ചിയ വെള്ളം അതിരാവിലെ കുടിച്ചാൽ ശരീരത്തിലെ കൊഴുപ്പ് കുറയുമോ? ഇതാണ് യഥാർത്ഥ്യം
പോഷക ഗുണങ്ങൾക്ക് പേരുകേട്ട കുഞ്ഞൻ വിത്താണ് ചിയ. തടി കുറക്കാനുള്ള യാത്രയിൽ പലരും ചിയ വിത്തുകൾ ഉൾപ്പെടുത്താറുണ്ട്. ചിലർ ഓട്സിനൊപ്പമൊക്കെയായിരിക്കും ചിയ വിത്തുകൾ കുടിക്കാറുള്ളത്. ചിലരാകട്ടെ ചിയ വിത്തുകൾ കുതിർത്ത വെള്ളം കുടിച്ചാകും തങ്ങളുടെ ദിവസം തുടങ്ങുന്നത്. ഇത്തരത്തിൽ വെള്ളം കുടിക്കുന്നതൊക്കെ ശരിക്കും തടി കുറക്കാനും ശരീരത്തിലെ കൊഴുപ്പകറ്റാനുമൊക്കെ നിങ്ങളെ സഹായിക്കുമോ? ഫിറ്റ്നസ് കോച്ചായ റാൽസ്റ്റൺ ഡിസൂസ അടുത്തിടെ ഇത് സംബന്ധിച്ച് തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. അദ്ദേഹം പറഞ്ഞ കാര്യങ്ങൾ തീർച്ചയായും നിങ്ങളെ അത്ഭുതപ്പെടുത്തും.
ആദ്യം മനസിലാക്കേണ്ട കാര്യം കൊഴുപ്പിനെ ഇല്ലാതാക്കാലും തടി കുറക്കലും തമ്മിൽ വ്യത്യസ്തമാണെന്നതാണ്. തടി കുറക്കൽ എന്നത് ശരീരഭാരം മൊത്തത്തിൽ കുറക്കലാണ്. അതേസമയം കൊഴുപ്പ് ഇല്ലാതാക്കുകയെന്നാൽ ശരീരത്തിലെ കൊഴുപ്പിനെ എരിച്ച് കളയുകയെന്നതും. എന്തായാലും ജീവിതശൈലിയിൽ മറ്റൊരു മാറ്റവും വരുത്താതെ ചിയ വിത്തുകൾ മാത്രം കുടിച്ചാൽ ശരീരത്തിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്ന് സ്വപ്നത്തിൽ പോലും കരുതേണ്ടെന്നാണ് റാൽസ്റ്റൺ പറയുന്നത്.

ചിയ വിത്തുകൾ വളരെ പോഷകപ്രദമാണ്. ഇവയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ചിയ വിത്തുകൾ കുടിക്കുന്നത് വയർ നിറഞ്ഞിരിക്കുന്നതായി തോന്നാൻ സഹായിക്കും. മാത്രമല്ല വലിയ വിശപ്പും അനുഭവപ്പെടില്ല. എന്നാൽ കലോറി കൂടുതലുള്ള ഭക്ഷണമാണ് ചിയ വിത്തുകളെന്ന് മറക്കരുത്. 100 ഗ്രാം ചിയ വിത്തിൽ 500 കലോറി അടങ്ങിയിട്ടുണ്ട്. ആരോഗ്യപ്രദമാണെങ്കിലും കഴിക്കുമ്പോൾ അളവിന്റെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സാരം. അതായത് എന്ത് കഴിക്കുമ്പോഴും അതിന്റെ കൂടെ ചിയ വിത്തുകൾ ചേർക്കരുതെന്ന് റാൽസ്റ്റൺ ഓർമ്മിപ്പിക്കുന്നു, അതുകൊണ്ട് ഒരു ഗുണവും ഉണ്ടാകില്ലെന്ന് മാത്രമല്ല, ചിലപ്പോൾ ദോഷവും ഉണ്ടായേക്കാം. ശരീരത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകണമെങ്കിൽ മൊത്തത്തിലുള്ള ഡയറ്റിൽ മാറ്റം വരുത്തണമെന്ന നിർദേശവും അദ്ദേഹം പങ്കുവെച്ചു.
ഇനി എന്തിനൊക്കെ ഒപ്പം ചിയ വിത്തുകൾ ഉൾപ്പെടുത്താമെന്ന നോക്കാം
ചിയ പുഡ്ഡിങ്
പാലിൽ കുതിർത്ത് ചിയ വിത്തുകൾ കഴിക്കാം. പാലിന്റെ രുചി നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ ഇഷ്ടമുള്ള രുചികൾ ചേർത്ത് കഴിക്കാം. കാപ്പിയോ, ചോക്ലേറ്റോ എന്തും ചേർക്കാം
ചിയ സ്മൂത്തി
നിങ്ങളുടെ ഏത് സ്മൂത്തിയിലും ചിയ വിത്തുകൾ ചേർത്ത് കഴിക്കാവുന്നതാണ്.
ചിയ സാലഡുകളും
ഓട്സ്, പഴം, പാൽ, ബദാം, ഈത്തപ്പഴം, തേൻ എന്നിവയ്ക്കൊപ്പം ചിയ വിത്തുകൾ ചേർക്കാം. ആരോഗ്യപ്രദം മാത്രമല്ല ഇവ നല്ല രുചികരവുമായിരിക്കും.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications