'ബേബി ഹെയര്‍' വളരുന്നില്ലേ; പരിഹാരമാര്‍ഗങ്ങള്‍ ഇവിടെയുണ്ട്
നിത്യജീവിതത്തില്‍ ഏറെ പരിചരണം വേണ്ട ഒന്നാണ് മുടി. നീണ്ട മുടിയാണെങ്കിലും നീളം കുറഞ്ഞ മുടിയാണെങ്കിലും നന്നായി പരിചരിച്ചാല്‍ മാത്രമേ അതിന്റെ സ്വാഭാവിക ഭംഗി നിലനില്‍ക്കൂ. പലര്‍ക്കുമുള്ള പ്രശ്‌നമാണ് നെറ്റിയുടെ പല വശങ്ങളില്‍ നിന്നും മറ്റുമായി വളര്‍ന്ന് നില്‍ക്കുന്ന ബേബി ഹെയര്‍. വളരെ കനം കുറഞ്ഞ ഈ മുടിയിഴകള്‍ ഒരിക്കലും ഒതുങ്ങി നില്‍ക്കില്ല. മുടി എത്ര സ്റ്റൈല്‍ ചെയ്താലും യാത്രയില്‍ ഇവ പാറിപ്പറന്ന് മുഖത്തേക്ക് വീഴുകയും ചെയ്യും.
ഇത്തരം കനം കുറഞ്ഞ മുടികള്‍ക്ക് തലയുടെ ബാക്കി ഭാഗത്തുള്ള മുടിയേക്കാള്‍ വളരെ വ്യത്യസ്തമായ ഘടനയായിരിക്കും. കാണാന്‍ മനോഹരമാണെങ്കിലും ഇവ ഷോക്കേറ്റതു പോലെ എഴുന്നേറ്റു നില്‍ക്കുന്നത് മുഖത്തിന് കൂടുതല്‍ ക്ഷീണം തോന്നിപ്പിക്കും. ഇത്തരം മുടികള്‍ സ്വാഭാവികമായി വളരാനും അവയ്ക്ക് ആരോഗ്യം ലഭിക്കാനും സഹായിക്കുന്ന ചില ടിപ്‌സുകള്‍ ചുവടെ:

എല്ലാ ദിവസവും തലയോട്ടിയും മുടിയും മസാജ് ചെയ്യുക
കുളിക്കുന്നതിന് മുമ്പ്, എല്ലാ ദിവസവും 30 സെക്കന്‍ഡ് നേരത്തേക്ക് തലയോട്ടിയും മുടിയും മസാജ് ചെയ്യുക. കൈവിരലുകള്‍ തലയോട്ടിയില്‍ വച്ച് അല്‍പം മര്‍ദം പ്രയോഗിച്ച് അമര്‍ത്താം. ഇങ്ങനെ തലയോട്ടി മുഴുവന്‍ മസാജ് ചെയ്യാം, ഇത് രക്തയോട്ടം വര്‍ധിപ്പിക്കുകയും മുടി വളര്‍ച്ച ത്വരിതപ്പെടുത്തുകയും ചെയ്യും. റോസ്‌മേരി, ലാവെന്‍ഡര്‍, പെപ്പര്‍മിന്റ് പോലുള്ള ഓയിലുകള്‍ മസാജ് ചെയ്യാനായി ഉപയോഗിച്ചാല്‍ ഇരട്ടി ഫലം ഉണ്ടാകും.
വിറ്റാമിന്‍ എ, ഗ്രീന്‍ ടീ, സൂര്യകാന്തി എണ്ണ, ഷിയ ബട്ടര്‍ എന്നിവ അടങ്ങിയ ഷാംപൂ ഉപയോഗിച്ച് ആഴ്ചയില്‍ രണ്ടുതവണ മുടി കഴുകുക. ഇതിലൂടെ തലയോട്ടിയില്‍ ഈര്‍പ്പം നിലനില്‍ക്കുകയും കനം കുറഞ്ഞ മുടിയിഴകളുടെ വളര്‍ച്ച വേഗത്തിലാകുകയും ചെയ്യും. അങ്ങനെ ആരോഗ്യമുള്ള മുടി സ്വന്തമാക്കാന്‍ കഴിയും.
ആഴ്ചയിലൊരിക്കല്‍ ഡീപ് കണ്ടീഷനിങ്
ആഴ്ചയിലൊരിക്കല്‍ മുടിക്ക് ഡീപ് കണ്ടീഷനിങ് ട്രീറ്റ്മെന്റുകള്‍ നല്‍കുന്നതും നല്ലതാണ്. മുടിയിലേക്ക് നേരിട്ട് പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ ഇത്തരം ട്രീറ്റ്മെന്റുകള്‍ സഹായിക്കും. മുടി പൊട്ടിപ്പോകാതിരിക്കാനും വേഗത്തില്‍ വളരാനും ഇത് സഹായിക്കും. തേന്‍, അമിനോ ആസിഡുകള്‍, പ്രോട്ടീനുകള്‍, മക്കാഡാമിയ ഓയില്‍ എന്നിവ അടങ്ങിയ കണ്ടീഷണറുകള്‍ തിരഞ്ഞെടുക്കുക. ഇത് മുടിക്ക് മികച്ച ഫലം നല്‍കുന്നു.
അതോടൊപ്പം മുടിയുടെ വളര്‍ച്ചയെ തടയുന്ന ചില ശീലങ്ങള്‍ ഒഴിവാക്കുകയും വേണം.
മുടിയുടെ പിന്‍ഭാഗം ഇലാസ്റ്റിക് ബാന്‍ഡ് ഉപയോഗിച്ച് മുറുക്കി കെട്ടുന്നുണ്ടെങ്കില്‍ ഒരു കാരണവശാലും ആവര്‍ത്തിക്കരുത്. ഇത് മുടികൊഴിച്ചിലിന് കാരണമാകും. കനം കുറഞ്ഞ മുടികള്‍ പെട്ടെന്ന് പൊട്ടിപ്പോകുകയും അത് മുടിയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
പല്ലുകള്‍ അകന്ന ചീപ്പ് ഉപയോഗിച്ച് തലമുടി ചീകുന്നതും മുടി പൊട്ടിപ്പോകാതിരിക്കാന്‍ നല്ലതാണ്. മുടി ജട പിടിച്ചിട്ടുണ്ടെങ്കില്‍ ഏതെങ്കിലും ഹെയര്‍ സെറം ഉപയോഗിച്ചശേഷം ചീകുക. അതവഴി മുടി പെട്ടെന്ന് വിടര്‍ത്തിയെടുക്കാന്‍ സാധിക്കും.












Click it and Unblock the Notifications