പേവിഷബാധയിൽ ജീവൻ കാക്കാൻ രണ്ട് പ്രതിരോധ കവചങ്ങൾ: അറിയാം പ്രീ-എക്സ്പോഷർ, പോസ്റ്റ്-എക്സ്പോഷർ വാക്സിനേഷൻ!

ഡോ. ജീൻ .കെ. ബാബു
കൺസൾട്ടന്റ് എമർജൻസി മെഡിസിൻ
ആസ്റ്റർ മിംസ് കോട്ടക്കൽ

പേവിഷബാധ (റാബിസ്) എന്നത് ലക്ഷണങ്ങൾ പ്രകടമായാൽ നൂറു ശതമാനവും മരണം ഉറപ്പാക്കുന്ന മാരകമായ ഒരു വൈറസ് രോഗമാണ്. എന്നാൽ, കൃത്യമായ സമയത്ത് മുൻകരുതലുകളെടുക്കുകയും വാക്സിനേഷൻ സ്വീകരിക്കുകയും ചെയ്താൽ നൂറു ശതമാനവും പ്രതിരോധിക്കാൻ കഴിയുന്ന രോഗം കൂടിയാണിത്. സാധാരണയായി ഒരു മൃഗത്തിന്റെ കടിയോ മാന്തലോ ഏറ്റ ശേഷമാണ് ആളുകൾ പേവിഷബാധയ്ക്കെതിരെയുള്ള വാക്സിൻ (PEP) എടുക്കാറുള്ളത്.

കടിയേൽക്കുന്നതിന് മുമ്പ് തന്നെ പേവിഷബാധയ്ക്കെതിരെ വാക്സിൻ എടുക്കാൻ സാധിക്കുമോ? ആർക്കൊക്കെയാണ് ഇത്തരത്തിൽ മുൻകൂട്ടിയുള്ള വാക്സിൻ (PrEP) ആവശ്യമായി വരുന്നത്? വാക്സിനേഷന്റെ ഈ രണ്ടു രീതികളെക്കുറിച്ചും അവയുടെ പ്രാധാന്യത്തെക്കുറിച്ചും വിശദമായി അറിയാം.

rabies

പേവിഷബാധ: മുൻകൂട്ടിയുള്ള വാക്സിനേഷൻ (PrEP)

മൃഗങ്ങളുടെ കടിയേൽക്കാനോ പേവിഷബാധയുണ്ടാക്കുന്ന വൈറസുമായി സമ്പർക്കത്തിൽ വരാനോ സാധ്യത കൂടുതലുള്ള വ്യക്തികൾ കടിയേൽക്കുന്നതിന് മുമ്പ് തന്നെ എടുക്കുന്ന പ്രതിരോധ കുത്തിവെയ്പ്പാണിത്. ശരീരത്തിൽ മുൻകൂട്ടിത്തന്നെ പേവിഷബാധയ്ക്കെതിരെയുള്ള ആന്റിബോഡികൾ ഉത്പ്പാദിപ്പിച്ചു നിർത്താൻ ഇത് സഹായിക്കുന്നു.

ആർക്കൊക്കെയാണ് മുൻകൂട്ടിയുള്ള വാക്സിൻ (PrEP) അത്യാവശ്യം?

സാധാരണ പൊതുജനങ്ങൾക്ക് പ്രീ-എക്സ്പോഷർ വാക്സിൻ നിർബന്ധമില്ലെങ്കിലും, താഴെ പറയുന്ന ഉയർന്ന അപകടസാധ്യതയുള്ള വിഭാഗങ്ങളിൽ പെട്ടവർ ഇത് നിർബന്ധമായും സ്വീകരിക്കേണ്ടതാണ്:

മൃഗസംരക്ഷകരും വെറ്ററിനറി വിഭാഗവും: മൃഗങ്ങളുമായി ദിവസേന സമ്പർക്കത്തിൽ വരുന്ന വെറ്ററിനറി ഡോക്ടർമാർ, ലബോറട്ടറി ജീവനക്കാർ, മൃഗശാലയിലെ തൊഴിലാളികൾ, മൃഗസ്നേഹികൾ, തെരുവുനായ പിടുത്തക്കാർ, ഡോഗ് ട്രെയിനർമാർ തുടങ്ങിയവർ.

