മുടിയില്‍ കുറേ എണ്ണ വാരിപ്പൊത്തിയിട്ട് കാര്യമില്ല: ഈ രീതിയില്‍ പുരട്ടി നോക്കൂ
നൂറ്റാണ്ടുകളായി ഇന്ത്യന്‍ സൗന്ദര്യ സംരക്ഷണത്തിന്റെ ഭാഗമാണ് എണ്ണ തേച്ചുള്ള കുളി. മുടി കനത്തില്‍ വളരാനും തിളക്കം ലഭിക്കാനും പണ്ടു മുതലേ എണ്ണ തേയ്ക്കുന്നതാണ് മലയാളികളുടെ രീതി. മുടി ആരോഗ്യത്തോടെ വളരാന്‍ എണ്ണ മാത്രം ഉപയോഗിച്ചിരുന്ന ഒരു കാലഘട്ടവും നമുക്കുണ്ടായിരുന്നു. ഇപ്പോള്‍ പല തരത്തില്‍ നിര്‍മ്മിക്കപ്പെട്ട എണ്ണകള്‍ വിപണിയില്‍ ലഭ്യമാണ്.
ഏത് എണ്ണ ആണെങ്കിലും മുടിയില്‍ കുറേയെടുത്ത് പുരട്ടുന്നതില്‍ കാര്യമില്ല. മുടി വളര്‍ച്ച വര്‍ധിപ്പിക്കാന്‍ എണ്ണ തേയ്ക്കുന്നതിനും ഒരു ശാസ്ത്രീയമായ രീതിയുണ്ട്. വെളിച്ചെണ്ണ, കടുക് എണ്ണ, ബദാം ഓയില്‍, ആവണക്കെണ്ണ എന്നിങ്ങനെ ഏത് എണ്ണ പുരട്ടിയാലും അത് എങ്ങനെ പുരട്ടുന്നു എന്നതിലാണ് കാര്യം.

എല്ലാ എണ്ണകളും എല്ലാവര്‍ക്കും ഒരു പോലെ അനുയോജ്യമാകണം എന്നില്ല. തലമുടിയുടെ സ്വഭാവം, ഘടന, തലയോട്ടിയുടെ അവസ്ഥ എന്നിവ അടിസ്ഥാനമാക്കിയായിരിക്കണം എണ്ണ തിരഞ്ഞെടുക്കേണ്ടത്. ഉദാഹരണത്തിന് വരേണ്ടതും പൊട്ടിപ്പോകുന്നതുമായ മുടിക്ക് കാച്ചിയ വെളിച്ചെണ്ണ ഏറ്റവും അനുയോജ്യമാണ്. മികച്ച കണ്ടീഷണര്‍ കൂടിയാണ് വെളിച്ചെണ്ണ.
ആവണക്കെണ്ണയില്‍ ധാരാളമായി റിസിനോലെയിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് മുടി വളര്‍ച്ചയെ വേഗത്തിലാക്കാനും ബലത്തില്‍ വളരാനും സഹായിക്കുന്നു. ബദാം ഓയിലില്‍ വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയിട്ടുണ്ട് ഇത് മുടിക്ക് സ്വാഭാവിക തിളക്കം നല്‍കും. ഓരോരുത്തരുടെയും മുടിക്ക് എന്താണ് ആവശ്യം അതനുസരിച്ച് എണ്ണ തിരഞ്ഞെടുക്കുക.
അതേസമയം ഇതെല്ലാം നോക്കിയിട്ട് എണ്ണ തിരഞ്ഞെടുത്താലും പ്രയോജനം ചെയ്യുന്നില്ലെന്ന് പരാതിപ്പെടുന്നവര്‍ ഏറെയാണ്. അതിനു കാരണം എണ്ണ തേയ്ക്കുന്നതില്‍ വരുത്തുന്ന തെറ്റുകളാണ്. എണ്ണ എത്ര തേച്ചിട്ടും മുടി വളരുന്നില്ല എന്ന് പരാതിപ്പെടുന്നവര്‍ക്ക് ചുവടെയുള്ള ചില ടിപ്‌സുകള്‍ പ്രയോഗിച്ചു നോക്കാവുന്നതാണ്.
