അടുക്കളയിലെ ഈ ഏഴു സാധനങ്ങള്‍ ഒരിക്കലും മുഖത്ത് പുരട്ടരുതേ.. മുഖം പൊത്തി നടക്കേണ്ടി വരും
മുഖം തിളങ്ങാനായി പല പരീക്ഷണങ്ങള്‍ നടത്തുന്നവരാണ് നാം. അതിനായി അടുക്കളയിലിരിക്കുന്ന പല സാധനങ്ങളും എടുത്ത് ഉപയോഗിക്കും. ചര്‍മത്തിന് അനുയോജ്യമാണോ എന്നുള്ള ശാസ്ത്രീയ അറിവ് പോലും ഇല്ലാതെയാണ് മുഖം പരീക്ഷണ വസ്തുവാക്കുന്നത്. ഇക്കാര്യത്തില്‍ യൂട്യൂബര്‍മാരും പല ഉപദേശങ്ങള്‍ നല്‍കാറുണ്ട്. എന്നാല്‍ കണ്‍മുന്നില്‍ കാണുന്നതെല്ലാം മുഖത്ത് പുരട്ടുന്നത് ഗുണത്തേക്കാള്‍ ഉപരി ദോഷം ഉണ്ടാക്കും.
ചര്‍മ്മത്തെ നശിപ്പിക്കാനുള്ള കാര്യങ്ങള്‍ വരെ നമ്മുടെ അടുക്കളകളില്‍ ഉണ്ടാകും. അതിനാല്‍ തന്നെ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ തിരഞ്ഞെടുക്കുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണം. അടുക്കളയിലെ പല സാധനങ്ങളും മുഖത്ത് പുരട്ടുന്നത് ഗുരുതരമായ ചര്‍മ്മസംരക്ഷണ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം.

ഇന്റര്‍നെറ്റിലെ പല അറിവുകളും പിന്തുടരാന്‍ നില്‍ക്കരുത്. മുഖത്ത് തെറ്റായ ചേരുവകള്‍ പരീക്ഷിച്ചാല്‍ അലര്‍ജി, പൊള്ളല്‍, തിണര്‍പ്പ്, ഹൈപ്പര്‍പിഗ്മെന്റേഷന്‍ എന്നിവയുണ്ടാകാന്‍ സാധ്യതയുണ്ട്. പ്രായം കൂടുതല്‍ തോന്നിപ്പിക്കുകയും ചെയ്യും. ചുവടെ പറയുന്ന ഏഴു കാര്യങ്ങള്‍ നിങ്ങളുടെ മുഖത്ത് പുരട്ടുന്നത് ഒഴിവാക്കുക
1. ബാര്‍ സോപ്പ്
കുളിക്കുന്ന സോപ്പ് ഇല്ലാത്തപ്പോഴോ മറ്റോ മുഖത്ത് ബാര്‍ സോപ്പ് ഉപയോഗിക്കാറുണ്ടോ? എന്നാല്‍ ഇനി ഒരിക്കലും ചെയ്യരുത്. ബാര്‍ സോപ്പില്‍ ആല്‍ക്കലൈന്‍ പിഎച്ച് അടങ്ങിയിട്ടുണ്ട്. അതിനാല്‍, ഇത് നിങ്ങളുടെ ചര്‍മ്മത്തിന്റെ ഈര്‍പ്പത്തെ പ്രതികൂലമായി ബാധിക്കുകയും വരള്‍ച്ചയ്ക്കും തൊലി അടരാനും മറ്റു ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും കാരണമാവുകയും ചെയ്യുന്നു.
