ചോറ് കഴിച്ച് കൊണ്ട് തന്നെ തടി കുറക്കാം; പക്ഷേ തിരഞ്ഞെടുക്കേണ്ടത് ഈ അരി..അറിയാം ഗുണങ്ങൾ
തടി കുറക്കാനുള്ള യാത്രയിൽ ആളുകൾ ആദ്യം ഒഴിവാക്കുന്നത് ചോറായിരിക്കും. എന്നാൽ ചോറ് ഒഴിവാക്കിയത് കൊണ്ട് തടി കുറയുമോ? ആരോഗ്യ വിദഗ്ധർ പറയുന്നത് മറിച്ചാണ്. ചോറ് കഴിച്ച് കൊണ്ടും നിങ്ങൾക്ക് ഈസിയായി തടി കുറക്കാം. എന്നാൽ ഏത് ചോറ് എന്നത് പ്രത്യേകം ശ്രദ്ധിക്കണമെന്ന് മാത്രം. അതോടൊപ്പം തന്നെ ചോറ് എത്ര കഴിക്കുന്നുവെന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. കൃത്യമായ സമയത്ത് ,കൃത്യമായ അളവിൽ,കൃത്യമായ അരി തിരഞ്ഞെടുത്താൽ കാര്യങ്ങൾ എളുപ്പമാകും. വിശദമായി നോക്കാം
ചോറ് കുറച്ച് തടി കുറക്കാൻ ആകും എന്ന് പറയുന്നത് പലർക്കും ഇപ്പോഴും വിശ്വസിക്കാൻ സാധിച്ച് കാണില്ല. നോക്കൂ, തടി കുറക്കുക എന്നാൽ കലോറി കുറക്കുക എന്നതാണ്. അതായത് കഴിക്കുന്നതിനേക്കാൾ കൂടുതൽ കലോറി എരിച്ചുകളയുക എന്നത്. ഒരു ബൗൾ ചോറ് കഴിച്ചത് കൊണ്ട് ഒരിക്കലും നിങ്ങളുടെ തടി കൂടാൻ പോകുന്നില്ല. മാത്രമല്ല ശരീരത്തിന് ആവശ്യമായ കാർബ്സ് എത്തുന്നുണ്ടെന്നത് ഉറപ്പാക്കുകയും വേണം. ഇതിനൊക്കെ മുൻപ് കഴിക്കേണ്ട അരി തിരഞ്ഞെടുക്കാം

ബ്രൗൺ റൈസ് (തവിട്ട് അരി)
തടി കുറക്കാൻ ഏറ്റവും ഉത്തമമാണ്. ഇവയൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിന് സഹായിക്കും. വയറിന് പൂർണത നൽകുകയും ചെയ്യും. തവിട്ടരി കഴിക്കുന്നത് ശരീരത്തിൽ കൊഴുപ്പ് കുറയാൻ സഹായിക്കും.
ചുവന്ന അരി
ചുവന്ന അരി നമ്മൾ പൊതവേ ഉപയോഗിക്കുന്നതാണ്. ഇവയുടെ ഏറ്റവും വലിയ പ്രത്യേക ഇവയിൽ ആന്തോസയാനിനുകളും ആന്റിഓക്‌സിഡന്റുകളും കൂടുതലാണെന്നതാണ്. ഇത് ഉപാപചയ പ്രക്രിയ വേഗത്തിലാക്കാൻ സഹായിക്കും. മാത്രമല്ല ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ഇവയ്ക്കുണ്ട്. ഇത് ശരീരഭാരം കുറക്കാനും കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയാനും സഹായിക്കും.
ബ്ലാക്ക് റൈസ് (കറുത്ത അരി)
ഒറീസ സറ്റൈവ വിഭാഗത്തിൽ പെടുന്ന ഈ ബ്ലാക്ക് റൈസ് അഥവ കറുത്ത അരി തടികുറക്കാനുള്ള നിങ്ങളുടെ യാത്രയെ വളരെ അധികം സഹായിക്കും. കാരണം ഇവയിൽ ധാരാളം നാരുകളും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ഇടയ്ക്കിടെ വിശക്കുന്നുവെന്ന തോന്നൽ ഇല്ലാതാക്കുകയും ചെയ്യും. ഇവയുടെ മറ്റൊരു പ്രത്യേക ഇവ ഉപാപയ പ്രവർത്തനങ്ങൾക്ക് വേഗം പകരുകയും കൊഴുപ്പിനെ എരിച്ചുകളയാൻ സഹായിക്കുകയും ചെയ്യും. അതോടൊപ്പം കൊഴുപ്പ് ശരീരത്തിൽ അടിയുന്നത് തടയും.
ബസുമതി അരി
വെള്ള അരിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഗ്ലൈസമിക് ഇൻഡക്സ് വളരെ കുറവാണ് ഇവയ്ക്ക്. അതായത് ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടില്ലെന്ന് സാരം. ഇത്തരത്തിൽ ഗ്ലൈസമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങൾ കൊഴുപ്പ് കുറക്കാൻ വളരെ എളുപ്പത്തിൽ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കാനും.
പുഴുങ്ങലരി
സാധാരണ വെള്ളരിയേക്കാൾ ഇവയിൽ ഫൈബറും പോഷകങ്ങളും വളരെ അധികമാണ്. അതുകൊണ്ട് തന്നെ ഇവ കഴിക്കുന്നത് ദഹനം വേഗത്തിലാക്കുകയും വയറിന് പൂർണത അനുഭവപ്പെടാൻ സഹായിക്കുകയും ചെയ്യും. മാത്രമല്ല വെള്ളരിയുമായി താരതമ്യം ചെയ്യുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കാനും ഇവ ഉത്തമമാണ്.
ഇനി ഇതിൽ നിന്നെല്ലാം ഏറ്റവും നല്ലത് ഏതെന്ന് ചോദിച്ചാൽ അത് തവിട്ടരിയും കറുത്ത അരിയുമാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന നാരുകളും പോഷകങ്ങളും തന്നെയാണ് ഇതിന് കാരണം. മാത്രമല്ല വിശപ്പ് കുറക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യും. എന്ന് വെച്ച് ചോറ് അമിതമായി കഴിച്ചത് കൊണ്ട് കാര്യമുണ്ടാകില്ല കേട്ടോ. കുറഞ്ഞ അളവിൽ കഴിച്ചത് കൊണ്ട് മാത്രമേ ഗുണമുണ്ടാകു.












Click it and Unblock the Notifications