തടി കുറക്കാൻ പരീക്ഷണങ്ങൾ ചെയ്ത് മടുത്തോ?; ബനാന ഡയറ്റ് ചെയ്ത് നോക്കൂ, ഇങ്ങനെ കഴിക്കാം
തടി കുറക്കാനായി എന്ത് പരീക്ഷണത്തിനും തയ്യാറാകുന്നവരാണ് നമ്മളിൽ പലരും. ജ്യൂസുകൾ,സാലഡ്, ചായകൾ തുടങ്ങി പലതും പരീക്ഷിച്ച് മടുത്തവരും ഇക്കൂട്ടത്തിൽ ഉണ്ടാകും. ചിലരാകട്ടെ ഭക്ഷണം പാടെ ഉപേക്ഷിച്ചുള്ള രീതികളും പരീക്ഷിച്ചിട്ടുണ്ടാകും. ഇങ്ങനെ പരീക്ഷണങ്ങൾ നടത്തി മടുത്തവരെങ്കിൽ ഇനിയൊന്ന് 'ബനാന ഡയറ്റ്' ചെയ്ത് നോക്കിയാലോ? ജപ്പാനീസ് രീതിയിലുള്ള ഈ ഭക്ഷണക്രമം വലിയ രീതിയിൽ ആളുകൾ പരീക്ഷിച്ച് തുടങ്ങിയിട്ടുണ്ട്.
വളരെ എളുപ്പത്തിൽ പിന്തുടരാനാകുമെന്നത് കൊണ്ട് തന്നെ ബനാന ഡയറ്റിന് അന്താരാഷ്ട്ര തലത്തിൽ തന്നെ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ഈ ഡയറ്റ് പ്രകാരം നമ്മുടെ ദിവസം തുടങ്ങുന്നത് തന്നെ വാഴപ്പഴം കഴിച്ചുകൊണ്ടായിരിക്കും. അതായത് വയറ് നിറയാൻ പാകത്തിൽ ഒരു 4 പഴം വരെ കഴിയ്ക്കാം. വാഴപ്പഴത്തിനൊപ്പം തന്നെ നന്നായി വെള്ളവും കഴിക്കണം.

മാത്രമല്ല സമീകൃത ഉച്ചഭക്ഷണവും അത്താഴവും കഴിക്കണമെന്നാണ് പറയുന്നത്. ഈ ഡയറ്റ് പിന്തുടരുമ്പോൾ അത്താഴത്തിനും രാത്രി 8 മണിക്ക് ശേഷം ലഘുഭക്ഷണം കഴിക്കരുതെന്നാണ് പറയുന്നത്.ഭക്ഷണത്തിന് ശേഷം മധുരപലഹാരങ്ങളും ഒഴിവാക്കണം. പകൽ സമയത്ത് പാൽ, മദ്യം, കഫീൻ എന്നിവ ഒഴിവാക്കണം.ഉറക്കത്തിന് മുൻഗണന നൽകണമെന്നും പറയുന്നു. നാരുകളാലും അവശ്യ പോഷകങ്ങളാലും സമ്പന്നമാണ് നേന്ത്രപ്പഴം. ഇവ രാവിലെ കഴിക്കുന്നത് ഊർജം നേടാൻ സഹായിക്കുന്നു. എപ്പോഴും വയർ നിറഞ്ഞിരിക്കുന്നതായി തോന്നുകയും ചെയ്യും.
അതേസമയം പഴം കഴിക്കുന്നത് ആരോഗ്യപ്രദമെങ്കിലും ഈ ഡയറ്റ് പിന്തുടരുമ്പോൾ അത് പലരിലും വ്യത്യസ്ത ഫലം ഉണ്ടാക്കാമെന്നാണ് വിദഗ്ദർ നൽകുന്ന മുന്നറിയിപ്പ്. പ്രഭാതഭക്ഷണത്തിന് പഴം മാത്രം കഴിക്കുമ്പോൾ ശരീരത്തിന് ആവശ്യമായ പ്രോട്ടീനും മറ്റ് ഘടകങ്ങളും ലഭിച്ചേക്കില്ല. ആരോഗ്യകരമായ രീതിയിൽ ശരീരഭാരം കുറയ്ക്കണമെങ്കിൽ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവയെല്ലാം ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ടെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.
ചുരുക്കത്തിൽ രാവിലത്തെ ബനാന ഡയറ്റ്, അമിതവണ്ണ നിയന്ത്രണം, പോഷകഗുണമുള്ള ഭക്ഷണങ്ങളുടെ ഉപഭോഗം എന്നിവ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും മറ്റ് ഏത് ഡയറ്റുകളും പോലെ തന്നെ ഒരാളുടെ ജീവിത ശൈലിയുടേയും മെറ്റബോളിസത്തിന്റേയുമെല്ലാം അടിസ്ഥാനത്തിലായിരിക്കും ഡയറ്റ് വിജയിക്കുക. കൃത്യമായ വ്യായാമവും ഭക്ഷണക്രമവുമെല്ലാം ദീർഘകാല വിജയത്തിന് അനിവാര്യമാണ്. ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം ഏത് ഡയറ്റ് നിങ്ങൾ ഫോളോ ചെയ്യുമ്പോഴും ആരോഗ്യ വിദഗ്ദരുടേയും ന്യൂട്രീഷനിസ്റ്റുകളുടേയുമെല്ലാം കൃത്യമായ നിർദ്ദേശം സ്വീകരിക്കേണ്ടതുണ്ട്.












Click it and Unblock the Notifications