വിസ വേണ്ട, പാസ്‌പോർട്ട് മതി; ഈ വേനലവധിക്ക് ഇന്ത്യക്കാർക്ക് അടിച്ചുപൊളിക്കാൻ 26 രാജ്യങ്ങൾ
അന്താരാഷ്ട്ര യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ഏറ്റവും വലിയ തടസ്സം വിസ നടപടികളാണ്. എന്നാൽ 2026-ൽ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ആഗോളതലത്തിൽ കൂടുതൽ സ്വീകാര്യത ലഭിക്കുന്നതോടെ വിദേശയാത്രകൾ മുൻപത്തേക്കാൾ ലളിതമായിരിക്കുന്നു. ഹെൻലി പാസ്‌പോർട്ട് ഇൻഡക്സിൽ ഇന്ത്യ 75-ാം സ്ഥാനത്തേക്ക് മെച്ചപ്പെട്ടത് ലക്ഷക്കണക്കിന് സഞ്ചാരികൾക്കാണ് ഗുണകരമാകുന്നത്. വിസയ്ക്കായുള്ള നൂലാമാലകളില്ലാതെ പാസ്‌പോർട്ടും ടിക്കറ്റും മാത്രം കരുതി ഇപ്പോൾ 26 രാജ്യങ്ങളിലേക്ക് ഇന്ത്യക്കാർക്ക് പറക്കാം. ഈ അവധിക്കാലം ആഘോഷിക്കാൻ തിരഞ്ഞെടുക്കാവുന്ന പ്രധാന രാജ്യങ്ങൾ ഇവയാണ്
ഏഷ്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ
മലയാളി സഞ്ചാരികൾക്കിടയിൽ എന്നും പ്രിയപ്പെട്ട തായ്‌ലൻഡും മലേഷ്യയുമാണ് ഈ പട്ടികയിലെ മുൻനിരക്കാർ. ബീച്ചുകൾക്കും ഷോപ്പിംഗിനും അനുയോജ്യമായ ഈ രാജ്യങ്ങളിലേക്ക് വിസയില്ലാതെ പ്രവേശിക്കാം എന്നത് വലിയ സൗകര്യമാണ്. കൂടാതെ, സാഹസികത ഇഷ്ടപ്പെടുന്നവർക്ക് കസാക്കിസ്ഥാനും സാംസ്‌കാരിക പൈതൃകം തേടുന്നവർക്ക് ഭൂട്ടാൻ, നേപ്പാൾ, ഫിലിപ്പീൻസ്, മക്കാവു എന്നിവയും തിരഞ്ഞെടുക്കാം.

ദ്വീപ് രാഷ്ട്രങ്ങളിലെ അവധിക്കാലം
വിദേശത്തെ മനോഹരമായ കടൽത്തീരങ്ങളിൽ അവധിക്കാലം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് കരീബിയൻ, പസഫിക് ദ്വീപുകൾ മികച്ച ഓപ്ഷനാണ്.
കരീബിയൻ: ബാർബഡോസ്, ജമൈക്ക, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, ഗ്രനേഡ.
പസഫിക്: ഫിജി, വാനുവാട്ടു, മൈക്രോനേഷ്യ.
ഇന്ത്യൻ മഹാസമുദ്രം: ലക്ഷ്വറി യാത്രകൾക്ക് അനുയോജ്യമായ മൗറീഷ്യസും, ബഡ്ജറ്റ് ഫ്രണ്ട്ലി യാത്രകൾക്ക് ശ്രീലങ്കയും തെരഞ്ഞെടുക്കാം.
ആഫ്രിക്കൻ വന്യജീവി യാത്രകൾ
പ്രകൃതിയോടും വന്യജീവികളോടും അടുത്ത് നിൽക്കുന്ന യാത്രകൾക്ക് ആഫ്രിക്കൻ രാജ്യങ്ങൾ മികച്ചതാണ്. റുവാണ്ട, സെനഗൽ, അംഗോള, ഗാംബിയ എന്നീ രാജ്യങ്ങൾ ഇന്ത്യൻ സഞ്ചാരികൾക്ക് വിസയില്ലാത്ത പ്രവേശനം വാഗ്ദാനം ചെയ്യുന്നു. വന്യജീവി സഫാരികൾക്കും വ്യത്യസ്തമായ സംസ്കാരം അനുഭവിക്കാനും ഈ രാജ്യങ്ങൾ അവസരമൊരുക്കുന്നു.
യാത്രക്കാർ അറിയാൻ
വിസ വേണ്ട എന്നതിനർത്ഥം യാതൊരു നിയന്ത്രണവുമില്ല എന്നല്ല. മിക്ക രാജ്യങ്ങളും എൻട്രി പോയിന്റിൽ നിങ്ങളുടെ റിട്ടേൺ ടിക്കറ്റ്, ഹോട്ടൽ റിസർവേഷൻ, യാത്രയ്ക്കുള്ള സാമ്പത്തിക ശേഷി എന്നിവ പരിശോധിക്കും. കൂടാതെ പാസ്‌പോർട്ടിന് ചുരുങ്ങിയത് 6 മാസം കാലാവധി ഉണ്ടായിരിക്കണം. ചില രാജ്യങ്ങളിൽ വിസയ്ക്ക് പകരം ലളിതമായ ഓൺലൈൻ രജിസ്ട്രേഷൻ (eTA) ആവശ്യമായി വന്നേക്കാം.
ഈ വേനലവധി കാലത്ത് എല്ലാ തിരക്കുകളിൽ നിന്ന് മാറി ഒരു വിദേശയാത്ര ആഗ്രഹിക്കുന്നവർക്ക് ഈ 26 രാജ്യങ്ങൾ മികച്ച ലക്ഷ്യസ്ഥാനങ്ങളാണ്.












Click it and Unblock the Notifications