സെലിബ്രിറ്റികളുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളിലെ ഫൈവ് സ്റ്റാര്‍ മെനു; കേട്ടാല്‍ അമ്പരക്കും: മെനുവില്‍ ഇല്ലാത്തത്
ഇന്ത്യയിലെ ഏറ്റവും സമ്പന്നരുടെയും സെലിബ്രിറ്റികളുടെയും മക്കള്‍ പഠിക്കുന്ന സ്‌കൂള്‍. അവരില്‍ ഷാരൂഖ് ഖാന്റെയും കരീന കപൂറിന്റെയും ഐശ്വര്യ റായിയുടെയുമൊക്കെ മക്കള്‍ ഉള്‍പ്പെടും. മുംബൈയിലെ ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് രാജ്യത്തെ ഏറ്റവും പ്രശസ്തരായ സ്‌കൂള്‍ കുട്ടികള്‍ പഠിക്കുന്നത്. 2003 ല്‍ അംബാനി കുടുംബം ആരംഭിച്ച സ്‌കൂളിലെ ഓരോ വിശേഷങ്ങളും വലിയ വാര്‍ത്തയാകാറുണ്ട്. നിത അംബാനിയാണ് സ്‌കൂളിന്റെ ചെയര്‍പേഴ്‌സണ്‍.
മുംബൈയുടെ ഹൃദയ ഭാഗമായ ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലാണ് ധീരുഭായ് അംബാനി സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. ഉയര്‍ന്ന അക്കാദമിക് നിലവാരത്തിനും ആധുനിക സൗകര്യങ്ങള്‍ക്കും ആഗോളതലത്തില്‍ പ്രശസ്തമാണ് ഈ സ്‌കൂള്‍. സാധാരണക്കാരന് അടുക്കാന്‍ പോലും പറ്റാത്ത ഫീസാണ് ഇവിടെയുള്ളത്.

ഇന്ത്യയിലെ ഏറ്റവും മികച്ച അന്താരാഷ്ട്ര സ്‌കൂളുകളില്‍ ഒന്നായി സ്ഥിരം റാങ്ക് ചെയ്യപ്പെടുന്ന സ്‌കൂള്‍ കൂടിയാണ് ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂള്‍. ഇവിടുത്തെ വാര്‍ഷിക ആഘോഷങ്ങള്‍ എല്ലായ്‌പ്പോഴും ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ കവരാറുണ്ട്. അതിനു കാരണം മറ്റൊന്നുമല്ല, സെലിബ്രിറ്റികളുടെ മക്കളാണ് പരിപാടികളില്‍ പങ്കെടുക്കുന്നത്. അടുത്തിടെ സ്‌കൂള്‍ വാര്‍ഷികത്തില്‍ ഐശ്വര്യ റായിയുടെ മകള്‍ ആരാധ്യ ബച്ചന്‍ അവതരിപ്പിച്ച നാടകം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഇനി ഈ സ്‌കൂളിന്റെ സവിശേഷതകളിലേക്കു വരാം. ഇവിടെ ആര്‍ക്കും ടിഫിന്‍ ബോക്‌സ് കൊണ്ടുപോകേണ്ടതില്ല. മാതാപിതാക്കള്‍ക്ക്, പ്രത്യേകിച്ച് സെലിബ്രിറ്റികള്‍ക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള ജോലികളില്‍ ഒന്നാണ് അതിരാവിലെ എഴുന്നേറ്റ് ഭക്ഷണം ഉണ്ടാക്കി കുട്ടികളെ സ്‌കൂളില്‍ അയയ്ക്കുക എന്നത്.
എന്നാല്‍ ഇവിടെ കുട്ടികളെ ഭക്ഷണം കഴിപ്പിക്കുന്നത് സ്‌കൂളുകാരുടെ ഉത്തരവാദിത്തമാണ്. പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവുമൊക്കെ സ്‌കൂളില്‍ നിന്നു തന്നെ നല്‍കും. ഇന്ത്യയിലെ ഏറ്റവും വലിയ സെലിബ്രിറ്റികളുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളായതിനാല്‍ ഇവിടുത്തെ ഫൈവ് സ്റ്റാര്‍ ഭക്ഷണ മെനു അറിയാന്‍ എല്ലാവര്‍ക്കും താല്‍പര്യമുണ്ടാകും.
ആധുനിക കാറ്ററിങ് സൗകര്യങ്ങളുള്ള സ്‌കൂളില്‍ കുട്ടികളുടെ ആരോഗ്യത്തിന് മുന്‍തൂക്കം നല്‍കി, ഏറ്റവും ഉന്നത നിലവാരത്തിലുള്ള ഭക്ഷണമാണ് തയാറാക്കുന്നത്. കുട്ടികളുടെ ആരോഗ്യവും പോഷകാഹാരവും പൂര്‍ണമായും സ്‌കൂളിന്റെ ഉത്തരവാദിത്തമാണ്. പോഷകാഹാര വിദഗ്ധരാണ് ഭക്ഷണം ആസൂത്രണം ചെയ്യുന്നതും തയാറാക്കുന്നതും. ഓരോ കുട്ടിക്കും അനുയോജ്യമായ രീതിയില്‍ സമീകൃതവും പോഷക സമൃദ്ധവുമായ ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പുവരുത്തും.
തലച്ചോര്‍ പ്രവര്‍ത്തിക്കുന്നതിനും ശരീരത്തിനും ആവശ്യമായ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. ഇത് വിദ്യാര്‍ത്ഥികളെ ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലരായിരിക്കാനും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കുന്നു. ജങ്ക് ഫുഡ്ഡില്‍ നിന്നും ഇവരെ സ്‌കൂള്‍ ദിനങ്ങളില്‍ അകറ്റി നിര്‍ത്തുന്നു.
ഈ പ്രശസ്തമായ സ്‌കൂളിലെ കാന്റീനില്‍ ഭക്ഷണ മെനു ആസൂത്രണം ചെയ്തിട്ടുള്ളത്. സെലിബ്രിറ്റി ഷെഫായ സഞ്ജീവ് കപൂര്‍ ആണ്. പൂര്‍ണമായും സസ്യാഹാരമാണ് ഇവിടെ വിളമ്പുന്നത് എന്നത് ഏറ്റവും കൗതുകകരമായ കാര്യമാണ്. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക്, പരിപ്പ് പച്ചക്കറികള്‍ എന്നിവ ഉള്‍പ്പെടുത്തിയ ലളിതവും ആരോഗ്യകരവുമായ ഭക്ഷണമാണ് നല്‍കുന്നത്. പ്രഭാത ഭക്ഷണത്തിന് ദക്ഷിണേന്ത്യന്‍ വിഭവങ്ങളുമുണ്ട്. പഴങ്ങള്‍ ഡ്രൈഫ്രൂട്ട്‌സ് എന്നിവ ഉള്‍പ്പെടുത്തിയതാണ് ഭക്ഷണ മെനു. സ്‌കൂളില്‍ സലാഡുകള്‍ക്കായി ഒരു വലിയ കൗണ്ടറും ഉണ്ട്.












Click it and Unblock the Notifications