മോണാലിസയ്ക്ക് പ്രതിഫലം ലക്ഷങ്ങൾ, ഷെഡിൽ നിന്ന് മുംബൈയിലെ ഫ്ളാറ്റിലേക്ക്, ജീവിതം മാറിമറിഞ്ഞതിങ്ങനെ
കുംഭമേളയുടെ വലിയ തിരക്കിനിടയില്‍ ഒരു ക്യാമറക്കണ്ണില്‍ പതിഞ്ഞ രണ്ട് വെള്ളാരംകണ്ണുകള്‍.. ആ നിമിഷം തന്റെ ജീവിതം സ്വപ്‌നതുല്യമായ തരത്തില്‍ മാറ്റി മറിക്കുമെന്ന് ആ പെണ്‍കുട്ടി ഒരിക്കലും കരുതിക്കാണില്ല. മോനി ബോണ്‍സ്ലെ എന്ന ആ പെണ്‍കുട്ടിയെ സോഷ്യല്‍ മീഡിയ മോണാലിസ എന്ന് വിളിച്ചു.
മോണാലിസയെ ആദ്യമായി നമ്മള്‍ കാണുമ്പോള്‍ അവള്‍ തെരുവില്‍ മുത്തുമാലകള്‍ വില്‍ക്കുന്ന ഒരു പാവപ്പെട്ട പെണ്‍കുട്ടിയായിരുന്നു. എന്നാല്‍ വൈറലായതോടെ മോണാലിസയുടെ ജീവിതം അടിമുടി മാറി. ഫോട്ടോഷൂട്ടുകളില്‍ തുടങ്ങി ഉദ്ഘാടനങ്ങളും ആല്‍ബങ്ങളും കഴിഞ്ഞ് ഇപ്പോള്‍ സിനിമയില്‍ എത്തി നില്‍ക്കുകയാണ് മോണാലിസ.
വെറും നൂറ് രൂപയ്ക്ക് മാലകള്‍ വിറ്റ് ജീവിച്ചിരുന്ന പെണ്‍കുട്ടിക്ക് ഇന്ന് പ്രതിഫലം ലക്ഷങ്ങള്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈയിടെ മോണാലിസ കേരളത്തിലും എത്തിയിരുന്നു. ബോബി ചെമ്മണ്ണൂരിന്റെ കോഴിക്കോടുളള ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലറിയുടെ ഉദ്ഘാടന പരിപാടിക്കായിരുന്നു മോണാലിസ എത്തിയത്. 15 ലക്ഷം രൂപയോളമാണ് അന്ന് മോണാലിസയ്ക്ക് പ്രതിഫലമായി ബോബി ചെമ്മണ്ണൂര്‍ നല്‍കിയത് എന്നാണ് സൂചന. മാത്രമല്ല വിലകൂടിയ സ്വര്‍ണ മാലയും മോണാലിസയ്ക്ക് ബോബി ചെമ്മണ്ണൂര്‍ സമ്മാനമായി നല്‍കിയിരുന്നു.

നേരത്തെ മാതാപിതാക്കള്‍ക്കൊപ്പം ഷെഡില്‍ താമസിച്ചിരുന്ന മോണാലിസ ഇന്ന് മുംബൈയിലെ ഫ്‌ളാറ്റിലാണ് താമസം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു കോടിയോളം വില വരുന്ന കാറില്‍ മോണാലിസ യാത്ര ചെയ്യുന്നതും നേരത്തെ വൈറലായിരുന്നു. മാത്രമല്ല പത്ത് കോടിയോളം ഇതിനകം മോണാലിയ സമ്പാദിച്ചു എന്ന തരത്തിലും സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുന്നുണ്ട്.
എന്തായാലും തെലുങ്ക് സിനിമയില്‍ ചുവട് വെയ്ക്കാനുളള ഒരുക്കത്തിലാണ് മോണാലിസ ഇപ്പോള്‍. നവംബറില്‍ പൂജ നടന്ന സിനിമയുടെ ഷൂട്ടിംഗ് ഈ വര്‍ഷം ആരംഭിക്കും. സായ് ചരണ്‍ നായകനാകുന്ന ചിത്രത്തിന്റ പേര് ലൈഫ് എന്നാണ്. മലയാളത്തില്‍ പികെ ബിനു വര്‍ഗീസ് സംവിധാനം ചെയ്യുന്ന നാഗമ്മ എന്ന ചിത്രത്തിലും മോണാലിസ അഭിനയിക്കുന്നുണ്ട്. മാത്രമല്ല ഹിന്ദി ആല്‍ബങ്ങളിലും മോണാലിസ സജീവമാണ്. 2 ലക്ഷം വരെയാണ് ഒരു ആല്‍ബത്തിന് മോണാലിസയ്ക്ക് ലഭിക്കുന്ന പ്രതിഫലം എന്നാണ് വിവരം. സിനിമയില്‍ എത്തുമ്പോള്‍ പ്രതിഫലം അതിനും മേലെയാകും എന്നുറപ്പാണ്. ഹിന്ദിയിലടക്കം മോണാലിസയുടെ സിനിമകൾ ഇനി പുറത്തിറങ്ങാനുണ്ട്.












Click it and Unblock the Notifications