എണ്ണ ചൂടാക്കി ഉപയോഗിക്കുക
ഏത് എണ്ണ തിരഞ്ഞെടുത്താലും അത് പുരട്ടുന്നതിന് മുമ്പ് ശുദ്ധമാണെന്നും പാരബെന്‍സ് പോലുള്ള ദോഷകരമായ രാസവസ്തുക്കള്‍ ഇല്ലെന്നും ഉറപ്പുവരുത്തുക. എണ്ണ പുരട്ടുന്നതിന് മുമ്പ് അത് ചെറുതായി ചൂടാക്കുന്നത് നല്ലതാണ്. ഏകദേശം രണ്ടു മുതല്‍ മൂന്ന് ടേബിള്‍ സ്പൂണ്‍ എണ്ണ ചെറുതായി ചൂടാക്കുക. ചൂട് കൂടാനും പാടില്ല.
ഇനി വിരലുകള്‍ ഉപയോഗിച്ച് എണ്ണ തലയോട്ടിയില്‍ പതുക്കെ പുരട്ടുക. തലയോട്ടിയിലെ ഓരോ ഭാഗത്തിനും തുല്യ ശ്രദ്ധ കൊടുത്ത്, മുടി പലതായി വിഭജിച്ച് എണ്ണ പുരട്ടുക. ഇങ്ങനെ വിരലുകള്‍ കൊണ്ട് എണ്ണ തലയോട്ടിയില്‍ മസാജ് ചെയ്യുമ്പോള്‍ രക്തചംക്രമണം വര്‍ധിക്കുകയും മുടിയുടെ വേരുകളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. വിരല്‍ത്തുമ്പുകള്‍ ഉപയോഗിച്ച് കുറഞ്ഞത് 10-15 മിനിറ്റ് എങ്കിലും തലയോട്ടിയില്‍ വൃത്താകൃതിയില്‍ പുരട്ടുക.
തലമുടിയുടെ അറ്റം വരെ എണ്ണ പുരട്ടാന്‍ മറക്കരുത്. അതിലൂടെ മുടിയുടെ വരള്‍ച്ച, പൊട്ടല്‍, പിളര്‍പ്പ് എന്നിവ ഒഴിവാക്കാനാകും. വിശാലമായ പല്ലുകളുള്ള ചീപ്പ് ഉപയോഗിച്ചും എണ്ണ മുടിയുടെ എല്ലാ ഭാഗത്തേക്കും തേയ്ക്കുക.
എണ്ണ തേച്ചതിന് ശേഷം മുടി ഒരു ചൂടുള്ള ടവ്വലില്‍ പൊതിഞ്ഞു വയ്ക്കുക. ഇത് എണ്ണ കൂടുതല്‍ ആഴത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നു. അതേസമയം 24 മണിക്കൂറില്‍ കൂടുതല്‍ എണ്ണ മുടിയില്‍ ഇരിക്കുന്നതും നല്ലതല്ല. ഇത് അഴുക്ക് പറ്റിപ്പിടിക്കാന്‍ കാരണമാകും
എണ്ണ തേച്ചിട്ട് വീര്യം കൂടിയ ഷാംപൂ ഉപയോഗിച്ച് കഴുകിയാല്‍ ഉദ്ദേശിച്ച ഫലം ലഭിക്കില്ല. സള്‍ഫേറ്റ് രഹിത ഷാംപുവും ഇളം ചൂടുവെള്ളവും ഉപയോഗിച്ച് നന്നായി മുടി കഴുകുക. ആവണക്കെണ്ണ പോലുള്ള കട്ടിയുള്ള എണ്ണയാണെങ്കില്‍ ചൂടുവെള്ളം ഒഴിവാക്കുക. കാരണം ഇത് മുടിയുടെ സ്വാഭാവിക എണ്ണമയം ഇല്ലാതാക്കും.
അമിതമായി എണ്ണ തേക്കുന്നതും തീരെ കുറഞ്ഞ അളവില്‍ എണ്ണ തേക്കുന്നതും മുടിക്ക് യാതൊരു ഗുണവും ചെയ്യില്ല. മസാജ് ചെയ്യുമ്പോള്‍ തല പഴയ തലകീഴായി പിടിക്കുന്നതും നല്ലതാണ്. ഇത് തലയോട്ടിയിലേക്കുള്ള രക്തയോട്ടം വര്‍ധിപ്പിക്കുകയും മുടിയുടെ വളര്‍ച്ച വേഗത്തിലാക്കുകയും ചെയ്യുന്നു.












Click it and Unblock the Notifications