മഴക്കാലത്ത് വീട്ടിൽ ദാരിദ്ര്യവും, ദോഷങ്ങളും വരും; പരിഹാരത്തിനായി ചെയ്യേണ്ട 7 വാസ്തു മാറ്റങ്ങൾ
തുടർച്ചയായി മഴ പെയ്യുമ്പോഴും ആകാശം ഇരുണ്ടുകൂടുമ്പോഴും നമ്മളിൽ പലരുടെയും മനസ്സിൽ ഒരുതരം മടുപ്പും നെഗറ്റീവ് എനർജിയും വന്ന് നിറയാറുണ്ട്. ആ നെഗറ്റീവ് എനർജി നമ്മുടെ വീടുകളിലും നിറയും. വാസ്തു ശാസ്ത്രപ്രകാരം മഴക്കാലത്ത് അന്തരീക്ഷത്തിൽ 'ജലാംശം' അമിതമാകുന്നത് വീടിന്റെ ഊർജ്ജ നിലയെയും സാമ്പത്തിക വളർച്ചയെയും നേരിട്ട് ബാധിക്കും. നിങ്ങളുടെ അശ്രദ്ധ കാരണം ഈ സമയത്ത് വീട്ടിൽ നെഗറ്റീവ് എനർജി കയറിയാൽ അത് കുടുംബാംഗങ്ങളുടെ സമാധാനം കളയാൻ വരെ കാരണമാകും. ഈ മഴക്കാലത്ത് വീടിനെ ഒരു പോസിറ്റീവ് കേന്ദ്രമാക്കി മാറ്റാൻ സഹായിക്കുന്ന ഏറ്റവും ലളിതമായ 7 വാസ്തു പരിഹാരങ്ങൾ നമുക്ക് മനസ്സിലാക്കാം.
1. പ്രധാന കവാടം വൃത്തിയായി സൂക്ഷിക്കുക
വീട്ടിലേക്ക് ഐശ്വര്യവും സമൃദിയും പ്രവേശിക്കുന്നത് പ്രധാന കവാടത്തിലൂടെയാണ് എന്നാണ് വിശ്വാസം. എന്നാൽ മഴക്കാലത്ത് ചെളിയും ഈർപ്പവും കൊണ്ട് ഈ ഭാഗം ഏറ്റവും കൂടുതൽ അഴുക്കാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് വീടിന്റെ മുൻവാതിലും പരിസരവും എപ്പോഴും ഉണങ്ങിയതായും വൃത്തിയായും സൂക്ഷിക്കേണ്ടത് അത്യവശ്യമാണ്. ചെരിപ്പുകളോ മറ്റ് സാധനങ്ങളോ കൂട്ടിവെച്ച് തടസ്സങ്ങൾ ഉണ്ടാക്കരുത്.
2. ചോർച്ചകളും വിള്ളലുകളും ഉടൻ പരിഹരിക്കുക
മേൽക്കൂരയിലെ ചെറിയ ചോർച്ചകളോ ചുവരിലെ വിള്ളലുകളോ ആണെങ്കിൽ പോലും മഴക്കാലത്ത് അവ അടിയന്തിരമായി നന്നാക്കണം. വാസ്തു പ്രകാരം ചുവരുകളിലെ ഈർപ്പവും പൈപ്പുകളിൽ നിന്നും വെള്ളം ഇറ്റുവീഴുന്നതും വീട്ടിലെ സമ്പത്ത് ചോർന്നുപോകുന്നതിന്റെ ലക്ഷണമാണ്. ഇത് ജീവിതത്തിലെ വലിയ നല്ല അവസരങ്ങൾ കൈവിട്ടുപോകാൻ കാരണമാകും.

