബച്ചനുള്ളത്. പതിറ്റാണ്ടുകള്‍ നീണ്ട സിനിമ കരിയറില്‍ എണ്ണമറ്റ കഥാപാത്രങ്ങള്‍ക്കാണ് അദ്ദേഹം ജീവന്‍ നല്‍കിയത്. 82 വയസ് പിന്നിട്ടിട്ടും യുവതാരങ്ങളേക്കാള്‍ ഊര്‍ജ്ജസ്വലനാണ് അമിതാഭ് ബച്ചന്‍. വര്‍ഷങ്ങളായി ബോളിവുഡ് അടക്കിവാഴുന്ന താരകുടുംബം കൂടിയാണ് അമിതാഭ് ബച്ചന്റേത്. അമിതാഭ് ബച്ചനും ഭാര്യ ജയ ബച്ചനും മകന്‍ അഭിഷേകും ഐശ്വര്യയും കൊച്ചുമകള്‍ ആരാധ്യയും ഒന്നിച്ചാണ് താമസിക്കുന്നത്.
താര കുടുംബമായതിനാല്‍ തന്നെ ഇവരുടെ വീടും എപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. കൊട്ടാരസമാനമായ വീട് ബോളിവുഡിന്റെ പ്രൗഡിയും പാരമ്പര്യവും ഓര്‍മിപ്പിക്കുന്നതാണ്. മുംബൈയിലെ കണ്ണായ പ്രദേശമായ ജൂഹുവിലാണ് ബച്ചന്റെ ജെല്‍സ എന്ന വസതി സ്ഥിതി ചെയ്യുന്നത്. ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തില്‍ മഹാമേരുവായി വളര്‍ന്ന അമിതാബ് ബച്ചന്റെ ഉയര്‍ച്ചയ്ക്കും ഈ വീട് സാക്ഷ്യം വഹിച്ചിട്ടുണ്ട്.

ഒരു വീട് എന്നതിലുപരി ബോളിവുഡിന്റെ വളര്‍ച്ച കൂടി പ്രതിഫലിപ്പിക്കുന്നതാണ് ജല്‍സ എന്ന വീട്. ജൂഹുവില്‍ അതിസമ്പന്നരായ വ്യാപാരികളും സെലിബ്രിറ്റികളും താമസിക്കുന്ന മേഖലയില്‍ തന്നെയാണ് അമിതാഭ് ബച്ചന്റെ വീടും. മുംബൈ റിയല്‍ എസ്റ്റേറ്റിലെ ഏറ്റവും വലിയ പിടിപ്പുള്ള സ്ഥലം കൂടിയാണിത്.
വെറുമൊരു വീടല്ല ജല്‍സ ആഡംബരപൂര്‍ണമായ ഒരു കൊട്ടാരം തന്നെയാണിത്. 10000 ചതുരശ്രയടി വിസ്തീര്‍ണമാണ് രണ്ടു നിലകളുള്ള ഈ ആഡംബര ബംഗ്ലാവിനുള്ളത്. ജല്‍സ എന്ന വാക്കിന്റെ അര്‍ത്ഥം ആഘോഷം എന്നാണ്. പേരു പോലെ തന്നെ ബോളിവുഡിലെ ആഘോഷങ്ങളുടെ കേന്ദ്രം കൂടിയാണിത്. സമൃദ്ധമായ പച്ച പുതച്ച പുല്‍ത്തകിടികള്‍, വലിയ മരങ്ങള്‍, പൂന്തോട്ടങ്ങള്‍, ഇരിപ്പിടങ്ങള്‍, ഇന്ത്യന്‍ വാസ്തുശില്‍പ ഭംഗിയും ഒക്കെ ചേര്‍ന്ന് അതിമനോഹരമാണ് പുറംകാഴ്ച്ച.
ആധുനിക സൗകര്യങ്ങളും പഴമയുടെ പ്രൗഡിയും ഒത്തിണങ്ങുന്നതാണ് ജല്‍സ എന്ന വീട്. ക്ലാസിക് ആയ ഇന്റീരിയറുകളാണ് ജെല്‍സയുടെ പ്രത്യേകത. ലോകത്തിലെ ഏറ്റവും പേരുകേട്ട കലാകാരന്മാരുടെ കലാസൃഷ്ടികള്‍ കൊണ്ട് ഈ ബംഗ്ലാവ് സമ്പന്നമാണ്. ഒരു കൊട്ടാരത്തിലെ അകത്തളത്തിനു തുല്യമാണ് സ്വീകരണമുറി. വിന്റേജ് തീമിലാണ് ഇത് ഒരുക്കിയിരിക്കുന്നത്.
നിലം മുതല്‍ സീലിങ് വരെയുള്ള ജനാലകള്‍ ആണ് സ്വീകരണമുറിയുടെ പ്രത്യേകത. ടര്‍ക്കിഷ് പരവതാനികളും മാര്‍ബിള്‍ നിലവും ചാന്‍ഡിലിയര്‍ അലങ്കാര തൂക്കുവിളക്കുകളുമൊക്കെയായി ആഡംബര പൂര്‍ണമാണ് ഈ മുറി.
ജല്‍സയുടെ ഇന്റീരിയറുകളും ക്ലാസിക് ആണ്. ഊഷ്മളമായ നിറങ്ങള്‍, തടി കൊണ്ടുള്ള കൊത്തുപണികള്‍, ബറോക്ക് പെയിന്റിങ്ങുകള്‍ എന്നിവ നിറഞ്ഞതാണ് ഇന്റീരിയര്‍. വലിയ ഡ്രോയിങ് റൂം, ഹാളുകള്‍, പ്രാര്‍ത്ഥന മുറികള്‍, ഭിത്തി മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന കുടുംബ ഛായാ ചിത്രങ്ങള്‍ എന്നിവ കുടുംബത്തിന്റെ അലങ്കാരങ്ങളോടുള്ള അഭിരുചി വ്യക്തമാക്കുന്നു.
ജല്‍സ ഒരു വീട് മാത്രമല്ല, സാംസ്‌കാരിക കേന്ദ്രം കൂടിയാണ്. ദീപാവലിക്കും നവരാത്രിക്കും ഹോളിക്കുമൊക്കെ ഈ വീട് പ്രകാശപൂരിതമായി തെളിഞ്ഞു നില്‍ക്കുന്ന ചിത്രങ്ങള്‍ മാധ്യമങ്ങളിലും വരാറുണ്ട്. ഇത് ബച്ചന്‍ കുടുംബാംഗങ്ങള്‍ ഇന്ത്യന്‍ സാംസ്‌കാരിക പൈതൃകത്തെ വിലമതിക്കുന്നതിന്റെ പ്രതീകമാണ്.












Click it and Unblock the Notifications