ചിയ വിത്തുകൾ തേങ്ങാവെള്ളത്തിൽ കുതിർത്ത് കഴിച്ച് നോക്കൂ; തടി കുറയുകയ മാത്രമല്ല, വേറെ ലെവലാണ് ഗുണങ്ങൾ
തടി കുറക്കാൻ മാത്രമല്ല ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായകരമാണ് ചിയ എന്ന കുഞ്ഞൻ വിത്തുകൾ. വെള്ളത്തിൽ കുതിർത്താണ് ചിയ വിത്തുകൾ കഴിക്കേണ്ടത്. അല്ലാതെ കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകും. അതേസമയം സാധരണ വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നതിന് പകരം ചിയ വിത്തുകൾ തേങ്ങാവെള്ളത്തിൽ കുതിർത്ത് ഇനി കഴിച്ച് നോക്കൂ. അങ്ങനെ കഴിക്കുമ്പോഴുള്ള ആരോഗ്യ ഗുണങ്ങൾ എന്താണെന്ന് നോക്കാം
ജലാംശം നിലനിർത്താൻ സഹായിക്കും
തേങ്ങാവെള്ളത്തിൽ പൊട്ടാസ്യം, സോണിയം, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ ജലാംശം നിലനിർത്താൻ വളരെ അത്യാവശ്യമാണിവ. ചിയ വിത്തുകൾ തേങ്ങാവെള്ളത്തിൽ കുതിർത്ത് വെയ്ക്കുമ്പോൾ തേങ്ങാ വെള്ളം ആഗിരണം ചെയ്യുകയും കൂടുതൽ ആരോഗ്യപ്രദമായി മാറുകയും ചെയ്യുന്നു.

ദഹനപ്രക്രിയ സുഗമമാക്കുന്നു
ചിയ വിത്തുകൾ കുതിർക്കുന്നത് അവയിലെ നാരുകൾ വർധിക്കാൻ കാരണമാകും. അതുകൊണ്ട് തന്നെ അവ കഴിക്കുമ്പോൾ വളരെ പെട്ടെന്ന് വയർ നിറഞ്ഞിരിക്കുന്നതായി തോന്നാൻ സഹായിക്കും. മലബന്ധം പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുകയും വയറിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യും.
തടി കുറക്കാൻ സഹായിക്കും
പ്രോട്ടീൻ, കാൽസ്യം, മഗ്നീഷ്യം, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയാൽ സമ്പുഷ്ടമായ ചിയ വിത്തുകൾ ശരീരഭാരം കുറക്കാൻ സഹായിക്കും. ചിയ വിത്തിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ടെന്ന് പറഞ്ഞല്ലോ, ഇവ കഴിച്ചാൽ വയർ നിറഞ്ഞിരിക്കുന്നതായി തോന്നും. അതായത് ഇടയ്ക്കിടെ വിശക്കുന്നു എന്ന തോന്നൽ ഉണ്ടാകില്ല. സ്വാഭാവികമായും കലോറി ശരീരത്തിലെത്തുന്നത് കുറയ്ക്കുകയും ചെയ്യും.
ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്തുന്നു
ചിയയും തേങ്ങാവെള്ളവും ചേരുമ്പോൾ ഹൃദയത്തിന്റെ ആരോഗ്യവും മെച്ചപ്പെടുത്താം. ചിയ വിത്തുകളിൽ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകൾക്ക് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങുണ്ട്. കൂടാതെ ചീത്ത കൊളസ്ട്രോളുകൾക്കെതിരേയും ഇവ പ്രവർത്തിക്കുന്നു.
ആരോഗ്യകരമായ ഭക്ഷണം
തേങ്ങാവെള്ളത്തിൽ ബി,സി, തുടങ്ങിയ വിറ്റാമിനുകളും ഇലക്ട്രോലൈറ്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ചിയ വിത്തുകളിലാകട്ടെ കാത്സ്യം, ഇരുമ്പ്, മഗ്നീഷ്യം, ഒമേഗ-3 ഫാറ്റി ആസിഡുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയും ധാരാളം ഉണ്ട്. ഇവ രണ്ടും സംയോജിപ്പിച്ച് കഴിക്കുമ്പോൾ അതുകൊണ്ട് തന്നെ ശരീരത്തിന് പലതാണ് ഗുണം. ഇവ എല്ലുകൾക്ക് ആരോഗ്യം നൽകുകയും രോപ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യും. മാത്രമല്ല ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും സഹായിക്കുന്നു.
ഇങ്ങനെയൊക്കെ ആണെങ്കിലും ഏത് ഭക്ഷണവും അമിതമായി കഴിഞ്ഞാൽ അത് ദോഷകരമായി ബാധിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അളവിൽ കൂടുതൽ ചിയ വിത്തുകൾ വയറിന്റെ ആരോഗ്യത്തെ ബാധിക്കും. അതിനാൽ ഒരു ദിവസം കുറഞ്ഞത് രണ്ട് ടേബിൾ സ്പൂൺ ചിയ വിത്തുകൾ മാത്രം ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കാം. അലർജി പോലുള്ള പ്രശ്നങ്ങൾ ഉള്ളവർ ആരോഗ്യവിദഗ്ധരുടെ നിർദ്ദേശത്തിന്റെ കൂടി അടിസ്ഥാനത്തിൽ മാത്രം ചിയ കഴിക്കുക.












Click it and Unblock the Notifications