വണ്ണം കുറക്കണോ? ഇതാ ഈ 4 ജ്യൂസുകൾ തന്നെ ധാരാളം, അറിയാം ഗുണങ്ങൾ
എന്തൊക്കെ കഴിച്ചിട്ടും ശരീര ഭാരം കുറയുന്നില്ലെന്നാണോ? ഒരുപക്ഷേ നിങ്ങൾ പിന്തുടരുന്ന തെറ്റായ രീതികളായിരിക്കാം ഇതിന് കാരണം. വണ്ണം കൂടിയെന്ന് ചെറുതായി സംശയം തോന്നിയാൽ തന്നെ പലരും ഒറ്റയടിക്ക് ഭക്ഷണം പാടെ വേണ്ടെന്ന് വെക്കും. ഇതോടെ ശരീരത്തിലെത്തേണ്ട പ്രോട്ടീനും വിറ്റാമിനുകളും ഒന്നും ലഭിക്കില്ലെന്ന് മാത്രമ്ലല പെട്ടെന്ന് തന്നെ ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെടും.
ഡയറ്റ് എടുക്കുക അല്ലെങ്കിൽ ഭക്ഷണം നിയന്ത്രിക്കുകയെന്നാൽ എല്ലാ ഭക്ഷണങ്ങളും ഉപേക്ഷിച്ച് പട്ടിണികിടക്കുകയെന്നല്ല. ആരോഗ്യകരമായ രീതിയിലായിരിക്കണം ഡയറ്റ്. അതായത് ശരീരത്തിന് വേണ്ടതെല്ലാം ഉള്ളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. ശരീരഭാരം നിയന്ത്രിക്കാനായി ഉപയോഗിക്കാവുന്ന ചില ജ്യൂസുകൾ ഇന്ന് പരിചയപ്പെടാം.

പച്ചക്കറികളും പഴങ്ങളുമെല്ലാം അത് പോലെ തന്നെ കഴിക്കുന്നത് ശരീരത്തിന് ഗുണകരമാണെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇവ ജ്യൂസ് രൂപത്തിൽ കഴിക്കുന്നതും നല്ലതാണത്രേ. മികച്ച നാല് ജ്യൂസുകൾ ആണ് ഇനി പറയുന്നത്.
1. കാരറ്റ് ജ്യൂസ്- ആരോഗ്യകരമായ ശരീരത്തിന് ആവശ്യമായ വിറ്റാമിനുകൾ ധാതുക്കൾ ഫൈബർ പോഷകങ്ങൾ എന്നിവ കാരറ്റിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കാരറ്റിൽ അടങ്ങിയ പെക്ടിൻ എന്ന നാര് പഞ്ചസാരയുടെയും അന്നജത്തിന്റെയും ദഹനം മന്ദഗതിയിലാക്കി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. കാരറ്റ് ജ്യൂസ് കഴിക്കുന്നത് ദഹനത്തെ സഹായിക്കും. ഇത് ശരീരഭാരം കുറയ്ക്കാനും മികച്ചതാണ്.
ബീട്ടുറൂട്ട് ജ്യൂസ്- ബീറ്റ്റൂട്ടിൽ വിറ്റാമിനുകൾ, ധാതുക്കൾ, ഫോളേറ്റ്, നൈട്രേറ്റുകൾ, ഭക്ഷണ നാരുകൾ, ബെറ്റാനിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. മാത്രമല്ല ബീട്ടുറൂട്ടിൽ വളരെ കുറവ് കലോറി മാത്രമാണ് ഉള്ളത്. ഇവയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളും വണ്ണം കുറക്കാൻ സഹായിക്കും. സുന്ദരമായ ശരീരഘടന നിലനിർത്തുകയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ തീർച്ചയായും നിങ്ങളുടെ ഡയറ്റിൽ ബീട്ടുറൂട്ട് ഉൾപ്പെടുത്താം.
ചീര ജ്യൂസ്-ചീര ജ്യൂസോ എന്ന് ചിലപ്പോൾ നിങ്ങൾ അത്ഭുതപ്പെട്ടേക്കാം. ചീര ജ്യൂസ് അടിച്ച് കുടിക്കുന്നത് അൽപം കഠിനം തന്നെയാണെന്ന് പറയാതിരിക്കാനാകില്ല. എന്നിരുന്നാലും ചീരയുടെ ഗുണം അറിഞ്ഞാൽ തീർച്ചയായും നിങ്ങൾക്ക് അത് ഒഴിവാക്കാനാകില്ല. വിറ്റാമിനുകൾ, ധാതുക്കൾ, പ്രോട്ടീൻ, നാരുകൾ തുടങ്ങിയ അവശ്യ പോഷകങ്ങളാൽ സമ്പന്നമാണ് ചീര. ചീര കഴിച്ചാൽ എപ്പോഴും വയർ നിറഞ്ഞിരിക്കുന്നതായി തോന്നും. അതുകൊണ്ട് തന്നെ ഇടയ്ക്കിടെ ഭക്ഷണം കഴിക്കണമെന്ന ചിന്ത ഉണ്ടാവില്ല. കുറഞ്ഞ കലോറിയുള്ള ഫൈബർ ധാരാളം അടങ്ങിയ പാനീയമാണ് ചീര എന്നത് കൊണ്ട് തന്നെ ഇവ ശരീര ഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.
ചുരങ്ങ ജ്യൂസ്- വിറ്റാമിൻ എ, ബി, സി, മറ്റ് സുപ്രധാന പോഷകങ്ങൾ എന്നിവയാൽ സമ്പന്നമാണ് ചുരങ്ങ ജ്യൂസ്. ചുരങ്ങയിൽ അടങ്ങിയ നാരുകൾ ദഹനപ്രശ്നങ്ങൾക്കും പരിഹാരമാണ്. നാരുകൾ, പ്രോട്ടീൻ, പൊട്ടാസ്യം, മറ്റ് പോഷകങ്ങൾ എന്നിവയും ചുരങ്ങയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ അമിത വിശപ്പും ഇല്ലാതാക്കുന്നു.












Click it and Unblock the Notifications