വന്യജീവി ഗവേഷകരും ഗുഹാ പര്യവേഷകരും: കാടുകളിലും വനപ്രദേശങ്ങളിലും ദീർഘകാലം ജോലി ചെയ്യുന്നവർ, ഗുഹകൾ പര്യവേക്ഷകർ എന്നിവരിൽ വവ്വാലുകളിലൂടെയും കാട്ടുമൃഗങ്ങളിലൂടെയും പേവിഷബാധ പടരാൻ ഉയർന്ന സാധ്യതയുണ്ട്.

ആരോഗ്യ-ഗവേഷണ ജീവനക്കാർ: പേവിഷബാധയുണ്ടാക്കുന്ന റാബിസ് വൈറസുകളെക്കുറിച്ചോ ജീവനുള്ള സാമ്പിളുകളെക്കുറിച്ചോ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞരും ലബോറട്ടറി ജീവനക്കാരും.

ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ: പേവിഷബാധ വ്യാപകമായ പ്രദേശങ്ങളിലേക്ക് ദീർഘകാലത്തേക്ക് യാത്ര ചെയ്യുന്നവരും, അടിയന്തര വൈദ്യസഹായമോ വാക്സിനുകളോ വേഗത്തിൽ ലഭ്യമാകാത്ത ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് പോകുന്നവരും.

പി.ആർ.ഇ.പി (PrEP) എടുക്കുന്നതുകൊണ്ടുള്ള പ്രധാന നേട്ടങ്ങൾ

മുൻകൂട്ടി വാക്സിൻ എടുത്തതുകൊണ്ട് പിന്നീട് കടിയേറ്റാൽ വാക്സിൻ പൂർണ്ണമായി ഒഴിവാക്കാം എന്ന് ഇതിനർത്ഥമില്ല. എങ്കിലും, പി.ആർ.ഇ.പി (PrEP) നൽകുന്ന പ്രധാന നേട്ടങ്ങൾ താഴെ പറയുന്നവയാണ്:

ശരീരത്തിന്റെ ആദ്യ പ്രത്യാക്രമണം: മൃഗങ്ങളുടെ കടിയോ നക്കലോ നമ്മൾ അറിയാതെ പോകുന്ന സാഹചര്യങ്ങളിലും ശരീരത്തിൽ നിലവിലുള്ള ആന്റിബോഡികൾ വൈറസിനെതിരെ പ്രവർത്തിച്ചു തുടങ്ങും.

പി.ആർ.ഇ.പി (PrEP) എടുത്ത ഒരാൾക്ക് പിന്നീട് മൃഗങ്ങളുടെ കടിയേറ്റാൽ, മുറിവിനു ചുറ്റും നൽകുന്ന വിലപിടിപ്പുള്ളതും പലപ്പോഴും ലഭ്യത കുറവുള്ളതുമായ റാബിസ് ഇമ്മ്യൂണോഗ്ലോബുലിൻ കുത്തിവെയ്പ്പ് ആവശ്യമില്ല.

കടിയേറ്റ ശേഷമുള്ള വാക്സിൻ ഡോസുകളുടെ എണ്ണം പ്രീ-എക്സ്പോഷർ എടുത്തവർക്ക് വളരെ കുറവായിരിക്കും (4 ഡോസുകൾക്ക് പകരം 2 ഡോസ് വാക്സിൻ മാത്രം മതിയാകും).

കടിയേറ്റ ശേഷമുള്ള വാക്സിനേഷൻ

ഏതെങ്കിലും മൃഗത്തിന്റെ കടിയോ മാന്തലോ ഏറ്റതിനു ശേഷം പേവിഷബാധ വരാതിരിക്കാൻ നൽകുന്ന അടിയന്തര പ്രതിരോധ ചികിത്സയാണിത്. സാധാരണ പൊതുജനങ്ങൾക്ക് മൃഗങ്ങളുമായി ഏതെങ്കിലും തരത്തിലുള്ള സമ്പർക്കം ഉണ്ടാകുമ്പോഴാണ് ഈ കുത്തിവെയ്പ്പ് നൽകുന്നത്.

കടിയേറ്റാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ

മൃഗം കടിക്കുകയോ മാന്തുകയോ ചെയ്താൽ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം കടിയേറ്റ ഭാഗം ഉടൻ തന്നെ ഒഴുകുന്ന പൈപ്പ് വെള്ളത്തിൽ സോപ്പ് ഉപയോഗിച്ച് കുറഞ്ഞത് 15 മിനിറ്റെങ്കിലും കഴുകുക എന്നതാണ്. മുറിവിലുള്ള വൈറസിന്റെ അളവ് 70-80% വരെ കുറയ്ക്കാൻ ഈ ലളിതമായ പ്രഥമ ശുശ്രൂഷയിലൂടെ സാധിക്കും. അതിനുശേഷം ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തി വിദഗ്ദ്ധ ചികിത്സ തേടണം.

