തടിയൊക്കെ ഇനി പെട്ടെന്ന് കുറക്കാം; കഴിക്കാം ഈ 'സൂപ്പർ ഫുഡുകൾ', വിശപ്പ് പമ്പ കടക്കും
ശരീരഭാരം കുറയ്ക്കുകയെന്നത് ഏറെ ശ്രമകരമാണെന്നാണ് പലരുടേയും ചിന്ത. എന്നാൽ ചിട്ടയായ ജീവിത രീതിയും വ്യായാമവുമെല്ലാം ഏത് പൊണ്ണത്തടിയും കുറക്കാൻ സഹായിക്കും. അതോടൊപ്പം ഡയറ്റിൽ ചില 'സൂപ്പർഫുഡുകൾ 'ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാനുള്ള നിങ്ങളുടെ യാത്രയെ തീർച്ചയായും സഹായിക്കും. അത്തരത്തിലുള്ള ഭക്ഷണങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്.
അമിതഭാരം നിയന്ത്രിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന അവശ്യ വിറ്റാമിനുകളും ധാതുക്കളും ആൻ്റിഓക്‌സിഡൻ്റുകളും ധാരാളം അടങ്ങിയവയാണ് ഈ ഭക്ഷണങ്ങൾ. ഇവയിൽ മെറ്റബോളിസം വർധിപ്പിക്കാൻ കഴിയുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. കൂടാതെ ശരീരത്തിലെ കലോറി കത്തിച്ച് കളയാനും ഇവ നല്ലതാണ്. നാരുകളാലും ആരോഗ്യകരമായ കൊഴുപ്പുകളാലും സമ്പന്നമായ ഈ ഭക്ഷണങ്ങൾ വയറിന് പൂർണത നൽകി അമിത ഭക്ഷണം ഒഴിവാക്കാൻ സഹായിക്കുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് വിശപ്പും കൂടുതലായി അനുഭവപ്പെടാൻ കാരണമാകും.കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ള ഈ ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനും സഹായിക്കുന്നു. ഇനി ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
അവക്കാഡോ- ആരോഗ്യകരമായ കൊഴുപ്പുകളുടേയും നാരുകളുടേയും കലവറയാണ് അവക്കാഡോ. കഴിക്കുമ്പോൾ വലിയ രുചിയൊന്നും തോന്നില്ലെങ്കിലും വിശപ്പ് മാറ്റി കലോറി ഉപഭോഗം ഫലപ്രദമായി നിയന്ത്രിക്കാൻ ഇവ മികച്ചതാണ്.
ക്വിനോവ-സമ്പൂർണ പ്രോട്ടീൻ ഉറവിടമാണ് ക്വിനോവ. ഇവയിൽ ഒമ്പത് അവശ്യ അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. കൂടാതെ നാരുകളുടേയും കലവറയാണ് ഇവ. ഇത് കൂടുതൽ നേരം വയർ നിറഞ്ഞിരിക്കുന്നതായി തോന്നാൻ സഹായിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു.
ചിയ വിത്തുകൾ-നാരുകളും ഒമേഗ -3 ഫാറ്റി ആസിഡുകളും ധാരാളം അടങ്ങിയ ഭക്ഷണമാണ് ചിയ വിത്തുകൾ. ഇവ കഴിക്കുന്നത് വയറിലെ വെള്ളം വേഗത്തിൽ ആഗിരണം ചെയ്യാൻ സഹായിക്കുന്നു. അതുവഴി വയറ് വികസിക്കുകയും വിശപ്പ് നിയന്ത്രിച്ച് പൂർണത അനുഭവപ്പെടാനും നല്ലതാണ്.
സാൽമൺ-പ്രോട്ടീനിൻ്റെയും ഒമേഗ -3 ഫാറ്റി ആസിഡുകളുടെയും മികച്ച ഉറവിടമാണ് സാൽമൺ. വിശപ്പ് നിയന്ത്രിക്കാനും ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്ന ഇന്ഫ്ലമേഷനുകളെ കുറയ്ക്കുകയും ചെയ്യുന്നു.
ഗ്രീൻ ടീ- ശരീരഭാരം കുറയ്ക്കുന്നവർ ഗ്രീൻ കുടിക്കുന്ന പതിവ് പിന്തുടരുന്നത് നല്ലതാണ്. കാരണം ഗ്രീൻ ടീയിൽ കാറ്റെച്ചിനുകളും കഫീനും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും നിങ്ങളുടെ മെറ്റബോളിസത്തെ വർധിപ്പിക്കുകയും വ്യായാമ വേളയിൽ കൊഴുപ്പ് കത്തുന്നത് വർദ്ധിപ്പിച്ച് ശരീരഭാരം കുറക്കാൻ സഹായിക്കുകയും ചെയ്യും.












Click it and Unblock the Notifications