കുബേര വിഗ്രഹം എവിടെയെങ്കിലും വെച്ചാല്‍ പോര! പണമൊഴുകിയെത്താന്‍ ഇങ്ങനെ ചെയ്യണം
വാസ്തു ശാസ്ത്ര പ്രകാരം വീടിന്റെ ഓരോ ദിശയ്ക്കും വ്യത്യസ്ത പ്രാധാന്യമുണ്ട്. ഓരോ ദിശയ്ക്കും അതിന്റേതായ നിയമങ്ങളും സവിശേഷതകളും ഉണ്ട് എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. അതിനാല്‍ ഏതൊരു വസ്തുവും വെക്കുമ്പോള്‍ ശരിയായ ദിശയിലാണോ എന്ന് പരിശോധിക്കേണ്ടത് പ്രധാനമാണ്. നമ്മള്‍ കിണര്‍ കുഴിക്കുമ്പോള്‍ സ്ഥാനം നോക്കാറില്ലേ?
അതുപോലെ എല്ലാത്തിനും അതിന്റേതായ സ്ഥാനമുണ്ട് എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. ഹൈന്ദവ വിശ്വാസ പ്രകാരം സമ്പത്തിന്റെ ദേവനാണ് കുബേരന്‍. അതിനാല്‍ തന്നെ പലരും വീട്ടില്‍ കുബേര വിഗ്രഹം വെക്കാറുണ്ട്. എന്നാല്‍ പലരും ഇത് ശരിയായ സ്ഥാനത്തല്ല വെക്കുന്നത്. അതുകൊണ്ടാണ് പ്രതീക്ഷിച്ച ഫലം ഇതിന് ലഭിക്കാത്തത്. വാസ്തു പ്രകാരം എവിടെയാണ് കുബേര വിഗ്രഹം വെക്കേണ്ടത് എന്ന് നോക്കാം.

കുബേര വിഗ്രഹം തെക്ക് ദിശയില്‍ വെക്കരുത്. ഈ ദിശയിലാണ് യമനും പൂര്‍വ്വികരും വസിക്കുന്നത്. അതുകൊണ്ട് കുബേരന്റെ വിഗ്രഹം ഈ ദിശയില്‍ വെക്കുന്നത് സാമ്പത്തിക നഷ്ടത്തിന് കാരണമായേക്കാം. ഇതുവഴി കുടുംബനാഥനായ വ്യക്തിക്ക് അശുഭകരമായ ഫലങ്ങള്‍ ലഭിച്ചേക്കാം. എന്തെങ്കിലും കാരണത്താല്‍ നിങ്ങള്‍ കുബേര വിഗ്രഹം തെക്ക് ദിശയില്‍ സൂക്ഷിക്കുകയാണെങ്കില്‍ ആ സ്ഥലം ശരിയായി പരിപാലിക്കണം.
പടിഞ്ഞാറ് ദിശയിലാണ് ശനിദേവന്‍ കുടികൊള്ളുന്നത്. അതിനാല്‍, കുബേര വിഗ്രഹം ഈ ദിശയില്‍ സൂക്ഷിക്കരുത്. ശനിദേവന്‍ കര്‍മ്മത്തിന് അനുസരിച്ച് ഫലം നല്‍കുന്ന ദേവനാണ്. ക്ഷിപ്രകോപിയുമാണ്. അതിനാല്‍ നിങ്ങള്‍ കുബേര വിഗ്രഹം ഈ ദിശയില്‍ വച്ചാല്‍ ഉടന്‍ അത് നീക്കം ചെയ്യുക. ഇത് നിങ്ങളുടെ ജീവിതത്തില്‍ വരുന്ന പ്രശ്നങ്ങള്‍ ഇല്ലാതാക്കും. വീടിന്റെ വടക്ക് പടിഞ്ഞാറ് ദിശയിലും കുബേരന്റെ വിഗ്രഹം വെക്കരുത്.
ഇക്കാരണത്താല്‍ ഒരാള്‍ക്ക് ജോലിയില്‍ പെട്ടെന്ന് നഷ്ടമുണ്ടാകുകയും അശുഭകരമായ ഫലങ്ങള്‍ ലഭിക്കുകയും ചെയ്യും. കുബേര വിഗ്രഹം തെക്ക്-പടിഞ്ഞാറ് ദിശയില്‍ സൂക്ഷിക്കുന്നതും അശുഭകരമാണ്. ഇതുമൂലം ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മീദേവി വീട്ടിലേക്ക് എത്തില്ല. സമ്പത്തും ശാശ്വതമായി നിലനില്‍ക്കില്ല. ഇതുമൂലം വ്യക്തിക്ക് സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരുന്നു.
വീടിന്റെ വടക്ക് ദിശയാണ് കുബേരന്റെ സ്ഥാനമായി കണക്കാക്കപ്പെടുന്നത്. ഈ ദിശ പോസിറ്റീവ് എനര്‍ജിയുടെ കലവറയാണെന്നും പറയപ്പെടുന്നു. വടക്ക് ദിശ ആരാധനയ്ക്ക് ഏറ്റവും അനുകൂലമായി കണക്കാക്കപ്പെടുന്നു. അതിനാല്‍ തന്നെ വീട്ടില്‍ കുബേര വിഗ്രഹം വെക്കാന്‍ ഏറ്റവും അനുയോജ്യം വടക്ക് ദിശയാണ് എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്.












Click it and Unblock the Notifications