വീട്ടിലെ ഏറ്റവും അപകടം നിറഞ്ഞ മുറി; മരണങ്ങള്‍ കൂടുതലും സംഭവിക്കുന്നത് ഇവിടെ
ലോകത്ത് എവിടെ പോയാലും സ്വന്തം വീട്ടില്‍ തിരിച്ചെത്തി കിടന്നുറങ്ങുന്നതിന്റെ സുഖം ഒരിടത്തും ലഭിക്കില്ല. എന്നാല്‍ ഇപ്പോള്‍ വീടിനുള്ളില്‍ സംഭവിക്കുന്ന മരണങ്ങളുടെ നിരക്ക് ആശങ്കജനകമാംവിധം വര്‍ധിച്ചിരിക്കുകയാണ്. മുറികളില്‍ തെന്നി വീണും ഹൃദയാഘാതം സംഭവിച്ചും നിരവധി പേരാണ് മരിക്കുന്നത്. വീടിനുള്ളില്‍ തന്നെ അപകടക്കെണിയൊരുക്കുന്ന നിരവധി ഘടകങ്ങള്‍ ഉണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.
വീട്ടിലെ ഏറ്റവും അപകടം നിറഞ്ഞ മുറിയാണ് ശുചിമുറിയെന്ന് കാര്‍ഡിയോളജിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കുന്നു. കുളിമുറിയില്‍ വച്ച് ഓരോ വര്‍ഷവും ആയിരക്കണക്കിന് ആളുകള്‍ കുഴഞ്ഞു വീണും തെന്നി വീണും മരിക്കുന്നതായാണ് കണക്കുകള്‍ പറയുന്നത്. ബോധക്ഷയം, ഹൃദയാഘാതം, കുഴഞ്ഞു വീണുള്ള മരണം എന്നിവ സംഭവിക്കാന്‍ സാധ്യതയുള്ള ഇടമാണ് കുളിമുറി. അതിനുള്ള കാരണങ്ങളും പ്രമുഖ കാര്‍ഡിയോളജിസ്റ്റായ ഡോ. ദിമിത്രി യാരനോവ് പറയുന്നു.

വഴുക്കലുള്ള തറ, വായു സഞ്ചാരം കുറവുള്ള ഇടുങ്ങിയ മുറി, നിലവിളിച്ചാലും പുറത്തു കേള്‍ക്കാത്ത അവസ്ഥ എന്നിവ അപകടക്കെണിയൊരുക്കുന്ന സാഹചര്യങ്ങളാണ്. ഹൃദ്രോഗികളും പ്രായമായവരുമാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. പ്രായമായവര്‍ വഴുക്കലുള്ള തറയില്‍ തെന്നി വീണു മരിക്കുന്ന വാര്‍ത്തകള്‍ നിരവധി റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്.
മലബന്ധം പോലുള്ള പ്രശ്നങ്ങളുള്ള ഹൃദ്രോഗികളും ഇക്കാര്യത്തില്‍ കൂടുതല്‍ മുന്‍കരുതല്‍ സ്വീകരിക്കേണ്ടതാണ്. ഇവര്‍ക്ക് രക്തസമ്മര്‍ദത്തില്‍ പെട്ടെന്നുള്ള മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. മലബന്ധം ഉണ്ടാകുമ്പോള്‍ അനുഭവപ്പെടുന്ന ആയാസവും സമ്മര്‍ദവും നെഞ്ചിലെ മര്‍ദം വര്‍ധിപ്പിക്കും. ഇത് ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയ്ക്കുന്നു. ഒടുവില്‍ തലച്ചോറിലേക്കുള്ള ഓക്‌സിജന്‍ വിതരണം കുറഞ്ഞ് മരണത്തിലേക്കു നയിക്കുമെന്നും ഡോ. ദിമിത്രി മുന്നറിയിപ്പു നല്‍കുന്നു. ഹൃദ്രോഗമുള്ളവരാണ് അതീവ ജാഗ്രത പുലര്‍ത്തേണ്ടത്.
ഭക്ഷണക്രമത്തില്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ വരുത്തി വേണം മലബന്ധത്തെ പ്രതിരോധിക്കേണ്ടത്. മൂന്ന് ആഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന മലബന്ധം ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഡോക്ടറുടെ ഉപദേശം തേടണം. ജങ്ക് ഫുഡ് കഴിക്കുന്നത് കുറയ്ക്കുന്നതിനൊപ്പം പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, ബീന്‍സ് തുടങ്ങി ഉയര്‍ന്ന അളവില്‍ നാരുകള്‍ അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. ധാരാളം വെള്ളവും മറ്റ് ദ്രാവകങ്ങളും കുടിച്ചുകൊണ്ട് ജലാംശം നിലനിര്‍ത്തേണ്ടതും അത്യാവശ്യമാണ്.
മൂത്രമൊഴിക്കുമ്പോഴോ മലമൂത്ര വിസര്‍ജ്ജനം നടത്തുമ്പോഴോ ആളുകള്‍ അമിത സമ്മര്‍ദ്ദം ചെലുത്തുമ്പോള്‍ ശരീരത്തിന്റെ ആന്തരിക സമ്മര്‍ദം വര്‍ദ്ധിക്കുകയും നാഡികളെ തടസപ്പെടുത്തുകയും അതിലൂടെ ഹൃദയമിടിപ്പും രക്തസമ്മര്‍ദവും കുറയുകയും ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
മലമൂത്ര വിസര്‍ജ്ജനം നടത്താന്‍ തോന്നിയാല്‍ അത് വൈകിപ്പിക്കരുത്. ഇത്തരം പ്രേരണകള്‍ പിടിച്ചുയ്ക്കുന്നത് ഹൃദ്രോഗികള്‍ക്ക് അപകടം ചെയ്യും. അമിതമായ സമ്മര്‍ദം ഹൃദയത്തിന്റെ ഭാരം വര്‍ധിപ്പിക്കും. എന്നും പതിവുള്ള സമയത്തു തന്നെ ഇത്തരം ശീലങ്ങള്‍ തുടരുക.












Click it and Unblock the Notifications