വിറ്റാമിന്‍ സി സെറമുകള്‍ കൊണ്ട് ഫലം കിട്ടിയില്ലേ; ഈ പഴത്തിന്റെ ഗുണങ്ങള്‍ അറിഞ്ഞാല്‍ പോക്കറ്റ് കാലിയാകില്ല
ചര്‍മ്മത്തിന്റെ തിളക്കം വര്‍ധിപ്പിക്കാനായി കടകളില്‍ നിന്ന് വില കൂടിയ വിറ്റാമിന്‍ സി സെറമുകള്‍ വാങ്ങിക്കൂട്ടുന്ന ധാരാളം ആളുകളുണ്ട്. എന്നാല്‍ കുറഞ്ഞ ചെലവില്‍ ചര്‍മത്തിന് നല്ല ഫലം നല്‍കുന്ന പഴങ്ങള്‍ നമുക്കു ചുറ്റും ധാരാളമായുണ്ട്. അതിലൊന്നാണ് കിവി. വിറ്റാമിന്‍ സി അടങ്ങിയ കിവി പഴം ചര്‍മ്മ സംരക്ഷണം, പ്രതിരോധ ശേഷി, ദഹന ആരോഗ്യം എന്നിവയ്ക്ക് ഉത്തമമാണെന്ന് പോഷകാഹാര വിദഗ്ദ്ധര്‍ പറയുന്നു.
നമ്മുടെ പ്രാദേശിക പഴങ്ങളേക്കാള്‍ കൂടുതല്‍ വിറ്റാമിന്‍ സി കിവിയില്‍ അടങ്ങിയിട്ടുണ്ട്. ഒരു ഇടത്തരം കിവി ഒരു ദിവസത്തേക്ക് ആവശ്യമുള്ളതിലും കൂടുതല്‍ വിറ്റാമിന്‍ സി നല്‍കാന്‍ പര്യാപ്തമാണ്. ഈ വിറ്റാമിന്‍ കൊളാജന്‍ ഉത്പാദനത്തെ സഹായിക്കുകയും ചര്‍മ്മത്തിലെ ദൈനംദിന കേടുപാടുകള്‍ പരിഹരിക്കുകയും ചെയ്യും. ചര്‍മത്തെ ചെറുപ്പമാക്കി നിലനിര്‍ത്താന്‍ സഹായിക്കുന്ന പ്രോട്ടീനുകളാണ് കൊളാജന്‍. ഇതുകൂടാതെ, കിവി പ്രതിരോധശേഷിയും വര്‍ദ്ധിപ്പിക്കും.

100 ഗ്രാം കിവിയില്‍ ഏകദേശം 90 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് ഓറഞ്ചിലുള്ള 53 മില്ലിഗ്രാമിനേക്കാള്‍ കൂടുതലാണ്. അതേസമയം, പേരയ്ക്കയില്‍ കിവിയേക്കാള്‍ കൂടുതല്‍, ഏകദേശം 230 മില്ലിഗ്രാം വരെ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്.
വില കൂടിയ സെറമുകള്‍ ചര്‍മ്മത്തിന്റെ മുകളിലെ പാളികളിലാണ് പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. കറുത്ത പാടുകളും നേര്‍ത്ത വരകളും കുറയ്ക്കാന്‍ ചിലര്‍ക്ക് ഇത് സഹായകമായേക്കാം. എന്നാല്‍ ഇതിന്റെ ഉയര്‍ന്ന വില എല്ലാവര്‍ക്കും താങ്ങാന്‍ കഴിയില്ല. അതുപോലെ വായുവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ സെറം കൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കണം എന്നുമില്ല. കിവി പോലുള്ള പഴങ്ങള്‍ കഴിക്കുന്നത് ശരീരത്തിനുള്ളില്‍ നിന്ന് ചര്‍മ്മത്തിന് പിന്തുണ നല്‍കുന്നു.
കിവിയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി ചര്‍മ്മത്തിന് ഇലാസ്തികത നല്‍കുന്ന കൊളാജനെ പിന്തുണയ്ക്കുന്നു. സൂര്യപ്രകാശവും മലിനീകരണവും മൂലമുണ്ടാകുന്ന ചര്‍മ പ്രശ്‌നങ്ങളെ ഇത് ചെറുക്കുന്നു. ചര്‍മ്മത്തിന് വാര്‍ധക്യം ബാധിക്കുന്നത് മന്ദഗതിയിലാക്കുന്നു.
നാരുകള്‍ ഉള്ളതിനാല്‍ കിവി ദഹനത്തെ പിന്തുണയ്ക്കുന്നു. ഇത് പലരിലും മലബന്ധം ഒഴിവാക്കാന്‍ സഹായിക്കും. കിവിയില്‍ പൊട്ടാസ്യവും ഫോളേറ്റും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിന്റെയും നാഡീവ്യവസ്ഥയുടെയും പ്രവര്‍ത്തനത്തിന് സഹായകമാണ്. ഈ സമഗ്രമായ ആരോഗ്യ ഗുണങ്ങള്‍ സെറമുകളില്‍ നിന്ന് ലഭിക്കില്ല.
വിറ്റാമിന്‍ സി സെറമുകള്‍ വാങ്ങാന്‍ എല്ലാ മാസവും വലിയ വില നല്‍കേണ്ടി വരും. പലപ്പോഴും ഇറക്കുമതി ചെയ്യുന്ന ഇവ ചെറിയ കുപ്പികളിലാണ് വില്‍ക്കുന്നത്. അതുകൊണ്ട് പെട്ടെന്ന് തീരും. കിവി പഴത്തിന്റെ വില സീസണനുസരിച്ച് വ്യത്യാസപ്പെടാമെങ്കിലും, മൊത്തമായി വാങ്ങുമ്പോള്‍ ഇത് ലാഭകരമാണ്. മിക്ക ഇന്ത്യന്‍ നഗരങ്ങളിലെയും പ്രാദേശിക വിപണികളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ഇപ്പോള്‍ കിവി സുലഭമാണ്.
കിവി വെറുതെ കഴിക്കുകയോ തൈരിനൊപ്പം ചേര്‍ക്കുകയോ ചെയ്യാം. ഇത് ഫ്രൂട്ട് ബൗളുകള്‍, സാലഡുകള്‍, ചമ്മന്തികള്‍ എന്നിവയിലും ഉപയോഗിക്കാം. തൈരോ ഓട്സോ ചേര്‍ത്തുള്ള പ്രഭാത സ്മൂത്തികളിലും ഇവ ഉള്‍പ്പെടുത്താം.
ചില ആളുകള്‍ക്ക് കിവി അലര്‍ജിയുണ്ടാക്കാം. വായില്‍ ചൊറിച്ചിലോ വീക്കമോ ഉണ്ടായാല്‍ കിവി കഴിക്കുന്നത് നിര്‍ത്തി ഡോക്ടറെ സമീപിക്കണം. രക്തം കട്ട പിടിക്കുന്നത് തടയുന്ന മരുന്നുകള്‍ കഴിക്കുന്നവര്‍ ഡോക്ടറോട് ചോദിച്ച ശേഷം മാത്രം കിവി ഉപയോഗിക്കുക.
ചര്‍മ്മ സംരക്ഷണത്തിനായി കിവി, സിട്രസ് പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ഉള്‍പ്പെടുന്ന സമീകൃതാഹാരം പ്രധാനമാണ്. സണ്‍സ്‌ക്രീന്‍, മൃദലമായ ക്ലെന്‍സിംഗ്, ആവശ്യത്തിന് ഉറക്കം എന്നിവയും ചര്‍മ്മ സംരക്ഷണത്തില്‍ നിര്‍ണായകമാണ്. സെറമുകള്‍ക്കു ചെലവഴിക്കുന്ന തുക പഴങ്ങള്‍ വാങ്ങാന്‍ ഉപയോഗിച്ചാല്‍ സൗന്ദര്യവും ആരോഗ്യവും ഒരുമിച്ചു ലഭിക്കും.












Click it and Unblock the Notifications