വേനല്‍ക്കാലത്ത് എന്നും മുടിയില്‍ ഷാംപൂ പുരട്ടണോ? ചുരുളന്‍ മുടിക്കും നീണ്ട മുടിക്കും സംരക്ഷണം ഇങ്ങനെ
വേനല്‍ക്കാലത്ത് മുടിയുടെ പരിചരണം വലിയ വെല്ലുവിളിയാണ്. വിയര്‍പ്പ് കാരണം ദിവസേന മുടി കഴുകാനാണ് പലരും ആഗ്രഹിക്കുന്നത്. ചൂട്, വിയര്‍പ്പ്, അന്തരീക്ഷത്തിലെ പൊടി എന്നിവ തലയോട്ടിയെ എണ്ണമയമുള്ളതും വൃത്തിഹീനവുമാക്കുന്നു. ദിവസേന മുടിയില്‍ ഷാംപൂ പുരട്ടുന്നത് ചിലര്‍ക്ക് സുരക്ഷിതമാണെന്ന് ചര്‍മ്മരോഗ വിദഗ്ധര്‍ പറയുന്നു. എന്നാല്‍ മറ്റു ചിലര്‍ക്ക് ഇത് തലയോട്ടി വരണ്ടതാക്കാനും മുടി ദുര്‍ബലമാക്കാനും ഇടയാക്കും.
വേനല്‍ക്കാലത്ത് എത്ര തവണ മുടി കഴുകണം?
മുടിയുടെ തരം, ജീവിതശൈലി എന്നിവ അനുസരിച്ചാണ് എത്ര തവണ മുടി കഴുകണം എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എണ്ണമയമുള്ള തലയോട്ടിയുള്ളവര്‍ക്ക് മിക്ക ദിവസങ്ങളിലും ഷാംപൂ ഉപയോഗിക്കേണ്ടി വരും. വരണ്ടതും ചുരുണ്ടതുമായ മുടിക്ക് കുറഞ്ഞ പരിചരണം മതി. പുറത്ത് ജോലി ചെയ്യുന്നവര്‍ക്കും ദീര്‍ഘദൂരം യാത്ര ചെയ്യുന്നവര്‍ക്കും കൂടുതല്‍ തവണ തല കഴുകേണ്ടി വന്നേക്കാം.
ദിവസേന ഷാംപൂ ഉപയോഗിക്കുന്നത് വിയര്‍പ്പ്, എണ്ണ, മലിനീകരണം എന്നിവ നീക്കം ചെയ്യാന്‍ സഹായിക്കും. ഇത് ദുര്‍ഗന്ധം, തലയോട്ടിയിലെ അണുബാധ എന്നിവ കുറയ്ക്കും. എന്നാല്‍, വീര്യമുള്ള ഷാംപൂ മുടിയിലെ സ്വാഭാവിക എണ്ണമയം ഇല്ലാതാക്കുന്നു. ഇത് ക്രമേണ മുടിയെ വരണ്ടതാക്കാം. എണ്ണമയമുള്ള തലയോട്ടിയും ട്രീറ്റ്‌മെന്റ് ചെയ്യാത്ത മുടിയുമുള്ളവര്‍ എന്നും വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുന്നത് നല്ലതാണ്. വരണ്ടതും ചുരുണ്ടതുമായ മുടിയുള്ളവരും നിറം നല്‍കിയ മുടിയുള്ളവരും കുറഞ്ഞ തവണ മുടി കഴുകിയാല്‍ മതി.

ചുരുണ്ട മുടിക്ക് സാധാരണ മുടിയേക്കാള്‍ വേഗത്തില്‍ ഈര്‍പ്പം നഷ്ടപ്പെടും. ദിവസേനയുള്ള ഷാംപൂ അമിതമായ വരള്‍ച്ചയ്ക്കും മുടി പൊട്ടുന്നതിനും കാരണമാകും. അത്തരം മുടി ആഴ്ചയില്‍ രണ്ടു തവണ കഴുകാന്‍ പല സൗന്ദര്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.
ദിവസവും വ്യായാമം ചെയ്യുന്നവര്‍ക്ക് കൂടുതല്‍ തവണ മുടി കഴുകേണ്ടി വന്നേക്കാം. വിയര്‍പ്പ് അടിഞ്ഞുകൂടുന്നത് തലയോട്ടിയെ അലോസരപ്പെടുത്തുകയും താരന്‍ വഷളാക്കുകയും ചെയ്യും. ഉയര്‍ന്ന മലിനീകരണമുള്ള പ്രദേശങ്ങളില്‍ അഴുക്ക് വേഗത്തില്‍ മുടിയില്‍ പറ്റിപ്പിടിക്കും. ക്ലെന്‍സിങ്ങിലൂടെ തലയോട്ടിയില്‍ അഴുക്ക് അടിഞ്ഞുകൂടുന്നത് തടയുകയും തിളക്കം നല്‍കുകയും ചെയ്യും.
ദിവസേനയുള്ള ഉപയോഗത്തിനായി സള്‍ഫേറ്റ് രഹിതവും ആല്‍ക്കഹോള്‍ രഹിതവുമായ ഷാംപൂ ഉപയോഗിക്കണം. ഈ ക്ലെന്‍സറുകള്‍ തലയോട്ടിക്ക് ദോഷകരമല്ല. കണ്ടീഷണര്‍ മുടിയുടെ അറ്റത്ത് മാത്രം ഉപയോഗിക്കുക, തലയോട്ടിയില്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ചൂടു വെള്ളത്തിലുള്ള കുളി മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഇളം ചൂടുവെള്ളം തലയോട്ടിയുടെ സംരക്ഷണത്തിന് ഉത്തമമാണ്.












Click it and Unblock the Notifications