ശരീരഭാരം പെട്ടെന്ന് കുറയ്ക്കാനുള്ള വഴികള്‍ തേടിപ്പോകല്ലേ..!! പ്രത്യാഘാതം ഗുരുതരം
തടി അല്ലെങ്കില്‍ അമിതഭാരം കുറയ്ക്കുക എന്നത് പലരും ലക്ഷ്യമിടുന്ന ഒന്നാണ്. ഇതിനായി പല മാര്‍ഗങ്ങളും നിലവിലുണ്ടുതാനും. എന്നാല്‍ സോഷ്യല്‍ മീഡിയ വലിയ സ്വാധീനം ചെലുത്തുന്ന ഈ കാലത്ത് അശാസ്ത്രീയമായ പല വഴികളും ഇന്ന് ശരീരഭാരം കുറയ്ക്കുന്നതിനായി നിലവിലുണ്ട്. ഇവയില്‍ പലതും നിങ്ങളുടെ ആരോഗ്യത്തിന് മോശം ഫലമായിരിക്കും നല്‍കുക എന്ന് ഓര്‍ക്കേണ്ടതാണ്.
ജോലിക്ക് വേണ്ടിയാണെങ്കിലും ശരീരഭാരം കുറയ്ക്കാന്‍ വേണ്ടിയാണെങ്കിലും സ്ഥിരോത്സാഹവും ക്ഷമയും ആവശ്യപ്പെടുന്ന ഒരു പ്രക്രിയയാണ് ശരീരഭാരം കുറയ്ക്കല്‍. പതിവായി വ്യായാമം ചെയ്യുക, 'ക്രാഷ് ഡയറ്റ്' അല്ലെങ്കില്‍ പ്രതിദിനം 800 കലോറിയില്‍ താഴെയുള്ള വളരെ കുറഞ്ഞ കലോറി ഭക്ഷണക്രമം പാലിക്കുക എന്നിവയാണ് ആളുകള്‍ വേഗത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രണ്ട് വഴികള്‍.

എന്നാല്‍ വളരെ വേഗത്തില്‍ ശരീരഭാരം കുറയ്ക്കുക എന്ന് പറയുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണ്. നിങ്ങള്‍ കുറഞ്ഞ അളവില്‍ മാത്രം കലോറി ശരീരത്തില്‍ എത്തിച്ച് തുടങ്ങുമ്പോള്‍ ശരീരം ഗ്ലൈക്കോജന്‍ ഊര്‍ജ്ജ ശേഖരം ഉപയോഗിക്കാന്‍ തുടങ്ങുമെന്ന് ഹെല്‍ത്ത്ലൈന്‍ പറയുന്നു. ശരീരത്തിലെ ഗ്ലൈക്കോജന്‍ വെള്ളവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ നിങ്ങളില്‍ നിര്‍ജലീകരണം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.
പെട്ടെന്ന് ശരീരഭാരം കുറയ്ക്കുന്നത് വഴി അനുഭവപ്പെടാന്‍ മറ്റ് ബുദ്ധിമുട്ടുകള്‍ ഏതൊക്കെയാണ് എന്ന് നോക്കാം. നിങ്ങള്‍ കുറഞ്ഞ കലോറി ഭക്ഷണക്രമം പിന്തുടരുകയും ഭാരം വേഗത്തില്‍ കുറയുകയും ചെയ്യുന്നുവെങ്കില്‍ രീരഭാരം കുറയുന്നത് നിങ്ങളുടെ പേശികളില്‍ നിന്നാകാന്‍ സാധ്യതയുണ്ട്. ഒരു നിശ്ചിത ഘട്ടത്തിനുശേഷം, പേശികളുടെ നഷ്ടവും കുറഞ്ഞ കലോറി ഭക്ഷണവും കാരണം ശരീരം മെറ്റബോളിസത്തെ മന്ദഗതിയിലാക്കും
കുറഞ്ഞ കലോറി ഭക്ഷണക്രമം പിന്തുടരുന്നത് പോഷകാഹാരക്കുറവിനും കാരണമായേക്കാം എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. കുറഞ്ഞ കലോറി ഉപഭോഗം ഫോളേറ്റ്, ഇരുമ്പ്, വിറ്റാമിന്‍ ബി 12 എന്നിവയുടെ അളവ് കുറയ്ക്കുന്നതിന് കാരണമാകും. ഇത് കാരണം മുടികൊഴിച്ചില്‍, അമിതമായ ക്ഷീണം, പ്രതിരോധശേഷി കുറയല്‍ തുടങ്ങിയവ അനന്തരഫലങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരും.
പെട്ടെന്ന് കലോറിയും പഞ്ചസാരയും കുറയ്ക്കുമ്പോള്‍ നമ്മുടെ ഹോര്‍മോണുകളുടെ അളവ് മാറുന്നു ഇത് ഭക്ഷണത്തിന്റെ ആവശ്യകത വര്‍ധിപ്പിക്കുന്നു. പിത്തസഞ്ചിയിലെ കല്ലുകള്‍ വേഗത്തില്‍ ശരീരഭാരം കുറയുന്നതിന്റെ അനന്തരഫലമായി സംഭവിക്കാറുണ്ട്. പിത്തസഞ്ചി സാധാരണയായി സ്രവിക്കുന്ന ദഹനരസങ്ങള്‍ കൊഴുപ്പുള്ള ഭക്ഷണങ്ങളെ വിഘടിപ്പിക്കാന്‍ സഹായിക്കുന്നു.
ആവശ്യത്തിന് ഭക്ഷണം കഴിക്കുന്നില്ലെങ്കില്‍ ദഹനരസത്തിനുള്ളിലെ ഘടകങ്ങള്‍ കൂടിച്ചേര്‍ന്ന് അല്‍പനേരം ഇരിക്കുമ്പോള്‍ പിത്തസഞ്ചിയില്‍ കല്ലുകള്‍ ഉണ്ടാകാം. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ജീവിതശൈലിയില്‍ ദീര്‍ഘകാലാടിസ്ഥനത്തിലുള്ളതും സമഗ്രമായതുമായ ക്രമീകരണം നടത്തണം.












Click it and Unblock the Notifications