തലകുത്തി മറിഞ്ഞിട്ടും തടി കുറയുന്നില്ലേ? ഈ മണ്ടത്തരങ്ങൾ ചെയ്താൽ എങ്ങനെ തടി കുറയും?, ഇതായിരിക്കാം കാരണം
ഭക്ഷണം നിയന്ത്രിച്ചിട്ടും വ്യായാമം ചെയ്തിട്ടുമെല്ലാം തടി ഒരു തുള്ളി പോലും കുറയുന്നില്ലെന്ന് പരാതിയാണോ?. ആരോഗ്യകരമായ ജീവിതശൈലി നയിക്കുകയാണെങ്കിൽ പോലും ശരീരഭാരം കുറയാത്തതിന് നിരവധി കാരണങ്ങളുണ്ടാകാം. അതായത് പോഷകാഹാരം കഴിച്ചത് കൊണ്ടോ വ്യായാമം ചെയ്തത് കൊണ്ടോ മാത്രം തടികുറക്കുക എളുപ്പമല്ലെന്ന് സാരം. കിണഞ്ഞ് പരിശ്രമിച്ചിട്ടും എന്തുകൊണ്ടാണ് ഭാരം കുറയാത്തതെന്ന് വിശദമായി നോക്കാം
കുറഞ്ഞ പോഷകാഹാരം
ശരീരഭാരം കുറക്കേണ്ടത് പട്ടിണി കിടന്നുകൊണ്ടാണെന്ന ചിന്തയേ മണ്ടത്തരമാണ്. ആരോഗ്യകരമായ ഡയറ്റാണ് വണ്ണം കുറയ്ക്കുന്നതിനുള്ള താക്കോൾ. എന്തൊക്കെയാണ് ആരോഗ്യകരം? അല്ലെങ്കിൽ ശരീരത്തിന് വേണ്ട ഭക്ഷണങ്ങൾ എന്ന് ചോദിച്ചാൽ നിങ്ങളുടെ ഡയറ്റിൽ നാരുകൾ, പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ, എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കൃത്യമായ അളവിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ഇവയൊന്നും ശരീരത്തിൽ ശരിയായ രീതിയിൽ എത്താതിരിക്കുന്നതാകാം ഒരുപക്ഷേ വണ്ണം കുറയാത്തത്, അതല്ലെങ്കിൽ ഭക്ഷണം കുറച്ചത് കൊണ്ടും ആകാം. ഇതെല്ലാം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പോഷകങ്ങൾ ശരീരത്തിന് ലഭിക്കുന്നത് തടയാൻ കാരണമാകും.

അമിത സമ്മർദ്ദം
സമ്മർദ്ദത്തിലിരിക്കുമ്പോൾ പോഷകപ്രദമല്ലാത്ത ഭക്ഷണം ചിലർ വാരിവലിച്ച് കഴിച്ചേക്കാം. വിശക്കാത്ത സമയത്ത് പോലും ഭക്ഷണം കഴിക്കുന്നതും പതിവായിരിക്കും. ഇതെല്ലാം വണ്ണം കൂട്ടുകയെ ഉള്ളൂ. അതുകൊണ്ട് തന്നെ സമ്മർദ്ദത്തെ കൈകാര്യം ചെയ്യാൻ പഠിക്കേണ്ടത് പ്രധാനമാണ്.
മദ്യപാനം
ഏത് മദ്യമായാലും അമിതമായാൽ അത് വണ്ണം കൂടാൻ കാരണമായേക്കും. ആൽക്കഹോൾ ഉപയോഗം ഒരു ദിവസം ഒരു ഗ്ലാസിൽ പരിമിതപ്പെടുത്താൻ ശ്രമിക്കുക.ഇത് ശരീരഭാരം വർധിപ്പിക്കുന്നത് തടയാം.
പ്രോട്ടീന്റെ കുറവ്
ഭക്ഷണത്തിൽ 25-30% പ്രോട്ടീൻ ഉൾപ്പെടുത്തുന്നത് പ്രതിദിന മെറ്റബോളിസം 80-100 കലോറി കത്തിക്കാൻ കാരണമാവുകയും ചെയ്യും. സ്വാഭാവികമായും ഇത് ശരീരത്തിലേക്ക് എത്തുന്ന കലോറിയുടെ അളവ് കുറക്കാൻ സഹായിക്കുകയും ചെയ്യുന്നു. അമിതമായി ഭക്ഷണം കഴിക്കണമെന്ന തോന്നലും ഇത് ഇല്ലാതാക്കും. അതുകൊണ്ട് തന്നെ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളമായി നിങ്ങളുടെ മെനുവിൽ ഉൾപ്പെടുത്താൻ ശ്രമിക്കണം. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം പ്രഭാതത്തിൽ തന്നെ കഴിക്കുകയാണെങ്കിൽ അത് വളരെ ഉത്തമമായിരിക്കും.
നിർജ്ജലീകരണം
നിർജ്ജലീകരണം ശരീരഭാരം കുറയാതിരിക്കാൻ കാരണമായേക്കും. ഓരോ ഭക്ഷണത്തിനും മുമ്പായി ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് കലോറി എരിയുന്നത് വർദ്ധിക്കാൻ കാരണമാകും.അതിനാൽ തന്നെ ഭക്ഷണം കഴിക്കുന്നതിന് മുൻപ് ഒരു ഗ്ലാസ് വെള്ളം കുടിക്കാം, ഇത് നിങ്ങളുടെ വിശപ്പിനേയും ഇല്ലാതാക്കുന്നു.












Click it and Unblock the Notifications