2. പെട്രോളിയം ജെല്ലി
തണുപ്പ് കാലത്ത് ചര്‍മം മൃദുവാകാന്‍ ഉപയോഗിക്കുന്നതാണ് പെട്രോളിയം ജെല്ലി. പെട്രോളിയം ജെല്ലി ഒരിക്കലും മുഖത്ത് ഉപയോഗിക്കരുത്, കാരണം ഇതിന് കട്ടി വളരെ കൂടുതലാണ്. ഇത് മുഖചര്‍മ്മത്തില്‍ കട്ടിയുള്ള പാളി ഉണ്ടാക്കുന്നു. അത് പിന്നീട് പല ചര്‍മ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. എണ്ണമയമുള്ള ചര്‍മ്മമുള്ളവരാണെങ്കില്‍ പെട്രോളിയം ജെല്ലി ഉപയോഗിക്കുന്നത് മുഖക്കുരുവിന് കാരണമായേക്കാം. മോയ്‌സ്ചറൈസര്‍ തിരഞ്ഞെടുക്കുമ്പോള്‍ എപ്പോഴും കട്ടി കുറഞ്ഞ മോയ്‌സ്ചറൈസര്‍ തിരഞ്ഞെടുക്കുക.
3. ടൂത്ത് പേസ്റ്റ്
മുഖക്കുരുവിന് പ്രതിവിധിയായി മുഖത്ത് ടൂത്ത് പേസ്റ്റ് പുരട്ടുന്നത് ഇപ്പോള്‍ പതിവായി മാറിയിരിക്കുകയാണ്. ഇത് ചര്‍മത്തോടു ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണ്. ഇത് ചിലപ്പോള്‍ ചര്‍മ്മത്തെ പൊള്ളിക്കാന്‍ സാധ്യതയുണ്ട്. ചര്‍മ്മത്തിന് അനുയോജ്യമല്ലാത്ത രാസവസ്തുക്കളാണ് ടൂത്ത് പേസ്റ്റില്‍ അടങ്ങിയിരിക്കുന്നത്. ടൂത്ത് പേസ്റ്റിന് മുഖക്കുരുവിനെ മാറ്റാനുള്ള ശേഷിയുമില്ല.
4. ബോഡി ലോഷന്‍
പലരും ബോഡി ലോഷന്‍ മുഖത്തും കഴുത്തിലും പുരട്ടാറുണ്ട്. എന്നാല്‍ ഘടനയില്‍ ബോഡി ലോഷന്‍ ഫേഷ്യല്‍ മോയ്സ്ചറൈസറുമായി സാമ്യമുള്ളതാണെങ്കിലും അത് മുഖത്തിന് വേണ്ടി നിര്‍മ്മിച്ചതല്ല. മുഖത്തെ ചര്‍മ്മം വളരെ നേര്‍ത്തതും ലോലവുമാണ്. ബോഡി ലോഷനുകളില്‍ ബട്ടര്‍, എണ്ണകള്‍ തുടങ്ങിയ കട്ടി കൂടിയ ചേരുവകള്‍ അടങ്ങിയിട്ടുണ്ട്, അവ മുഖ ചര്‍മ്മത്തിന് യോജിക്കുന്നതല്ല. മുഖക്കുരു പോലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ വഷളാക്കും.
5. സസ്യ എണ്ണ
ശുദ്ധീകരിച്ച എണ്ണകള്‍ ചര്‍മത്തിലെ സുഷിരങ്ങള്‍ അടഞ്ഞുപോകാനും മുഖക്കുരുവിന് കാരണമാകുകയും ചെയ്യും.
6. ആപ്പിള്‍ സിഡെര്‍ വിനെഗര്‍
ആപ്പിള്‍ സിഡെര്‍ വിനെഗറില്‍ ഉയര്‍ന്ന അസിഡിറ്റി ഉള്ളതിനാല്‍, ഇത് ചര്‍മ്മത്തില്‍ മുഖക്കുരുവിനും പൊള്ളലിനും കാരണമാകും.
7. നാരങ്ങ
നാരങ്ങയില്‍ ഉയര്‍ന്ന അളവില്‍ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തില്‍ വരള്‍ച്ച ഉണ്ടാക്കുന്നു.












Click it and Unblock the Notifications