ചോദിച്ചത് മുഴുവൻ വാങ്ങിക്കൊടുക്കല്ലേ, കുട്ടികളുടെ ഭക്ഷണ കാര്യത്തിൽ ശ്രദ്ധ വേണം
കുറച്ചു മുതിർന്നയാളുകളുടെ ആരോഗ്യത്തെപ്പോലെ കുട്ടികളുടെ ഡയറ്റിനെപ്പറ്റി പലപ്പോഴും നമ്മളത്ര ചിന്തിക്കാറില്ല. കാരണം ചെറിയ കുട്ടികളല്ലേ, അവർക്ക് എന്തും കൊടുക്കാമല്ലോ എന്നതാണ് നമ്മളിൽ പലരുടെയും ചിന്ത. കുട്ടികൾക്കിഷ്ടം മിക്കപ്പോഴും പ്രൊസസ്ഡ് ഭക്ഷണങ്ങളും മധുരവും കഫീനും കൂടിയ ശീതള പാനിയങ്ങളും ആയിരിക്കും. പരസ്യങ്ങളിൽെ അതിന്റെ ആരോഗ്യ ഗുണങ്ങൾ എന്നൊക്കെ പറഞ്ഞ് പലതും കാണിയ്ക്കും. നമ്മളത് വാങ്ങിക്കൊടുക്കും. എന്നാൽ കുട്ടികളുടെ ഡയറ്റിൽ നല്ല പോലെ ശ്രദ്ധിച്ചാൽ മാത്രമേ ഭാവിയിലും അവർ ആരോഗ്യമുള്ളവരായിരിക്കൂ.
കുട്ടികൾ കഴിക്കുന്നതോ അവർക്കിഷ്ടമുള്ളതോ ആയ ഭക്ഷണം കൊടുക്കുന്നതല്ല, അവർക്ക് ശരീരത്തിനാവശ്യമായ ഭക്ഷണം നൽകുന്നതാണ് ശരിയായ രീതി. കുട്ടികൾ നമ്മളേക്കാൾ ഫിസിക്കലി ആക്ടീവ് ആയിരിക്കും. കൂട്ടുകാരോടൊപ്പം കളിച്ചും ഓടിയും ചാടിയും നടക്കും. അവരുടെ ബുദ്ധി വികാസം നടക്കുന്ന സമയമായിരിക്കാം. പല്ലിന്റെ ആരോഗ്യവും പ്രധാനമാണ്. അപ്പോൾ കുട്ടികൾക്ക് ചെറുപ്പത്തിൽ ഭക്ഷണത്തിൽ ശീലമാക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ നോക്കാം.

ചെറുപ്പം മുതലേ കുട്ടികൾക്ക് ബെറികൾ നൽകണം. ബ്ലൂബറി, സ്ട്രോബെറി, റാസ്ബെറി എന്നിവ കുട്ടികളുടെ ശരീരത്തിന് വളരെ ആവശ്യമാണ്. ആന്റി ഓക്സിഡന്റുകളുടെയും വിറ്റാമിനുകളുടെയും ഫൈബറിന്റെയും കലവറയാണ് ബെറിപ്പഴങ്ങൾ. അതു പോലെ തന്നെ പച്ചക്കറികളും ഇലക്കറികളും ഡയറ്റിൽ നിർബന്ധമായും ഉൾപ്പെടുത്തിയിരിക്കണം. എല്ലാത്തരം പച്ചക്കറികളും നൽകണം. ഇലക്കറികളിൽ പൊതുവേ വിറ്റാമിൻ കെ, ഓറഞ്ച് അല്ലെങ്കിൽ ചുവപ്പ് നിറമുള്ളവയിൽ വിറ്റാമിൻ എ, കുരുമുളകിൽ വിറ്റാമിൻ സി, കാബേജിലും കോളിഫ്ലവറിലും വയറിനാവശ്യമായ ബാക്ടീരിയകൾ എന്നിവ അടങ്ങിയിട്ടുണ്ട്.
നട്സും പ്രധാനപ്പെട്ട സീഡ് ഇനങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. പൊതുവേ കുട്ടികൾ നട്സ് കഴിക്കുമെങ്കിലും സീഡ്സ് നമ്മൾ കൊടുക്കാറില്ല. ചിയ സീഡ്സ്, ഫ്ലാക്സ് സീഡ്സ്, സൺഫ്ലവർ സീഡ്സ് തുടങ്ങിയ വിത്തുകൾ കുട്ടികൾക്ക് ജ്യൂസിലിട്ടോ പാലിൽ ചേർത്ത് ഹെൽത്ത് ഡ്രിങ്ക് ആയോ നൽകാം. പാലും മുട്ടയും കുട്ടികൾക്ക് നൽകേണ്ട ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പ്രധാനപ്പെട്ടവ തന്നെയാണ്.
6 മാസം മുതൽ 6 വയസു വരെ പ്രായമായ കുട്ടികൾക്ക് മധുരക്കിഴങ്ങ് നൽകുന്നത് അവരുടെ ആരോഗ്യത്തിന് വളരെ ഗുണകരമാണ്. വിറ്റമിൻ, ഫൈബർ, പൊട്ടാസ്യം, എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കുട്ടികളുടെ ഹൃദയാരോഗ്യത്തെ സംരക്ഷിക്കുമെന്നാണ് പറയപ്പെടുന്നത്.
എല്ലാ പഴവർഗങ്ങളും കുട്ടികൾക്ക് നൽകണം. അവക്കാഡോ ഉറപ്പായും കുട്ടികളുടെ ഡയറ്റിൽ ഉളപ്പെടുത്തേണ്ടുന്ന ഒന്നാണ്. മോണോ സാച്ചുറേറ്റഡ് ഫാറ്റിന്റെ കലവറയാണ് അവക്കാഡോ. ഇത് ഇൻഫ്ലമേഷൻ കുറയ്ക്കാനും കുട്ടികളിലെ കൊളസ്ട്രോൾ ലെവൽ കുറയ്ക്കാനും സഹായിക്കും.












Click it and Unblock the Notifications