നല്ല മസില്‍ വേണോ? ഒപ്പം പൊണ്ണത്തടിയും കുറയും; ജിമ്മും ട്രെഡ്മില്ലും വേണ്ട, വീട്ടിലുണ്ട് പോംവഴികള്‍
മാനസികവും ശാരീരികവുമായ ക്ഷേമത്തിന് ഫിറ്റ്‌നസ് അത്യന്താപേക്ഷിതമാണെന്നത് വസ്തുതയാണ്. ഓരോ വ്യക്തിയുടേയും ശരീര പ്രകൃതിയും ഉപാപചയ നിരക്കുകളും വ്യത്യസ്തമാണ്. അതിനാല്‍ തന്നെ ആരോഗ്യവും ഫിറ്റ്‌നസുകളുമെല്ലാം വ്യത്യാസപ്പെട്ടിരിക്കും. എങ്കിലും ഇവ രണ്ടും കാത്തുസൂക്ഷിക്കേണ്ടതാണ് എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. ഇന്നത്തെ കാലത്ത് പൊണ്ണത്തടി, കുടവയര്‍ എന്നിവയൊക്കെ പലരേയും അലട്ടുന്ന പ്രശ്‌നങ്ങളാണ്.
മാറിയ ജീവിതശൈലി, തിരക്ക് പിടിച്ച ജോലി, ഭക്ഷണക്രമത്തിലെ മാറ്റം ഇവയെല്ലാം അമിത ശരീരഭാരത്തിന് സംഭാവന ചെയ്യുന്ന ഘടകങ്ങളാണ്. എന്നാല്‍ പലരും ശരീരത്തിന്റെ ഫിറ്റ്‌നസിന് വലിയ പ്രാധാന്യം നല്‍കുന്നില്ല. ജിംനേഷ്യം, ഫിറ്റ്‌നസ് സെന്റര്‍ എന്നിവിടങ്ങളിലൊക്കെ ഇന്ന് നിങ്ങളുടെ ശരീരം ഫിറ്റായി നിലനിര്‍ത്തുന്നതിന് ആവശ്യമായ വ്യായാമങ്ങളും നിര്‍ദേശങ്ങളും നല്‍കും.

എന്നാല്‍ എല്ലാവര്‍ക്കും ജിംനേഷ്യം, ഫിറ്റ്‌നസ് സെന്റര്‍ എന്നിവിടങ്ങളിലൊക്കെ പോകാന്‍ സാധിച്ചെന്ന് വരില്ല. ചിലരൊക്കെ അതിനാല്‍ തന്നെ ജിം ഉപകരണങ്ങളായ ട്രെഡ്മില്‍ പോലുള്ളവ വീട്ടില്‍ വാങ്ങാറുണ്ട്. എന്നാല്‍ ഇതൊന്നും എല്ലാവര്‍ക്കും സാധ്യമായ കാര്യങ്ങളല്ല എന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. അത്തരക്കാര്‍ക്ക് വീട്ടില്‍ നിന്ന് കൊണ്ട് തന്നെ ഫിറ്റായി നിലനിര്‍ത്താന്‍ സഹായിക്കുന്ന ചില മാര്‍ഗങ്ങള്‍ നമുക്ക് പരിചയപ്പെടാം.
കൃത്യമായ വ്യായാമത്തോടൊപ്പം സമീകൃതാഹാരം കഴിക്കുകയും സ്ഥിരത പുലര്‍ത്തുകയും ചെയ്യുന്നതിലൂടെ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ നിങ്ങള്‍ക്ക് ഇതിന്റെ മാറ്റം അനുഭവിച്ചറിയാം. തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് നൃത്തം. വീട്ടില്‍ വെച്ച് തന്നെ ഇന്നത്തെ കാലത്ത് നൃത്തം പരിശീലിക്കാം. സുംബ, ഹിപ് ഹോപ്പ്, ബോളിവുഡ് ഡാന്‍സ്, എയ്റോബിക് ഡാന്‍സ് എന്നിവ നിങ്ങളുടെ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് എരിച്ച് കളയാന്‍ സഹായിക്കും.
ചെരിഞ്ഞ പാതയിലൂടെയുള്ള നടത്തം നല്ലൊരു വ്യായാമമാണ്. ഈ വ്യായാമം കൂടുതല്‍ വെല്ലുവിളി നിറഞ്ഞതാക്കാന്‍ നിങ്ങള്‍ക്ക് നടത്തത്തിന്റെ വേഗത വര്‍ധിപ്പിക്കാം. കനത്ത ഭാരം ഉയര്‍ത്തുന്നത് നിങ്ങളുടെ മെറ്റബോളിസം മെച്ചപ്പെടുത്തും. വ്യായാമങ്ങള്‍ മാത്രമല്ല കൊഴുപ്പ് കളയാന്‍ നിങ്ങളെ സഹായിക്കുക. യോഗ പോലുള്ളവ പരിശീലിക്കുന്നത് നിങ്ങളുടെ ശരീരവും മനസും ഫ്‌ളെക്‌സിബിളായി നിലനിര്‍ത്താന്‍ സഹായിക്കും.
സമീകൃതാഹാരം കഴിക്കുക എന്നതും നിങ്ങളുടെ ഭാരം കുറയ്ക്കാനുള്ള യാത്രയില്‍ പ്രധാനമാണ്. തടി കൂടുന്നത് കാരണം ഭക്ഷണം വെട്ടിക്കുറന്ന നിരവധി പേരെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇത് മൊത്തത്തിലുള്ള ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. പോഷകങ്ങളും ധാതുക്കളും അടങ്ങിയ ഭക്ഷണം കൃത്യ സമയത്ത് കഴിക്കുകയാണ് വേണ്ടത്.












Click it and Unblock the Notifications