ഐശ്വര്യ റായിയെ പോലെ ഉണ്ടല്ലോ എന്ന് നാട്ടുകാരെ കൊണ്ട് പറയപ്പിക്കണോ? ഐശ്വര്യയുടെ സൗന്ദര്യക്കൂട്ടുകൾ ഇതാ
അടുക്കളിയിലെ ലളിതമായ ചേരുവകൾ കൊണ്ട് ചർമ്മസൗന്ദര്യം സംരക്ഷിക്കുന്നത് ഇന്ത്യൻ വീടുകളിലെ ഒരു പരമ്പരാഗത രീതിയാണ്. എന്നാൽ ഇതേ രീതി തന്നെയാണ് ലോകസുന്ദരി ഐശ്വര്യ റായ് ബച്ചനും തന്റെ തിളങ്ങുന്ന ചർമ്മം നിലനിർത്താൻ പിന്തുടരുന്നത് എന്ന് കേൾക്കുമ്പോൾ പലർക്കും അത്ഭുതം തോന്നാം. വിലകൂടിയ വിദേശ ക്രീമുകൾക്കോ സങ്കീർണ്ണമായ ചർമ്മ ചികിത്സകൾക്കോ പിന്നാലെ പോകാതെ, തികച്ചും സ്വാഭാവികവും രാസവസ്തുക്കൾ ഇല്ലാത്തതുമായ അടുക്കളക്കൂട്ടുകളാണ് താരം തന്റെ ദൈനംദിന സൗന്ദര്യസംരക്ഷണത്തിനായി തിരഞ്ഞെടുക്കുന്നത്.
സിനിമയിലെ തിളക്കമാർന്ന ജീവിതത്തിനിടയിലും പരമ്പരാഗതമായ ഇന്ത്യൻ സൗന്ദര്യ രഹസ്യങ്ങളിലാണ് ഐശ്വര്യ വിശ്വസിക്കുന്നത്. ചർമ്മത്തിന്റെ സ്വാഭാവികത നിലനിർത്താനും പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ തടയാനും നമ്മുടെ വീട്ടിൽ തന്നെ എളുപ്പത്തിൽ ലഭ്യമാകുന്ന കടലമാവ്, മഞ്ഞൾ, തൈര്, വെള്ളരിക്ക തുടങ്ങിയവയാണ് താരം ഉപയോഗിക്കുന്നത്. ലക്ഷങ്ങൾ വിലയുള്ള ഉൽപ്പന്നങ്ങൾ നൽകാത്ത എന്ത് മാന്ത്രികതയാണ് ഈ ലളിതമായ അടുക്കള ചേരുവകൾ ഐശ്വര്യയുടെ ചർമ്മത്തിന് നൽകുന്നത് എന്ന് നമുക്ക് നോക്കാം.

1. കടലമാവും മഞ്ഞളും ചേർത്ത ഉബ്താൻ
ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാൻ ഐശ്വര്യ ആശ്രയിക്കുന്നത് കടലമാവ്, പാൽ, ഒരു നുള്ള് മഞ്ഞൾപ്പൊടി എന്നിവ ചേർത്ത പരമ്പരാഗതമായ ഫേസ് പാക്ക് ആണ്. മഞ്ഞൾ ചർമ്മത്തിന് സ്വാഭാവിക തിലക്കം നൽകുമ്പോൾ കടലമാവ് ചർമ്മത്തെ മൃദുവായി വൃത്തിയാക്കുന്നു.
2. തൈരും വെള്ളരിക്കയും
ചർമ്മം വരണ്ടതായി തോന്നുമ്പോഴോ അസ്വസ്ഥതകൾ ഉണ്ടാകുമ്പോഴോ താരം കൃത്രിമ ഷീറ്റ് മാസ്കുകൾ ഉപയോഗിക്കാറില്ല. പകരം, നന്നായി ഉടച്ച വെള്ളരിക്കയും പുതിയ തൈരും ചേർത്ത ഫേസ് പാക്ക് ആണ് ഉപയോഗിക്കുന്നത്. ഇത് ചർമ്മത്തിന് പെട്ടെന്ന് തണുപ്പും ആവശ്യത്തിന് ഈർപ്പവും നൽകാൻ സഹായിക്കും.
3. ചെറുചൂടുവെള്ളവും നാരങ്ങാനീരും തേനും
സൗന്ദര്യം ഉള്ളിൽ നിന്നാണ് ഉണ്ടാകേണ്ടത് എന്ന് വിശ്വസിക്കുന്ന ആളാണ് ഐശ്വര്യ. അതുകൊണ്ട് തന്നെ താരം തന്റെ ദിവസം ആരംഭിക്കുന്നത് ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തിൽ നാരങ്ങാനീരും തേനും ചേർത്ത് കുടിച്ചുകൊണ്ടാണ്. ഇത് ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും ദഹനപ്രക്രിയ സുഗമമാക്കാനും സഹായിക്കുന്നു.
4. തിളപ്പിച്ച ഭക്ഷണക്രമം
എണ്ണമയമുള്ളതും വറുത്തതുമായ ഭക്ഷണങ്ങൾ ഐശ്വര്യ പൂർണ്ണമായും ഒഴിവാക്കുന്നു. പകരം തിളപ്പിച്ച പച്ചക്കറികൾ, പരിപ്പ് വർഗ്ഗങ്ങൾ, ഫ്രഷ് പഴങ്ങൾ എന്നിവയാണ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്. മൂന്ന് നേരം അമിതമായി ഭക്ഷണം കഴിക്കുന്നതിന് പകരം, ദിവസം മുഴുവൻ ചെറിയ അളവിൽ പലതവണയായി ഭക്ഷണം കഴിക്കുന്നതാണ് താരത്തിന്റെ രീതി. കൂടാതെ ചർമ്മത്തിന്റെ നൈർമ്മല്യം നിലനിർത്താൻ ദിവസവും ധാരാളം വെള്ളം കുടിക്കുകയും ചെയ്യുന്നു.
5. വെളിച്ചെണ്ണ കൊണ്ടുള്ള മുടി സംരക്ഷണം
സിനിമയിലെയും ചടങ്ങുകളിലെയും നിരന്തരമായ ഹെയർ സ്റ്റൈലിംഗിൽ നിന്ന് മുടിയെ സംരക്ഷിക്കാൻ താരം വീട്ടിൽ തയ്യാറാക്കുന്ന സ്വാഭാവിക എണ്ണകളോ നല്ല ശുദ്ധമായ വെളിച്ചെണ്ണയോ ആണ് ഉപയോഗിക്കുന്നത്. എണ്ണ തലയോട്ടിയിൽ നന്നായി മസാജ് ചെയ്യുന്നത് രക്തയോട്ടം കൂട്ടാനും മുടിയുടെ ഈർപ്പം നിലനിർത്താനും സഹായിക്കും. ഷൂട്ടിംഗ് ഇല്ലാത്ത ദിവസങ്ങളിൽ ഹീറ്റ് സ്റ്റൈലിംഗ് പൂർണ്ണമായും ഒഴിവാക്കുകയും ചെയ്യും.
വിലകൂടിയ കെമിക്കൽ ഉൽപ്പന്നങ്ങളേക്കാൾ ചർമ്മത്തിന്റെ ശുചിത്വത്തിനും ഈർപ്പം നിലനിർത്തുന്നതിനും പ്രാധാന്യം നൽകുന്നതാണ് ഐശ്വര്യ റായ് ബച്ചന്റെ എക്കാലത്തെയും തിളക്കമുള്ള സൗന്ദര്യത്തിന്റെ രഹസ്യം.














Click it and Unblock the Notifications