കടിയുടെ സ്വഭാവവും ചികിത്സയും

കാറ്റഗറി-1 (കുറഞ്ഞ അപകടസാധ്യത): മൃഗങ്ങളെ തൊടുകയോ തീറ്റ കൊടുക്കുകയോ ചെയ്യുക, മുറിവില്ലാത്ത തൊലിപ്പുറത്ത് മൃഗങ്ങൾ നക്കുക. (പ്രത്യേകിച്ച് ചികിത്സയോ വാക്സിനോ ആവശ്യമില്ല).

കാറ്റഗറി 2 (മിതമായ അപകടസാധ്യത): രക്തം വരാത്ത രീതിയിൽ തൊലിപ്പുറത്ത് ഉണ്ടാകുന്ന ചെറിയ മാന്തലുകൾ, പോറലുകൾ, അല്ലെങ്കിൽ തൊലി ഉരിഞ്ഞുപോകുന്ന അവസ്ഥ.

അപകടസാധ്യത: വൈറസ് ശരീരത്തിനുള്ളിൽ കടക്കാൻ മിതമായ സാധ്യതയുണ്ട്.

എന്തു ചെയ്യണം? ഉടനടി മുറിവേറ്റ ഭാഗം പൈപ്പ് വെള്ളത്തിൽ സോപ്പ് ഉപയോഗിച്ച് കുറഞ്ഞത് 15 മിനിറ്റെങ്കിലും കഴുകുക. തുടർന്ന് ഡോക്ടറെ കണ്ട് പേവിഷബാധയ്ക്കെതിരെയുള്ള ആന്റിറേബീസ് വാക്സിൻ നിർബന്ധമായും നിശ്ചിത ദിവസങ്ങളിൽ എടുക്കുക.

കാറ്റഗറി 3 (ഉയർന്ന അപകടസാധ്യത): രക്തം പുറത്തുവരുന്ന രീതിയിലുള്ള കടികളും ആഴത്തിലുള്ള മാന്തലുകളും, തൊലി തുളച്ചുകയറുന്ന മുറിവുകൾ, മുറിവുകളോ പോറലുകളോ ഉള്ള ഭാഗത്തോ, കണ്ണ്, മൂക്ക്, വായ എന്നിവയുടെ ഭാഗത്തോ മൃഗങ്ങൾ നക്കുക, വവ്വാലുകളുമായുള്ള സമ്പർക്കം. (ഇവിടെ റേബീസ് വാക്സിനൊപ്പം ഇമ്മ്യൂണോഗ്ലോബുലിൻ കുത്തിവെയ്പ്പും നിർബന്ധമായും എടുക്കണം).

അപകടസാധ്യത: പേവിഷബാധ വൈറസ് രക്തത്തിലൂടെയോ നാഡികളിലൂടെയോ വേഗത്തിൽ ശരീരത്തിൽ പടരാൻ അത്യധികം സാധ്യതയുള്ള അവസ്ഥയാണിത്.

എന്തു ചെയ്യണം? ഒട്ടും സമയം കളയാതെ മുറിവ് 15 മിനിറ്റ് സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക. വൈകാതെ തന്നെ ആശുപത്രിയിലെത്തി ആന്റി റേബീസ് വാക്സിനൊപ്പം (ARV), വൈറസിനെ ഉടനടി നിർവീര്യമാക്കാൻ സഹായിക്കുന്ന 'റേബീസ് ഇമ്മ്യൂണോഗ്ലോബുലിൻ' (ആർ.ഐ.ജി) എന്ന പ്രത്യേക പ്രതിരോധ കുത്തിവെയ്പ്പ് കൂടി മുറിവിനു ചുറ്റും എടുക്കേണ്ടതുണ്ട്.

പേവിഷബാധ വാക്സിനേഷൻ സമയക്രമം എങ്ങനെയെന്ന് അറിയാം

ഏതൊക്കെ ദിവസങ്ങളിലാണ് വാക്സിൻ എടുക്കേണ്ടത് എന്നത് എല്ലാവരും കൃത്യമായി മനസ്സിലാക്കിയിരിക്കണം. പ്രധാനമായും മൂന്ന് രീതിയിലാണ് വാക്സിനേഷൻ ഡോസുകൾ ക്രമീകരിച്ചിരിക്കുന്നത്:

മുൻകൂട്ടിയുള്ള വാക്സിൻ എടുക്കുന്നവർക്ക് (PrEP): മൃഗങ്ങളുമായി നിരന്തരം ഇടപഴകുന്നവർക്ക് കടിയേൽക്കുന്നതിന് മുമ്പ് നൽകുന്ന വാക്സിൻ പ്രധാനമായും രണ്ട് ഡോസുകളായാണ് നൽകുന്നത്. ആദ്യത്തെ ഡോസ് എടുക്കുന്ന ദിവസത്തെ 'ദിവസം 0' (Day 0) ആയി കണക്കാക്കിയാൽ, ഏഴാമത്തെ ദിവസമാണ് (Day 7) രണ്ടാമത്തെ ഡോസ് എടുക്കേണ്ടത്. ചില പ്രത്യേക സാഹചര്യങ്ങളിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം 21 അല്ലെങ്കിൽ 28-ാം ദിവസത്തിൽ ഒരു ഡോസ് കൂടി നൽകാം.

മുൻകൂട്ടി വാക്സിൻ എടുക്കാത്തവർക്ക് കടിയേറ്റാൽ (PEP): മുൻകൂട്ടി വാക്സിൻ എടുക്കാത്തവർക്ക് മൃഗങ്ങളുടെ കടിയോ മാന്തലോ ഏൽക്കുമ്പോൾ ആകെ നാല് ഡോസ് വാക്സിനാണ് നൽകുന്നത്. കടിയേറ്റ ദിവസം ആദ്യ ഡോസ് (Day 0), പിന്നീട് മൂന്നാം ദിവസം (Day 3), ഏഴാം ദിവസം (Day 7), ഇരുപത്തിയെട്ടാം ദിവസം (Day 28) എന്നീ ക്രമത്തിലാണ് ഈ കുത്തിവെയ്പ്പുകൾ പൂർത്തിയാക്കേണ്ടത്. കടിയുടെ ആഘാതം കൂടുതലാണെങ്കിൽ (കാറ്റഗറി 3) വാക്സിനൊപ്പം ആദ്യ ദിവസം തന്നെ ഇമ്മ്യൂണോഗ്ലോബുലിൻ (ആർ.ഐ.ജി) കുത്തിവെയ്പ്പ് കൂടി നൽകും.

മുൻകൂട്ടി വാക്സിൻ എടുത്തവർക്ക് പിന്നീട് കടിയേറ്റാൽ (PrEP കുത്തിവെയ്പ്പ് എടുത്തശേഷമുള്ള PEP കുത്തിവെയ്പ്പ്): മുൻകൂട്ടി പ്രീ-എക്സ്പോഷർ (PrEP) വാക്സിൻ എടുത്ത ഒരാൾക്ക് പിന്നീട് മൃഗങ്ങളുടെ കടിയേറ്റാൽ രണ്ട് ഡോസ് വാക്സിൻ മാത്രം എടുത്താൽ മതിയാകും. കടിയേറ്റ ദിവസവും (Day 0), മൂന്നാം ദിവസവും (Day 3) ആണ് ഈ കുത്തിവെയ്പ്പുകൾ എടുക്കേണ്ടത്. കൂടാതെ ഇവർക്ക് ഇമ്മ്യൂണോഗ്ലോബുലിൻ (ആർ.ഐ.ജി) കുത്തിവെയ്പ്പിന്റെ ആവശ്യവും വരുന്നില്ല.

പേവിഷബാധ എന്നത് നൂറു ശതമാനവും തടയാവുന്ന ഒരു രോഗമാണ്. പൊതുജനങ്ങൾ മൃഗങ്ങളുടെ കടിയേറ്റാൽ ഭയപ്പെടാതെ, മുറിവ് സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയും കൃത്യ സമയത്ത് പോസ്റ്റ്-എക്സ്പോഷർ വാക്സിനേഷൻ നിർബന്ധമായും എടുക്കുകയും വേണം. അതേസമയം വെറ്ററിനറി ഡോക്ടർമാർ, വന്യജീവി ജീവനക്കാർ, മൃഗസംരക്ഷകർ തുടങ്ങിയ ഉയർന്ന അപകടസാധ്യതയുള്ള തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർ നിർബന്ധമായും മുൻകൂട്ടിയുള്ള (PrEP) വാക്സിനേഷൻ സ്വീകരിച്ച് സുരക്ഷിതരാകേണ്ടതാണ്. നിങ്ങളുടെ തൊഴിലും ജീവനും സംരക്ഷിക്കാൻ കൃത്യമായ പ്രതിരോധ കുത്തിവെയ്പ്പുകൾ സഹായിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma