മരുന്നുകളില്ല, ക്രാഷ് ഡയറ്റില്ല; കീര്‍ത്തി സുരേഷ് ഒന്‍പത് കിലോ ശരീരഭാരം കുറച്ചത് ഇങ്ങനെ
തെന്നിന്ത്യയിലെ പുതു തലമുറ നായികമാരില്‍ ഏറെ ശ്രദ്ധേയയാണ് കീര്‍ത്തി സുരേഷ്. താരപുത്രി എന്ന നിലയില്‍ നിന്ന് കീര്‍ത്തി ഏറെ വളര്‍ന്നു കഴിഞ്ഞു. വമ്പന്‍ പ്രോജക്ടറ്റുകളുടെ ഭാഗമായതിലൂടെ നയന്‍താരയ്ക്കു ശേഷം തെന്നിന്ത്യയില്‍ ഏറെ വിപണി മൂല്യമുള്ള മലയാളി നടിയായി കീര്‍ത്തി സുരേഷ് മാറി. പ്രൊഫഷണലിസത്തിനു പുറമേ ഫിറ്റായ ശരീരവുമാണ് താരത്തിളക്കത്തോടെ തെന്നിന്ത്യയില്‍ നിലനില്‍ക്കാന്‍ കീര്‍ത്തിയെ സഹായിക്കുന്നത്.
ശരീരം ഫിറ്റായി നിലനിര്‍ത്തുന്നതില്‍ കീര്‍ത്തി അതീവ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. സ്വതവേ മെലഞ്ഞ ശരീര പ്രകൃതിയാണെങ്കിലും അതിന്റെ പേരില്‍ ഉഴപ്പാനൊന്നും കീര്‍ത്തിയെ കിട്ടില്ല. ഭക്ഷണത്തിലടക്കം നിയന്ത്രണവും കീര്‍ത്തി പുലര്‍ത്തുന്നുണ്ട്. എത്ര തിരക്കേറിയ ഷൂട്ടിങ് ഷെഡ്യൂള്‍ ആണെങ്കിലും വ്യായാമം ചെയ്യുന്നതിലും ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നതിലും വിട്ടുവീഴ്ച്ച ചെയ്യാറില്ല.

അതുപോലെ ശരീര ഭാരം കുറയ്ക്കാന്‍ കൃത്രിമമായ മാര്‍ഗങ്ങളൊന്നും കീര്‍ത്തി തേടാറില്ല. 2018-19 കാലയളവില്‍ വണ്ണമുള്ള ശരീര പ്രകൃതിയായിരുന്നു കീര്‍ത്തിയുടേത്. കാര്‍ഡിയോ വ്യായാമങ്ങള്‍ മാത്രം ചെയ്താണ് ശരീര ഭാരം ആരോഗ്യകരമായി കുറച്ചത്. അതിലൂടെ ഒന്‍പത് കിലോഗ്രാം ഭാരമാണ് കുറഞ്ഞതെന്ന് കീര്‍ത്തി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. നടത്തം, ജോഗിങ്, നീന്തല്‍, സൈക്ലങ് എന്നിവയാണ് കാര്‍ഡിയോ വ്യായാമങ്ങളില്‍ ഉള്‍പ്പെടുന്നത്. ഇത്തരം വ്യായാമങ്ങള്‍ കലോറി കത്തിക്കുകയും ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
ആഴ്ചയില്‍ അഞ്ച് ദിവസം എങ്കിലും വര്‍ക്ക്ഔട്ട് ചെയ്യാറുണ്ട്. അതേസമയം ശരീര ഭാരം കുറയ്ക്കാനായി കര്‍ക്കശമായ ഡയറ്റ് ഒന്നും പിന്തുടരുന്നുമില്ല. വാരിവലിച്ചു കഴിക്കാറില്ല. 2018 വരെ ഒരു വര്‍ക്ക്ഔട്ടും കീര്‍ത്തി ചെയ്തിരുന്നില്ല. 2018 ല്‍ മഹാനടി സിനിമ പാന്‍ ഇന്ത്യന്‍ തലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതിന് ശേഷമാണ് ശരീര ഭാരം കുറയ്ക്കാന്‍ തീരുമാനിച്ചത്. വണ്ണം കുറയ്ക്കാനല്ല, ആരോഗ്യകരമായി ജീവിക്കാനാണ് ശരീര ഭാരം കുറയ്ക്കാന്‍ തീരുമാനിച്ചത്. അതിനായാണ് കാര്‍ഡിയോ വ്യായാമങ്ങള്‍ തിരഞ്ഞെടുത്തത്. കോവിഡ് സമയത്ത് യോഗയും ആരംഭിച്ചു.
ജിം വേണ്ടെന്നു വയ്ക്കുന്നവര്‍ക്ക് ഏറ്റവും നല്ലത് കാര്‍ഡിയോ വ്യായാമങ്ങളാണ്. ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ഫലങ്ങള്‍ക്കായി ഓരോ ആഴ്ചയും കുറഞ്ഞത് 150 മുതല്‍ 300 മിനിറ്റ് വരെ വ്യായാമം വേണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. എയറോബിക് വ്യായാമവും പരീക്ഷിക്കാം. ശരീരത്തില്‍ ഓക്‌സിജന്‍ വിതരണം വര്‍ധിപ്പിക്കാന്‍ എയറോബിക് വ്യായാമങ്ങള്‍
ഏറെ നല്ലതാണ്.












Click it and Unblock the Notifications