തടി കുറക്കാൻ പെടാപാട് പെടുകയാണോ? ഈ ജ്യൂസ് ഒന്ന് കുടിച്ച് നോക്കൂ, മാറ്റം ഉടനറിയാം
കുമ്പളങ്ങ കറികളിൽ ഉപയോഗിച്ച് കഴിക്കുന്ന പതിവ് മലയാളികൾക്കുണ്ട്. സാമ്പാറിലും അവിയലിലുമെല്ലാം ഇവ ധാരാളം ഇടാറുമുണ്ട്. എന്നാൽ ജ്യൂസ് അടിച്ച് കുമ്പളങ്ങ നീര് കുടിച്ചിട്ടുണ്ടോ? ജ്യൂസോ എന്നാണോ ചോദ്യം? അതെ കേട്ടത് തെറ്റിയിട്ടില്ല. ആരോഗ്യഗുണങ്ങൾ ഏറെയുള്ള കുമ്പളങ്ങ ജ്യൂസ് ചർമ്മ സംരക്ഷണം മുതൽ ശരീരഭാരം കുറക്കുന്നതിന് വരെ ഉത്തമമാണത്രേ.
ദഹനം വേഗത്തിലാക്കുന്നു- കുമ്പളങ്ങയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇവ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നു. മാത്രമല്ല കുടലിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്താനും സഹായിക്കുന്നു.

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു- ഇവയിൽ അടങ്ങിയ വിറ്റാമിൻ സി രോഗങ്ങളിൽ നിന്നും നമ്മെ സംരക്ഷിക്കുന്നു. മാത്രമല്ല ആന്റ് ഓക്സിഡന്റ് കൂടിയായ വൈറ്റമിൻ സി രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും ശരീരത്തിലെ ഹാനികരമായ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു- രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഹൈപ്പോഗ്ലൈസമിക് ഗുണങ്ങൾ കുമ്പളങ്ങയിൽ ഉണ്ട്. ഇവയിലെ ഉയർന്ന ഫൈബർ ഉള്ളടക്കം രക്തത്തിലേക്ക് ഗ്ലൂക്കോൺ ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കുന്നു. അതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയുന്നു.
ആരോഗ്യമുള്ള ചർമ്മവും മുടിയും പ്രോത്സാഹിപ്പിക്കുന്നു- ചർമ്മത്തിലും മുടിയിലും അത്ഭുതം സൃഷ്ടിക്കാൻ കഴിവുള്ളവയാണത്രേ കുമ്പളങ്ങ.ജ്യൂസിലെ ഉയർന്ന ജലാംശം ചർമ്മത്തിൽ ജലാംശം നിലനിർത്താൻ നിങ്ങളെ സഹായിക്കുന്നു. ചർമ്മം തുടുത്തിരിക്കാനും യുവത്വം നിലനിർത്താനും ഇത് ഉത്തമാമാണ്. ഫ്രീ റാഡിക്കലിനെതിരെ പോരാടുന്ന ആൻ്റിഓക്‌സിഡൻ്റുകളും ഇവയിൽ ഉണ്ട്. കുമ്പളങ്ങ ജ്യൂസ് കുടിക്കുന്നത് ചർമ്മം പ്രായമാകുന്നതും തടയുന്നു.
ശരീരഭാരം കുറയ്ക്കാൻ പ്രോത്സാഹിപ്പിക്കുന്നു- കുറഞ്ഞ കലോറിയുള്ള പച്ചക്കറിയാണ് കുമ്പളങ്ങ. കുമ്പളങ്ങയിൽ നാരുകളും ജലവും ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കുമ്പളങ്ങ ജ്യൂസ് കുടികുന്നത് വയർ നിറഞ്ഞിരിക്കുന്നതായി തോന്നാൻ സഹായിക്കുന്നു. ആരോഗ്യകരമായ ഭാരം നിലനിർത്താൻ ആവശ്യമായ വിറ്റാമിൻ സി, ബി വിറ്റാമിനുകൾ, കാൽസ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കളും കുമ്പളങ്ങ ജ്യൂസിൽ അടങ്ങിയിട്ടുണ്ട്.
ഇങ്ങനെയൊക്കെ ആണെങ്കിലും കുമ്പളങ്ങ ജ്യൂസ് കുടിച്ച് മാത്രം തടി കുറക്കാമെന്ന് തെറ്റിധരിക്കരുത്. കൃത്യമായ വ്യായാമവും ആരോഗ്യകരമായ ഡയറ്റും പാലിച്ചാൽ മാത്രമേ ശരീരഭാരം കുറക്കാൻ സാധിക്കുകയുള്ളൂ. അമിത ഭാരം തലവേദനയായാൽ തീർച്ചയായും ഒരു ആരോഗ്യ വിദഗ്ദന്റെ കൂടി നിർദ്ദേശം സ്വീകരിക്കുന്നതായിരിക്കും ഉചിതം.












Click it and Unblock the Notifications