3. ആവശ്യമില്ലാത്ത സാധനങ്ങൾ ഒഴിവാക്കുക
വീടിനുള്ളിൽ ഉപയോഗിക്കാതെ കിടക്കുന്ന പഴയ സാധനങ്ങൾ മഴക്കാലത്തെ ഈർപ്പം വലിചെടുത്ത് പൂപ്പലിനും വൈറസുകൾക്കും രോഗങ്ങൾക്കും കാരണമാകും. ഇത് വീട്ടിലുള്ളവരുടെ മാനസിക ശാരീരിക ആരോഗ്യത്തെ തളർത്തും. അതിനാൽ ആവശ്യമില്ലാത്ത സാധനങ്ങൾ മാറ്റിവെച്ച് വീട് കൃത്യമായി വൃത്തിയാക്കുകയും വായുസഞ്ചാരം ഉറപ്പാക്കുകയും ചെയ്യുക.
4. ദുർഗന്ധം ഒഴിവാക്കാൻ പ്രകൃതിദത്ത സുഗന്ധങ്ങൾ
തുടർച്ചയായി മഴ പെയ്യുമ്പോൾ വീടിനുള്ളിൽ ഒരുതരം അടഞ്ഞ മണവും ദുർഗന്ധവും ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇത് മാറ്റാൻ ദിവസവും വൈകുന്നേരങ്ങളിൽ കർപ്പൂരം കത്തിക്കുകയോ ചന്ദനത്തിരികൾ ഉപയോഗിക്കുകയോ ചെയ്യാം. എസൻഷ്യൽ ഓയിലുകൾ ഡിഫ്യൂസർ വഴി മുറികളിൽ പടർത്തുന്നതും നല്ലതാണ്. ഇത് മനസ്സിന് പെട്ടെന്ന് ഉന്മേഷം നൽകും.
5. ഇൻഡോർ പ്ലാന്റുകൾ വളർത്താം
വീടിനുള്ളിലെ വായു ശുദ്ധീകരിക്കാനും നല്ല മണം നിലനിർത്താനും ഇൻഡോർ പ്ലാന്റുകൾ സഹായിക്കും. വീടിന്റെ മുൻപിൽ തുളസി ചെടി വളർത്തുന്നത് അതീവ ശുഭകരമാണ്. കൂടാതെ മണി പ്ലാന്റ്, ബാംബൂ പ്ലാന്റ് എന്നിവ മുറികളിൽ വെക്കുന്നത് വീടിന് ഭംഗി കൂട്ടുക മാത്രമല്ല, പോസിറ്റീവ് ഊർജ്ജം കൊണ്ടുവരികയും ചെയ്യും.
6. വീടിനുള്ളിൽ നല്ല വെളിച്ചം ഉറപ്പാക്കുക
മഴക്കാലത്ത് വെളിച്ചം കുറവായതിനാൽ വീടിനുള്ളിൽ എപ്പോഴും ഇരുണ്ട അന്തരീക്ഷം വരാൻ സാധ്യതയുണ്ട്. ഇത് നെഗറ്റീവ് എനർജിയാണ്. അതുകൊണ്ട് വീടിന്റെ ഇരുണ്ട ഭാഗങ്ങളിൽ നല്ല ഭംഗിയുള്ള ലൈറ്റുകൾ തെളിയിക്കാം. കട്ടിലിലെയും സോഫയിലെയും കുഷ്യൻ കവറുകൾക്ക് നല്ല തെളിച്ചമുള്ള നിറങ്ങൾ നൽകുന്നതും വീടിനുള്ളിലെ അന്തരീക്ഷം പോസിറ്റീവ് ആക്കാൻ സഹായിക്കും.
7. കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിക്കളയുക
ബാൽക്കണിയിലോ ടെറസിലോ ഒരു കാരണവശാലും വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. വാസ്തു പ്രകാരം കെട്ടിക്കിടക്കുന്ന വെള്ളം ജീവിതത്തിലെ പുരോഗതിയെ പൂർണ്ണമായി തടസ്സപ്പെടുത്തും. വീട്ടിലെ ഡ്രെയിനേജ് പൈപ്പുകൾ കൃത്യമായി വൃത്തിയാക്കി വെള്ളം ഒഴുക്കിക്കളയുന്നത് വഴി തടസ്സങ്ങളില്ലാത്ത ജീവിത വളർച്ച ഉറപ്പാക്കാം.












Click it and Unblock the Notifications