കഴുത്തിലെ കറുപ്പ് നാണംകെടുത്തുന്നുണ്ടോ? ഇതാ വീട്ടിൽ തന്നെയുണ്ട് പരിഹാരമാർഗം
പലരേയും അലട്ടുന്ന പ്രശ്നമാണ് കഴുത്തിലെ കറുപ്പ്. ഇത് പലപ്പോഴും നമ്മുടെ ആത്മവിശ്വാസത്തെ കെടുത്താൻ കാരണമായേക്കും. ഹോർമോൺ പ്രശ്നം മുതൽ വൃത്തിയില്ലായ്മ വരെ കഴുത്തിലെ കറുപ്പ് നിറത്തിന് കാരണമാകാറുണ്ട്. എന്നാൽ കൃത്യമായ പരിചരണത്തിലൂടെ ഇത് മാറ്റിയെടുക്കാം. ചില പ്രകൃതിദത്ത മാർഗങ്ങളിലൂടെ കഴുത്തിലെ ഈ കറുപ്പിനെ എങ്ങനെ ഇല്ലാതാക്കാം എന്നാണ് ഇന്നത്തെ ലേഖനത്തിൽ പറയുന്നത്.
കറ്റാർവാഴ
ചർമ്മത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ് കറ്റാർവാഴ. ഇവ ചർമ്മം തിളങ്ങാനും സഹായിക്കും. കഴുത്തിൽ കറ്റാർവാഴ ജെൽ നേരിട്ട് പുരട്ടാം. ഏകദേശം 20 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. കഴുത്തിന് ചുറ്റുമുള്ള ചർമ്മത്തിന് പോഷണവും തിളക്കവും ലഭിക്കാൻ ഇത് സ്ഥിരമായി പിന്തുടരുന്നത് നല്ലതാണ്.

ചെറുനാരങ്ങ നീര്
വീട്ടിൽ ഏറ്റവും എളുപ്പത്തിൽ ലഭിക്കുന്ന ഒന്നാണ് ചെറുനാരങ്ങ. ഇവയുടെ നീര് കഴുത്തിലെ കറുപ്പിനെ തുരത്താൻ വളരെ വേഗത്തിൽ സഹായിക്കും. ഒരു കോട്ടൻ ഉപയോഗിച്ച് കഴുത്തിൽ ഇവ പുരട്ടിക്കൊടുക്കാം. ഏകദേശം 10 മുതൽ 15 മിനിറ്റ് വരെ തേച്ച് വെച്ചതിന് ശേഷം ഇളം ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. മികച്ച ഫലത്തിനായി ആഴ്ചയിൽ കൂടുതൽ തവണ ഇത് ഉപയോഗിച്ച് നോക്കാം. എന്നാൽ സെൻസിറ്റീവ് ചർമ്മം ഉള്ളവരും കഴുത്തിൽ മുറിവ് പോലുള്ള പ്രശ്നം നേരിടുന്നവരും ഇത് ഉപയോഗിക്കരുത്.
കക്കിരി
ചർമ്മത്തിന് തിളക്കവും ആശ്വാസവും നൽകുന്നതിൽ പേരുകേട്ട പച്ചക്കറിയാണ് കക്കിരി. ഇവ നിങ്ങൾക്ക് ഡയറ്റിലും ഉൾപ്പെടുത്താം. ശരീരത്തിൽ ജലാംശം നിലനിർത്താൻ കക്കിരി സഹായിക്കും. കക്കിരി നന്നായി ഗ്രേറ്റ് ചെയ്ത് കഴുത്തിൽ നേരിട്ട് പുരട്ടാവുന്നതാണ്. ഏകദേശം 15 മുതൽ 20 മിനിറ്റോളം തേച്ച് വെക്കാം. കഴുത്തിലെ പിഗ്മന്റേഷൻ കുറക്കാനും ചർമ്മത്തിലെ ജലാംശം നിലനിർത്താനും ഇത് സഹായിക്കും.
നേരിട്ട് വെയിൽ ഏൽക്കാതിരിക്കാം
നേരിട്ട് വെയിൽ ഏൽക്കുന്നത് കഴുത്തിൽ കറുപ്പ് നിറത്തിന് കാരണമാകും. പുറത്ത് പോകുമ്പോഴെല്ലാം സൺസ്ക്രീൻ പുരട്ടാൻ ശ്രദ്ധിക്കാം. ഇത് അപകടകരമായ അൾട്രാവയലറ്റ് കിരണങ്ങളിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കും.
വ്യക്തിശുചിത്വവും പാലിക്കാം
ക്ലൻസറോ സോപ്പോ ഉപയോഗിച്ച് കഴുത്ത് എപ്പോഴും വൃത്തിയാക്കണം. കഴുത്തിന് ചുറ്റുമുള്ള മൃതകോശങ്ങൾ നീക്കം ചെയ്യുന്നതിനും ചർമ്മത്തിന് പുതുമയും തിളക്കവും നൽകുന്നതിനും ആഴ്ചയിൽ ഒന്നോ രണ്ടോ തവണ കഴുത്തിൽ സ്ക്രബ് ചെയ്ത് കൊടുക്കാം.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications